രാജിവച്ചത് 'കെ ബാബുവല്ല'; ഉമ്മന്‍ ചാണ്ടിയുടെ മന:സാക്ഷി
ബാര്‍ കോഴ കേസില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് രണ്ട് മന്ത്രിമാര്‍ക്ക്. അതും രണ്ട് പ്രബലര്‍ക്ക്.
കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് കെ ബാബു. കടുത്ത പ്രതിസന്ധിയിലും കെഎം മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് നിന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് കെ ബാബുവിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ബാര്‍ വിഷയത്തില്‍ കെഎം മാണി ഒരു കക്ഷിയേ ആയിരുന്നില്ല തുടക്കത്തില്‍. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഒരു പക്ഷത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എതിര്‍പക്ഷത്തും ആയിരുന്നു. ബാറുകളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ ബാര്‍ നിരോധനത്തിലേയ്ക്കാണ് എത്തിയത്.
കെ ബാബുവിനേക്കാള്‍ ബാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു കൂടുതല്‍ താത്പര്യമെടുത്തത്. മാണിയ്‌ക്കെതിരെ ബിജു രമേശ് അഴിമതി ആരോപണം തുറന്ന് വിട്ടപ്പോള്‍ തന്നെ അണിയറിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും ബാബുവിനും എതിരെ ചില നീക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കത്തിലൂടെ അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് വിജിലന്‍സ് കോടതിയുടെ നിര്‍ണായക വിധിവരുന്നത്.
മന്ത്രിസഭ രൂപീകരണവേളയില്‍ നിര്‍ണായകമായ എക്‌സൈസ് വകുപ്പ് ആര്‍ക്ക് നല്‍കും എന്ന ആശയക്കുഴപ്പം ഉമ്മന്‍ ചാണ്ടിയ്ക്കുണ്ടായിരുന്നു. തന്റെ വിശ്വസ്തനായ കെ ബാബുവിനെയാണ് ഒടുവില്‍ ആ ചുമതല ഏല്‍പിച്ചതും. അതും ബാബുവിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ട് തന്നെ.
എത്ര വലിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിപ്പോരുകയും സംരക്ഷിയ്ക്കുകയും ചെയ്തിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് തന്റെ വിശ്വസ്തന്റെ കാര്യത്തില്‍ മാത്രം കണക്കുകള്‍ തെറ്റി. അതും തിരഞ്ഞെടുപ്പിന് വെറും മൂന്ന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ഈ രാജി സത്യത്തില്‍ കെ ബാബുവിന്റെ മാത്രം രാജിയല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മന:സാക്ഷിയുടെ രാജി കൂടിയാണ്.












Click it and Unblock the Notifications