ഇന്ത്യൻ സൈന്യത്തിന്‍റെ മൂന്നിരട്ടിയുള്ള 'സൈന്യം'! ശക്തരാണ് മത്സ്യത്തൊഴിലാളികൾ... പക്ഷേ, ഇത് അറി‍യണം

Subscribe to Oneindia Malayalam

ഓഖി ചുഴലിക്കാറ്റില്‍ ഏറ്റവും അധികം ദുരിതം അനുഭവിച്ചതും നാശനഷ്ടങ്ങളും ജീവനഷ്ടങ്ങളും സഹിച്ചതും മത്സ്യത്തൊഴിലാളികളാണ്. ഇനിയും കണ്ടെത്താന്‍ ആകാത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അവര്‍ക്ക് ഏറെ പരിചിതമായ കടലില്‍ അവരിപ്പോഴും സുരക്ഷിതരായിത്തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഡാനി  എഴുതുന്നത്. കൂട്ടിച്ചേര്‍ക്കുകയോ, വെട്ടിക്കളയുകയോ ചെയ്യാതെ ഡാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് അതുപോലെ പ്രസിദ്ധീകരിക്കുകയാണ് ഞങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, ഏവരും വായിച്ചിരിക്കേണ്ടതും, കൈമാറേണ്ടതും ആയ വിവരങ്ങള്‍ ആണിവ....

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സജീവ സൈനിക ഉദ്യോഗസ്ഥർ ഉള്ള ഇന്ത്യൻ മിലിട്ടറി (1,362,500) യെക്കാളും വലിയ ഒരു സൈന്യമാണ് നമ്മുടെ ഇന്ത്യയിലെ മൽസ്യത്തൊഴിലാളികൾ. ഇവർ നമ്മുടെ തീരദേശ സേനയുമായി പല തലങ്ങളിലും പരോക്ഷമായി സേവനം നൽകിവരുന്നുണ്ട്. പ്രത്യേകിച്ചും തീരസുരക്ഷയുമായും സമുദ്രസംരക്ഷണവും വിവിധ പഠനങ്ങളുമായി ഇവർ നൽകിവരുന്ന സേവനം ശമ്പളമില്ലാതെയുള്ള സേവനമാണ്. 

നാല്‍പത് ലക്ഷത്തോളം

നാല്‍പത് ലക്ഷത്തോളം

ഏകദേശം 40 ലക്ഷത്തോളം പ്രത്യക്ഷ്യമായി മൽസ്യബന്ധന തൊഴിലാളികൾ നമ്മുടെ 7000 കിലോമീറ്റര് വരുന്ന സമുദ്രതീരത്തു പ്രവർത്തിക്കുന്നു. അതായത് ഇവരെ നിരത്തി നിർത്തിയാൽ ഒരു കിലോമീറ്ററിൽ ഏകദേശം 571 മനുഷ്യർ മൽസ്യത്തൊഴിലാളികൾ ആയി ഉണ്ട് എന്ന്. ഇവരെല്ലാം കൂടി ഒന്ന് ഒരു മാറ് വിരിച്ചു കൈ പിടിച്ചു നിന്നാൽ നമ്മുടെ സമുദ്ര തീരം മൊത്തം ഈ മൽസ്യബന്ധന തൊഴിലാളികളുടെ കൈകളിൽ ഉൾപെടും. പിന്നെ ഇതുകൂടാതെ ഏകദേശം ഒന്നര കോടിയോളം ജനങ്ങൾ മൽസ്യബന്ധന വ്യവസായവുമായി ബന്ധപെട്ടു ജോലിയെടുത്തു ജീവിക്കുന്നു. പറഞ്ഞുവന്നത് ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞ പോലെയാണ്.
ഇത് എല്ലാം കേട്ടിട്ടു രണ്ടു ലാർജ് അടിച്ച ഫീൽ ഉണ്ടല്ലോ. ചാർജ് ആയല്ലോ. ഇനി കാര്യത്തോട് കടക്കാം.

ദുരന്തം ഉണ്ടായാല്‍ മാത്രം ദുരന്ത നിവാരണം

ദുരന്തം ഉണ്ടായാല്‍ മാത്രം ദുരന്ത നിവാരണം

ദുരന്തം ഉണ്ടെങ്കിൽ മാത്രമേ ദുരന്ത നിവാരണം ഉള്ളൂ. ഈ രാജ്യത്തല്ല ഏതു രാജ്യത്തായാലും (ചിലപ്പോൾ ഇസ്രായേൽ ഒരു പക്ഷെ ഇതിൽ നിന്നും ഒരു പരിധി വരെ ഒഴിവാക്കാം. അവരുടെ പൗരന്മാരെ രക്ഷിക്കാൻ അവർ എത്ര വിലകൊടുത്തായാലും ശ്രമിക്കും) ഗവൺമെന്റുകൾ ദുരന്തം വരുന്നത് മുൻകൂട്ടി കണ്ടു എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും കുറച്ചു ആളുകൾ മരണപ്പെടും.
മൽസ്യത്തൊഴിലാളികൾ ആയ നമ്മുക്ക് അങ്ങനേയോ ഇങ്ങനെയോ ഉള്ള ദുരന്തങ്ങൾക്ക് നിരന്തരം ഇരയാകണോ?

കടല്‍ അത്ര സിംപിള്‍ അല്ല

കടല്‍ അത്ര സിംപിള്‍ അല്ല

ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ ഉള്ള ജോലിസ്ഥലം ആണ് മൽസ്യബന്ധനം. കരയിലെ കാർ, ബസ്, ട്രെയിൻ, ലോറി ഓടിക്കുന്നവർക്കുള്ള അപകട സാധ്യത നമ്മളെ അപേക്ഷിച്ചു കുറവാണ്. ഒരു അപകടം ഉണ്ടായാൽ അവരുടെ ജീവൻ രക്ഷിക്കാൻ മൽസ്യത്തൊഴിലാളിയെക്കാൾ സമയം കുറച്ചു മതി. ചെയുന്ന പണിക്കു ശമ്പളം ഉള്ള ജോലിയാണ് കരയിലെ പണി. കടലിലെ പണി കിട്ടുന്ന മീനിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെയിലി ബാറ്റ കിട്ടിയത് കൊണ്ട് കുടുമ്പം നടക്കില്ലലോ.

എങ്ങനെ അപകടം കുറയ്ക്കാം

എങ്ങനെ അപകടം കുറയ്ക്കാം

ശമ്പളത്തിന്റെ കാര്യം അവിടെ നിക്കട്ടെ. കടലിലുള്ള സഹജമായ അപകട സാധ്യത നേരിടാൻ മത്സ്യത്തൊഴിലാളി തയാറായാൽ ഒരു പരിധി വരെ എങ്ങനെ നമുക്ക് അപകടങ്ങൾ കുറക്കാം. എങ്ങനെയെന്ന് ഇപ്പോൾ തന്നെ വിശദമാക്കാം.
മൽസ്യത്തൊഴിലാളികൾ ആയ നമ്മൾ നമ്മുടെ ചുറ്റിനും സാങ്കേതികമായി വളരെയധികം പുരോഗതി നമ്മുടെ മൽസ്യബന്ധന രീതിയിൽ കൊണ്ട് വന്നിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും വലകളും മൽസ്യബന്ധ പ്രക്രീയകളും മുന്നോട്ടു പോയിട്ടുണ്ട്. പക്ഷെ ഒരു കാര്യത്തിലും ഒരു തരത്തിലും പുരോഗതി ഇല്ലാത്ത ഒരു കാര്യമുണ്ട്. അത് മീൻ പിടിക്കാൻ ആയി കടലിൽ പോകുന്ന മുക്കുവന്റെ സ്വന്തം ജീവൻ രക്ഷിക്കാൻ ഉള്ള അതിജീവന ഉപകരണം നമ്മൾ ഇപ്പോഴും പടിക്കു പുറത്തു നിർത്തുന്നു എന്നത്.

കടലില്‍ പെട്ടാല്‍

കടലില്‍ പെട്ടാല്‍

എത്ര നല്ല വശമുള്ള നീന്തൽകാരനായാലും ഒരു അപകടത്തിൽ പെട്ട് കടലിൽ മുങ്ങികിടക്കേണ്ടി വന്നാൽ നമ്മുടെ ശരീര ഊഷ്മാവ് 35C ഡിഗ്രിയിൽ താഴെ പോകുവാണെങ്കിൽ ഹൈപോതെമിയ മൂലം മുങ്ങിമരണം സംഭവിക്കാം. Hypothermia സംഭവിക്കാനുള്ള സാധ്യത വെള്ളത്തിന്റെ ഊഷ്മാവ്, കാറ്റിന്റെ ഊഷ്മാവ്, നിങ്ങളുടെ ശരീരത്തിന്റെ ചലനങ്ങൾ, നിങ്ങളുടെ പ്രായം, നിങ്ങളുടെ ആരോഗ്യ സ്ഥിതി, നിങ്ങളുടെ പൊസിഷൻ എന്നിവയിൽ ആസ്പദമാക്കി ബന്ധപെട്ടു കിടക്കുന്നു. വള്ളമോ ബോട്ടോ മറിഞ്ഞു കിടന്നാൽ നിങ്ങൾ അവയെ വിട്ടു പോകാതെ പൊങ്ങിക്കിടക്കുന്ന വള്ളത്തിലോ ബോട്ടിലോ കന്നാസിലോ തടിയിലോ പിടിച്ചു കിടക്കുക. നീന്തുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ഊർജവും ശരീര ഊഷ്മാവും ക്രമേണ കുറയും. പിന്നെ കാറ്റിന്റെ ഗതി നോക്കി കാറ്റിന്റെ എതിർ ദിശയിൽ ബോട്ടിനെയോ വള്ളത്തെയോ കവചമാക്കി പൊങ്ങി കിടക്കാൻ ശ്രമിക്കുക. വള്ളത്തിലും ബോട്ടിലും ഉള്ള ആളുകൾ കൂട്ടമായി തന്നെ പരസ്പരം കെട്ടിപിടിച്ചു കിടക്കാൻ ശ്രമിച്ചാൽ ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് http://www.seagrant.umn.edu/coastal_communities/hypothermia

ജീവനോളം വിലയില്ല ഇവയ്ക്ക്

ജീവനോളം വിലയില്ല ഇവയ്ക്ക്

ഇനി പറയുന്ന ഉപകരണങ്ങൾ നമ്മുടെ ജീവിതത്തെക്കാൾ വില കുറവുള്ള സാധനങ്ങൾ ആണ്. ഇവ ഗവെർന്മെന്റ് തന്നില്ലെങ്കിൽ നമ്മൾ വാങ്ങിച്ചു ഉപയോഗിക്കാൻ ശ്രമിക്കുക. ഇവ നമ്മുടെ വള്ളമോ ബോട്ടോ പോലെ പ്രാധാന്യം ഉള്ള സാധനങ്ങൾ ആണ്. പക്ഷെ അവയേക്കാൾ വിലയും കുറവാണ്. ഇവ ഉപയോഗിക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല.

ലൈഫ് ജാക്കറ്റ് (Type I PFD)

ലൈഫ് ജാക്കറ്റ് (Type I PFD)

ആഴക്കടൽ മത്സ്യബന്ധനത്തിന് ഇവയാണ് യോജിച്ചത്. ഫിഷിങ് ബോട്ടുകൾക്ക് യോജിച്ചത്. OR ലൈഫ് ജാക്കറ്റ് (Type III PFD) - തീരക്കടൽ മത്സ്യബന്ധനത്തിന് യോജിച്ചത്. വള്ളങ്ങൾക്കും ഔട്‍ബോർഡ് എൻജിൻ വെച്ച വള്ളങ്ങൾക്കും യോജിച്ചത്. (Max price +/- ₹5,000)

റിങ് ലൈഫ് ബോയ്

റിങ് ലൈഫ് ബോയ്

ആർക്കു വേണമെങ്കിലും ഉപകരിക്കുന്ന വസ്തു ആണിത്. പലപ്പോഴും മറ്റുള്ളവരെരക്ഷിക്കാനായി എറിഞ്ഞു കൊടുക്കാൻ ഉപകാരപ്രദം. കടുത്ത തിരയുള്ളപ്പോൾ കൊറച്ച്കൂടി ഫലപ്രദവും. കാറിന്റെ ടയർ പോലെ ഇരിക്കും സാധനം കാണാൻ. (Max price +/- ₹4,000)

മുകളിൽ പറഞ്ഞ രണ്ടെണ്ണത്തിൽ ഏതെങ്കിലും ആളും വീതം ഒരെണ്ണം ഇല്ലാതെ കടലിൽ ഇറങ്ങിപ്പോകരുതു. പണിയെടുക്കുമ്പോൾ ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന സ്ഥലത്തു ഇവ സൂക്ഷിക്കുക.

ലൈഫ് റാഫ്റ്റ്

ലൈഫ് റാഫ്റ്റ്

ഒരു കോടിക്കും അര കോടിക്കും ആഴക്കടൽ മത്സ്യബന്ധനത്തിനായി ബോട്ടു വെക്കുന്ന മുതലാളിമാർ ഒരു സാധനം നിര്ബന്ധമായി വാങ്ങിച്ചു വെക്കണം. ഒരു ലൈഫ് റാഫ്ട്. (Open Reversible or canopy type Liferaft). കനോപ്പി ഉള്ളതിന് ഇച്ചിരി വില കൂടും. പക്ഷെ പ്രതികൂല കാലാവസ്ഥയിൽ നിന്നും ഇതിനകത്തു ഇരിക്കുന്നവർക്ക് സംരക്ഷണം കിട്ടും. ഇതിനകത്തു അത്യാവശ്യം അതിജീവനത്തിനുള്ള സാധനങ്ങൾ ഉണ്ടാകും. നാലോ അതിലധികമോ ആളുകൾക്ക് വേണ്ടിയുള്ള സാധനം ആണ് (Price +/- ₹100,000 & up)
ഇനി താഴെ പറയാൻ പോകുന്നത് ഓപ്ഷനുകൾ ആണ്. ഞാൻ നിർബന്ധം ആയിട്ടും ഉപയോഗിക്കണം എന്ന് പറയുമെങ്കിലും ഇത് നിങ്ങളുടെ ഇഷ്ടം ആണ്.

ഇപിഐആര്‍ബി- ഫ്രീ ഫ്ലോട്ട് ടൈപ്പ്

ഇപിഐആര്‍ബി- ഫ്രീ ഫ്ലോട്ട് ടൈപ്പ്

406MHz ഫ്രീക്ഇൻസിയിൽ അപകടമുണ്ടായാൽ നിങ്ങളുടെ പൊസിഷൻ സാറ്റെല്ലിട്ടിനോട് അറിയിക്കുന്ന ജോലിയാണ് ഇതിനുള്ളത്. വെള്ളത്തിൽ വീണാൽ ആക്ടിവേറ്റ് ആകുന്ന ടൈപ്പ് ഉണ്ട്. മാന്വൽ ആയി ആക്ടിവേറ്റ് ചെയുന്ന ടൈപ്പും ഉണ്ട്. ആഴക്കടൽ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ഇത് നല്ലതാണു. ഒരു മൂന്ന് കിലോ പേകണവയുടെ വലിപ്പം ഉണ്ടാകും ഇവക്ക്. ബോട്ടിൽ ഇൻസ്റ്റാൾ ചെയ്തു വെക്കണം ഈ സാധനം. ബോട്ടു മുങ്ങിയാൽ അപ്പോൾ തന്നെ Cospas-Sarsat എന്ന സാറ്റലൈറ്റ് ശൃംഖലയിൽ സന്ദേശം എത്തിക്കും.

വലിയ ചെലവൊന്നും ഇല്ല

വലിയ ചെലവൊന്നും ഇല്ല

ഈ ആശാൻ 1982 മുതൽ അമേരിക്ക, റഷ്യ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ചേർന്ന് തുടങ്ങിയ ഒരു അന്താരാഷ്ട്ര കിടുതാപ്പി ആണ്. ഇപ്പോൾ നിലവിൽ 29 രാജ്യങ്ങൾ ഇതിൽ അംഗങ്ങൾ ആയി ഉണ്ട്. നമ്മുടെ ISRO ഇതിന്റെ ഒരു മെമ്പറും ഈ റീജിയണിലെ മെയിൻ MRCC കോഓർഡിനേഷൻ സെന്ററും ആണ്. അടുത്തിടെ ഇവർ ISRO (കൈയ്യടിക്കെടാ) നമ്മുടെ ഫിഷിങ് കമ്മ്യൂണിറ്റിക്കു വേണ്ടി ഇതിന്റെ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉണ്ടാക്കി തദ്ദേശീയമായി ഉണ്ടാക്കുവാൻ ടെക്നോളജി ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഏകദേശം ഒരു അയായിരമോ ആറായിരമോ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണക്കു. ഉപകരണം വാങ്ങിച്ചാൽ പിന്നെ മൂന്നോ നാലോ വര്ഷം കൂടുമ്പോൾ ഇതിന്റെ ബാറ്ററി ഒന്ന് മാറ്റിയിടണം. വേറെ ചെലവൊന്നും ഇല്ല.

പിഎല്‍ബി

പിഎല്‍ബി

ഞാൻ നേരത്തെ പറഞ്ഞ സാധനം EPIRB പേകണവ സൈസിലുള്ള ചേട്ടൻ ബാവ ആണ്. ഇതിന്റെ അനിയൻ ബാവ ആണ് PLB. ഇത് ഒരു ചാളയുടെ വലിപ്പമേ ഉണ്ടാകൂ. ഇത് വ്യക്തികൾക്ക് ധരിക്കാൻ ഉള്ളതാണ്. ഇവന്റെ വാട്ടർപ്രൂഫ് മോഡൽ ആണ് വാങ്ങിക്കേണ്ടത്. ഇത് നിങ്ങളുടെ അരയിൽ ഒരു ബെൽറ്റിൽ കെട്ടി വെച്ചാൽ നിങ്ങൾ വെള്ളത്തിൽ വീണു അപകടത്തിൽ പെടുമ്പോൾ കൈ കൊണ്ട് ഞെക്കി ആക്ടിവേട് ചെയുക. അപ്പോൾ തന്നെ നിങ്ങളുടെ സ്ഥലം മൊബൈലിൽ കാൾ വിളിച്ചാൽ റിങ് അടിക്കുന്നതിനേക്കാൾ വേഗത്തിൽ ISROയിലെ വേണ്ടപ്പെട്ടവരെ അറിയിക്കും. നമ്മുടെ ISRO യിലെ ശാസ്ത്രജ്ഞന്മാർ അപ്പോൾ തന്നെ വേണ്ട നടപടികൾ സ്വീകരിക്കും. ഇതിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡീറ്റെയിൽസ് ചെക്ക് ചെയ്തിട്ട് ആ നമ്പറിൽ വിളിക്കും. തെറ്റായി വന്ന അപകട സന്ദേശമല്ല എന്ന് ഉറപ്പു വരുത്തിയിട്ട് അപ്പോൾ തന്നെ സെർച്ച് & റെസ്ക്യൂ ടീമിനെ ഇവർ അറിയിക്കും. ചുമ്മാതെ കേറി ഞെക്കി ISROയിൽ ഉള്ളവരെ ബുദ്ധി മുട്ടിക്കരുത് പറഞ്ഞേക്കാം. ഒരിക്കൽ ആക്ടിവേറ്റ് ചെയ്‌താൽ ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് ഇവ പ്രവർത്തനത്തിൽ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://inmcc.istrac.org/

എല്‍ഇഡി ഫ്ലെയര്‍

എല്‍ഇഡി ഫ്ലെയര്‍

പണ്ട് ടൈറ്റാനിക്ക് ഷിപ്പിൽ നിന്ന് മുകളിലോട്ടു വിട്ട വാണം ഇല്ലേ, മറ്റുള്ളവരെ അവർ അപകടത്തിൽ പെട്ടു എന്ന് അറിയിക്കാൻ. ആ സാധനത്തിന്റെ പുതിയ ഇനമാണ്. എസ്പ്ലോസീവ് ആയിട്ടുള്ള ഫ്ലെയർ ഇപ്പോൾ പഴഞ്ചൻ ആണ്. അവ 30 സെക്കൻഡ്‌സ് മാത്രമേ കത്തി നിക്കൂ. ഇതിന്റെ പരിസ്ഥിതി സൗഹാര്‍ദമായുള്ള പുത്തൻ വിദ്യ ആണ് LED Flare. eVDS (electronic Visual Distress Signals ) എന്നാണു ഇവ അറിയപ്പെടുന്നത്. ആക്ടിവേറ്റ് ചെയ്‌താൽ ഇവ 6 മണിക്കൂർ വരെ പ്രവർത്തിക്കും. 3 നോട്ടിക്കൽ മൈൽ ദൂരെ നിന്ന് ഈ ലൈറ്റ് കാണാൻ പറ്റും. ഹെലികോപ്റ്ററിനു ഒരു എട്ടോ ഒൻപതോ മൈൽ ദൂരെ നിന്നും കാണാൻ സാധിക്കും. മൂന്നു ആൽക്കലെൻ ബാറ്ററി ഇട്ടാൽ ഇവ റെഡി ആണ്. ഇത് ഒരു ടോർച്ച ലൈറ്റിന്റെ വലിപ്പമേ ഉള്ളൂ. ബോട്ടിലോ വള്ളത്തിലോ ഇത് എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വെച്ചേക്കുക. വള്ളക്കാർക്കും ബോട്ടുകാർക്കും ഉചിതം.

റേഡിയോ

റേഡിയോ

തൂക്കി കൊണ്ട് നടക്കാൻ പറ്റിയ മൊബൈൽ വലിപ്പത്തിലുള്ള എമർജൻസി VHF (പോർട്ടബിള് & വാട്ടർപ്രൂഫ്) ആയിട്ടുള്ള മോഡൽ വാങ്ങിക്കുക. ഇടയ്ക്കു മറ്റുള്ള ബോട്ടിലുള്ളവരെ തെറി വിളിക്കാൻ മാത്രമല്ല, എവിടെയെങ്കിലും നല്ല പണിയുണ്ടെകിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും അപകടത്തിൽ പെട്ടാൽ മറ്റുള്ളവരുടെ സഹായം തേടുന്നതിനും ഉപകരിക്കും. വള്ളക്കാർക്കും ബോട്ടുകാർക്കും ഉചിതം.

എഐഎസ് ക്ലാസ്സ് ബി ട്രാന്‍പോണ്ടര്‍

എഐഎസ് ക്ലാസ്സ് ബി ട്രാന്‍പോണ്ടര്‍

ബോട്ടുകൾക്ക് വേണ്ടിയുള്ളതാണ് ഇത്. നിങ്ങൾ എവിടെയുണ്ടെന്ന് കരയിൽ ഉള്ള നേവി, കോസ്റ്റ്ഗാർഡ്, പോർട്ട് അതോറിറ്റി എന്നിവർക്കും കടലിൽ കൂടി പോകുന്ന മറ്റുള്ള ഷിപ്പുകൾക്കും മനസിലാകും. നിങ്ങളുടെ ബോട്ടിൽ ട്രാൻസ്പോണ്ടർ ഉണ്ടെങ്കിൽ കൊമേർഷ്യൽ ഷിപ്പിൽ അവരുടെ റഡാറിൽ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ എളുപ്പവും കൂട്ടിയിടിക്കാനുള്ള സാധ്യത കുറവും ആണ്.

അപകടം സംഭവിച്ചാല്‍

അപകടം സംഭവിച്ചാല്‍

ഒരു കൂട്ടിയിടി അപകടം സംഭവിച്ചാൽ നിങ്ങളുടെ ബോട്ടിന്റെ സഞ്ചാര പാതയും ഷിപ്പിന്റെ സഞ്ചാര പാതയും കണ്ടു പിടിക്കാൻ എളുപ്പമാണ്. അതില്ലെങ്കിൽ പിന്നെ ഷിപ്പിന്റെ ഉടമസ്ഥരും ക്യാപ്റ്റനും വക്കീലും പറയും നിങ്ങൾ ആണ് വന്നിടിച്ചതു എന്ന്. ഓർക്കുക കടലിൽ ചെറിയ ബോട്ടു വലിയ കപ്പലിന് വഴി മാറി കൊടുക്കണം. അതാണ് നിയമം. ചെറിയവൻ വലിയവന്റെ വഴിയിൽ കേറി നിക്കരുത്. കാര്യം വലിയ കപ്പല് ബ്രേക്ക് പിടിച്ചു നിർത്താൻ ഇത് റോഡല്ല. കടൽ ആണ്. ഷിപ്പിലെ ക്യാപ്റ്റൻ എൻജിൻ ഡെഡ് സ്റ്റോപ്പ് ആക്കിയാലും ഷിപ് മുന്നോട്ട് നീങ്ങികൊണ്ടിരിക്കും. അത് പിന്നെ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ റോഡ് റോളർ പോലെ ഇടിച്ചു പണ്ടാരമടക്കിയേ നിക്കൂ. ട്രാൻസ്പോണ്ടർ ഉണ്ടെങ്കിൽ ബോട്ടിന്റെ സഞ്ചാര പാത തെളിയിക്കാൻ എളുപ്പമാണ്. കേസ് പറഞ്ഞു പണ്ടാരമാകില്ല എന്ന് സാരം.

ഇതിന് വേണ്ടി അണിചേരാം

ഇതിന് വേണ്ടി അണിചേരാം

വരും ദിവസങ്ങളിൽ നമ്മുടെ വിവിധ സംഘടനകൾ വഴി തടഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടിക്കാതെ നേരെ പോയി മന്ത്രിയെയും MLA മാരെയും കോരാവോ ചെയ്തു ചോദിക്കണം എവിടെടാ എനിക്കുള്ള EPIRB ഉം PLB യും എന്ന്? ഇനി മേലാൽ നമ്മുടെ മൽസ്യത്തൊഴിലാളികൾ ഇങ്ങനെ ഒരു അപകടത്തിൽ പെടാതെ ഇരിക്കാൻ നമ്മുക്ക് തന്നെ ആദ്യം ഒരു മാറ്റത്തിന് തയാറാകാം.

വിരാമ തിലകം

അപ്പൊ ശെരി ഇതൊക്കെ പറഞ്ഞ എന്നെ നിങ്ങള് കൈയിൽ കിട്ടിയാൽ തിരണ്ടിവാലിനു അടിക്കുമെന്നു അറിയാം. മറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഉപകാരമാകാൻ ഇത് ഷെയർ ചെയുക. എന്റെ പേര് വെക്കണമെന്നില്ല- ഇങ്ങനെയാണ് ഡാനി ജോര്‍ജ്ജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dani Gorgon writes about the Precautionary Measures should taken by sea water fishermen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്