പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ എത്ര കൊലകള്‍... അപ്പോള്‍ പിണറായി മുഖ്യമന്ത്രി ആയാലോ? രമയുടെ സംശയം
കോഴിക്കോട്: കേരളത്തില്‍ അടുത്തകാലത്ത് ഏറ്റവും ചര്‍ച്ചയായ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണങ്ങളില്‍ ഒന്നായിരുന്നു ഒഞ്ചിയത്തെ വിമത സിപിഎംകാരുടെ ആര്‍എംപി രൂപീകരണം. എന്നാല്‍ ആര്‍എംപി രൂപീകരിച്ച ടിപി ചന്ദ്രശേഖരന്‍ പിന്നീട് അതി ക്രൂരമായി കൊല്ലപ്പെട്ടു.
ആ കൊലപാതകത്തില്‍ പിടിയിലായവരും ശിക്ഷിയ്ക്കപ്പെട്ടവരും എല്ലാം തന്നെ സിപിഎം ബന്ധം ഉള്ളവരായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവും ആയ കെകെ രമ ആരോപിയ്ക്കുന്നത്. ആ ആരോപണത്തില്‍ നിന്ന് അവര്‍ ഇതുവരെ പിന്‍മാറിയിട്ടില്ല.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ കെകെ രമ മത്സരിയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കില്‍ ആ മണ്ഡലത്തില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ? എന്തായാലും പിണറായിക്കെതിരെ മത്സരിയ്ക്കാന്‍ രമയ്ക്ക് താത്പര്യക്കുറവൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയനെ എല്ലാക്കാലത്തും എതിര്‍ക്കും എന്ന നിലപാടിലാണ് കെകെ രമ.
പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്താണ് കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതെന്ന് രമ ആരോപിയ്ക്കുന്നു. അങ്ങനെയുള്ള പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്നാണ് രമയുടെ ചോദ്യം.
പിണറായിയെഎന്നും എതിര്‍ക്കും. അത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ എന്നാണ് രമയുടെ പക്ഷം. പക്ഷേ അക്കാര്യം ജനങ്ങളും പാര്‍ട്ടിയും ആണ് തീരുമാനിയ്‌ക്കേണ്ടത് എന്നും കെകെ രമ പറയുന്നു.
നിലവില്‍ ആര്‍എംപി ഏതെങ്കിലും മുന്നണി സംവിധാനത്തിന്റെ ഭാഗമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചില നീക്കുപോക്കുകള്‍ ഉണ്ടായിരുന്നു. പിണറായി വിജയനോടുള്ള ദേഷ്യമൊന്നും കെകെ രമയ്ക്കും ആര്‍എംപിയ്ക്കും വിഎസ് അച്യുതാനന്ദനോടില്ല. പിണറായി മത്സരിയ്ക്കുന്ന മണ്ഡലത്തില്‍ വിഎസ് പ്രചാരണത്തിനെത്തിയാല്‍ എന്ത് സംഭവിയ്ക്കും എന്നുകൂടി കാത്തിരുന്ന് കാണാവുന്നതാണ്.












Click it and Unblock the Notifications