മണ്ഡല പരിചയം-പത്തനാപുരം: 14 തിരഞ്ഞെടുപ്പ് 8 എംഎൽഎമാർ, അഞ്ചാം അങ്കത്തിന് ഗണേഷ് കുമാർ
ഒരു തവണ മാത്രമാണ് കോൺഗ്രസിന് മണ്ഡലത്തിൽ വിജയിക്കാൻ സാധിച്ചത്
പത്തനാപുരം: കൊല്ലം ജില്ലയിലെ മറ്റൊരു നിയോജക മണ്ഡലമാണ് പത്തനാപുരം. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സിപിഐയ്ക്കും കേരള കോൺഗ്രസിനുമൊപ്പം നിന്ന മണ്ഡലം. ഒരു തവണ മാത്രമാണ് കോൺഗ്രസിന് മണ്ഡലത്തിൽ വിജയിക്കാൻ സാധിച്ചത്. അതും പിന്നീട് കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയ ആർ ബാലകൃഷ്ണ പിള്ളയാണ് അന്ന് കോൺഗ്രസിനായി മത്സരിച്ചതും. നിലവിൽ കേരള കോൺഗ്രസ് ബി നേതാവും ബാലകൃഷ്ണ പിള്ളയുടെ മകനുമായ ഗണേഷ് കുമാറാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധികരിക്കുന്നത്. 2001 മുതൽ ഗണേഷ് കുമാർ മണ്ഡലത്തിലെ എംഎൽഎയാണ്.
Recommended Video

തിരഞ്ഞെടുപ്പ് ചരിത്രം
1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ എൻ രാജഗോപാലാൻ നായരാണ് പത്തനാപുരത്ത് വിജയിച്ചത്. 1960ൽ ബാലകൃഷ്ണപിള്ള മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. എന്നാൽ 1967ലെ തിരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. മൂന്നും നാലും നിയമസഭകളിൽ പി.കെ രാഘവൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോൾ 1977ലും 1980ലും ഇ.കെ പിള്ളയും സിപിഐ സ്ഥാനാർഥികളായി വിജയിച്ചു.
1982ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മണ്ഡലത്തിൽ സാനിധ്യം അറിയിച്ചെങ്കിലും 1987ൽ ഇ ചന്ദ്രശേഖരൻ നായരിലൂടെ വീണ്ടും സിപിഐ മണ്ഡലത്തിൽ കരുത്ത് കാട്ടി. 1991ലും 1996ലും പ്രകാശ് ബാബു വിജയിച്ചപ്പോൾ 2001 മുതൽ മണ്ഡലം ഗണേഷ് കുമാറിനൊപ്പം നിന്നു.
2016ലെ തിരഞ്ഞെടുപ്പ്
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു പത്തനാപുരം. സിനിമ നടൻ കൂടിയായ ഗണേഷ് കുമാറിന് മറ്റ് രണ്ട് പ്രധാന മുന്നണികളും എതിരാളികളെ കണ്ടെത്തിയത് സിനിമ മേഖലയിൽ നിന്ന് തന്നെയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി ജഗദീഷ് കുമാറും ബിജെപിക്കുവേണ്ടി ഭീമൻ രഘുവുമാണ് മത്സരിച്ചത്. എന്നാൽ രണ്ടുപേർക്കും ഗണേഷ് കുമാറിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
വോട്ട് വിഹിതത്തിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും 24562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാർ പത്തനാപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. എന്നാൽ 2011ൽ തനിക്കെതിരായി മത്സരിച്ച സിപിഎമ്മിന്റെ പിന്തുണയോടെയാണ് നാലാം തവണ ഗണേഷ് കുമാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇത്തവണ സാധ്യതകൾ
ഇടത് മുന്നണി സ്ഥാനാർഥിയായി ഗണേഷ് കുമാർ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം തന്റെ വ്യക്തിപ്രഭാവവും ഇത്തവണയും വോട്ടാക്കി മാറ്റാമെന്ന് ഗണേഷ് കുമാറും മുന്നണിയും കരുതുന്നു. നിലവിലെ സാഹചര്യം ഇടത് മുന്നണിക്ക് അനുകൂലമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും അത് വ്യക്തമായിരുന്നു. 2016 ആവർത്തിച്ചാൽ ഇത്തവണയും പത്തനാപുരം ഉൾപ്പടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് ജയിക്കാനാകും.
ശരണ്യ മനോജിനെ ഇറക്കാൻ കോൺഗ്രസ്
കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ചകളിൽ തുടക്കത്തിൽ പത്തനാപുരത്ത് ഉയർന്നുകേട്ട പേരുകളിൽ ഒന്ന് പാർട്ടി വക്താവ് കൂടിയായ ജ്യോതികുമാർ ചാമക്കാലയുടേതായിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ അതൃപ്തി ജ്യോതികുമാറിന് തിരിച്ചടിയായി. ഇപ്പോൾ പത്തനാപുരത്ത് സജീവമായി പരിഗണിക്കുന്നത് ഗണേഷ് കുമാറിന്റെ ബന്ധുകൂടിയായ ശരണ്യ മനോജിന്റെ പേരാണ്.
തുടക്കത്തിൽ കേരള കോൺഗ്രസ് ബി പ്രവർത്തകനായിരുന്ന ശരണ്യ പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. സോളർ കേസിലടക്കം ഗണേഷ് കുമാറിനെതിരായ ശരണ്യ മനോജിന്റെ പ്രസ്താവനകളും ആരോപണങ്ങളും ചർച്ചയായിരുന്നു. സോളർക്കേസിൽ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും ഇത് ഗണേഷ് കുമാർ എഴുതി ചേർത്തതാണെന്നുമാണ് മനോജ് ആരോപിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ശരണ്യ മനോജിന്റെ പേര് നിർദേശിച്ചത്. ഗണേഷിനെതിരെ ബന്ധുവിനെ ഇറക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
മണ്ഡല സ്ഥിതി വിവരം
പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 189837 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications