ആം ആദ്മിയുടെ വിജയം, സിപിഎമ്മിനുള്ള പാഠം
വിക്കി പീഡിയിയില്‍ പറയുന്നത് പ്രകാരം സിപിഐ എന്ന പാര്‍ട്ടി രൂപീകരിച്ചത് 1925 ഡിസംബര്‍ 26 നാണ്. സിപിഎമ്മിന് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും വികി പീഡിയ പറയുന്നു. എന്തായാലും സിപിഐ ഉണ്ടായി ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് സിപിഎം ഉണ്ടായത്. 1964 ല്‍ സിപിഐ പിളര്‍ത്തിക്കൊണ്ടാണ് സിപിഎം ഉണ്ടാകുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം പറയാനല്ല ഉദ്ദേശിച്ചത്. ഈ പാര്‍ട്ടികളൊക്കെ ഉണ്ടായിട്ട് വര്‍ഷം എത്രയായി എന്നൊന്ന് ഓര്‍പ്പിച്ചതാണ്.
2012 നവംബര്‍ 26 ന് രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി ദില്ലി തിരഞ്ഞെടുപ്പില്‍ കാണിച്ച പ്രഭാവം എന്ത് കൊണ്ട് ഇത്രയും കാലം കൊണ്ട് ഇവിടത്തെ അടിസ്ഥാന വര്‍ഗ്ഗ പാര്‍ട്ടികളായ സിപിഐയും സിപിഎമ്മും കാണിച്ചില്ല? പ്രകാശ് കാരാട്ടോ സുധാകര്‍ റെഡ്ഡിയോ മാത്രം ഉത്തരം നല്‍കേണ്ട ചോദ്യങ്ങളല്ല ഇത്.

ദില്ലിയില്‍ എന്തായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ തുരുപ്പ് ചീട്ട് ? കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പ് കേടും അഴിമതിയും പിന്നെ ജനങ്ങളെ വലക്കുന്ന വിലക്കയറ്റവും. സിപിഎമ്മും സിപിഐയും പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെ ഇടത് പക്ഷം ഇത്ര നാളായി പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവ. എന്നിട്ടും എന്ത്‌കൊണ്ട് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ഈ പാര്‍ട്ടികള്‍ ഒതുങ്ങിപ്പോയി.
പറയേണ്ട കാര്യങ്ങള്‍, പറയേണ്ടത് പോലെ പറയേണ്ട സമയത്ത് പറയണം എന്നാണല്ലോ പറയാറുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് മുന്നേറാന്‍ ഇവിടത്തെ ഇടത് പക്ഷത്തിന് കഴിയാതെ പോയത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം. അല്ലാത്ത പക്ഷം ദില്ലി മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഇടത് കൊടികള്‍ പാറിയേനെ.
ഇടത് പക്ഷം ആത്മാര്‍ത്ഥതയോടെ നിന്ന സമയങ്ങളിലൊക്കെ അവര്‍ക്ക് ജന പിന്തുണ കിട്ടിയിട്ടുണ്ട്. കേരളത്തിലും ത്രിപുരയും പശ്ചിമ ബംഗാളിലും ഭരണത്തിലെത്തിയത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെയാണ്. എന്നാല്‍ വീഴ്ചകള്‍ തിരുത്താതെ, ജനങ്ങളില്‍ നിന്ന് അകന്നപ്പോഴൊക്കെ ഇടത് പാര്‍ട്ടികള്‍ക്ക് ജനം നല്ല പണി കൊടുത്തിട്ടുമുണ്ട്. പശ്ചിമ ബംഗാള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.

സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഒരു പാട് അന്തരങ്ങളുണ്ട്. സിപിഎമ്മിനെ പോലെ പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങള്‍ എഎപിക്കില്ല. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് പ്രശ്‌നമല്ല. എന്നാല്‍ സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല.
നമ്മുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാതെ, തികച്ചും സാമ്പത്തികമായ ഒരു പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്നതാണ് കമ്യൂണിസ്റ്റ് രീതി. ഒരു ഘട്ടത്തില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും ഒക്കെ ശക്തമായ സാന്നിധ്യമായിരുന്ന പാര്‍ട്ടികളാണ് സിപിഎമ്മും സിപിഐയും. പക്ഷേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക അന്തരമാണ് ഈ പാര്‍ട്ടികളെ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് എപ്പോഴും അകറ്റി നിര്‍ത്തുന്നത്. ഇത്ര കാലമായിട്ടും തങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.
വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്ന ഇടത് രീതി തന്നെയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയും ഉപയോഗിച്ചത്. ഇടത് പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ സിപിഎം പറഞ്ഞാല്‍ ചെവി കൊടുക്കാത്ത ദില്ലി ജനത ആം ആദ്മി പാര്‍ട്ടി പറഞ്ഞപ്പോള്‍ ചെവികള്‍ തുറന്നു. ഒരു സാധാരണ നിയമസഭ തിരഞ്ഞെടുപ്പിനെ ചരിത്ര സംഭവമാക്കി.
അഴിമതിക്കും വിലക്കയറ്റത്തിനും എതിരെയാണ് ആം ആദ്മിയുടെ പോരാട്ടം. എന്നാല്‍ രാജ്യത്തിന് അത് മാത്രം പോര. വര്‍ഗ്ഗീയത അടക്കമുളള മറ്റ് വലിയ പ്രശ്‌നങ്ങള്‍ വേറേയും ഉണ്ട്. സിപിഎമ്മിനും ഇട്ത പാര്‍ട്ടികള്‍ക്കും ജനത്തോടൊപ്പം നില്‍ക്കുന്ന നിലപാടുകളും ഉണ്ട് ഇക്കാര്യങ്ങളില്‍. പക്ഷേ എന്ത് ചെയ്യാന്‍, ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഒരു പാര്‍ട്ടികാന്‍ ഇവര്‍ക്കൊന്നും കഴിയില്ല.
ആം ആദ്മി പാര്‍ട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ സിപിഎമ്മിനെപ്പറ്റി ലജ്ജയല്ലാതെ മറ്റെന്ത് തോന്നാന്‍.
വാല്‍ക്കഷ്ണം: ആം ആദ്മി പാര്‍ട്ടി തുടങ്ങിയിട്ടേ ഉള്ളൂ. നാളെ ഇത് കോണ്‍ഗ്രസ്സിനേക്കാള്‍ അധ:പതിക്കുമോ എന്ന് ആര് കണ്ടു












Click it and Unblock the Notifications