India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവെട്ടി തലമുറമാറ്റം! അപ്രസക്തരായി കിങ്ങുകളും കിങ്‌മേക്കര്‍മാരും... ഇനി നടപടിയും ഭയക്കണം?

Google Oneindia Malayalam News

കോണ്‍ഗ്രസില്‍ തലമുറമാറ്റം എന്ന് പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയോടെ ആയിരുന്നു പ്രവര്‍ത്തകര്‍ ഉറ്റുനോക്കിയിരുന്നത്. ഗ്രൂപ്പുകളില്‍ അവസാനിച്ച്, കോണ്‍ഗ്രസ് ഒറ്റക്കെട്ടാകുമെന്നും നിലവിലെ പ്രതിസന്ധികള്‍ എല്ലാം പരിഹരിച്ച് കേരളത്തില്‍ ശക്തമാകും എന്നും ഒക്കെ ആയിരുന്നു പ്രതീക്ഷ. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പുതിയ നേതൃത്വത്തെ കൊണ്ടുവന്നപ്പോള്‍ അത് വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റിയത് പോലെ ആയി.

ഉമ്മന്‍ ചാണ്ടി ഒറ്റപ്പെട്ടു; ഒരുപോലെ തള്ളി സുധാകരനും വിഡി സതീശനും, പരസ്യ പ്രതികരണത്തില്‍ വന്‍ എതിര്‍പ്പ്ഉമ്മന്‍ ചാണ്ടി ഒറ്റപ്പെട്ടു; ഒരുപോലെ തള്ളി സുധാകരനും വിഡി സതീശനും, പരസ്യ പ്രതികരണത്തില്‍ വന്‍ എതിര്‍പ്പ്

നെഹ്റു ഇല്ലാത്ത സ്വാതന്ത്ര്യസമരമോ? ബ്രിട്ടനെതിരെ പൊരുതിയതിന് 3,259 ദിവസം ജയിലിൽ- 25 വർഷത്തിനിടെനെഹ്റു ഇല്ലാത്ത സ്വാതന്ത്ര്യസമരമോ? ബ്രിട്ടനെതിരെ പൊരുതിയതിന് 3,259 ദിവസം ജയിലിൽ- 25 വർഷത്തിനിടെ

നേരത്തേ എ, ഐ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ മൂന്നാമതൊരു ഗ്രൂപ്പും അതിനൊത്ത ചില 'ബ്രിഗേഡു'കളും കൂടിയായി. പ്രശ്‌നങ്ങള്‍ നേരത്തേ ഉണ്ടായിരുന്നതിന്റെ പതിന്‍മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കില്‍, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ ഇനി എന്തെല്ലാം കാണേണ്ടി വരും എന്നാണ് ചോദ്യം.

1

ഗ്രൂപ്പില്ലാത്ത ഗ്രൂപ്പുകള്‍ എന്ന മട്ടിലേക്കാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്ക്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും എത്തിയത് പഴയ വിശാല ഐ ഗ്രൂപ്പുകാര്‍ ആയപ്പോള്‍ എ ഗ്രൂപ്പ് ഉള്ളില്‍ ഭയന്നിരുന്നു. തങ്ങളുടെ പ്രാമുഖ്യം നഷ്ടപ്പെട്ട് കേരളം ഐ ഗ്രൂപ്പിന്റെ കൈപ്പിടിയില്‍ ആകുമോ എന്നായിരുന്നു ആ ഭയം. എന്നാല്‍ അതിനും അപ്പുറത്തേക്കാണ് കാര്യങ്ങള്‍ പോയത്. എ ഗ്രൂപ്പിനേയും ഐ ഗ്രൂപ്പിനേയും ഒരേ സമയം പൊളിച്ചടുക്കുകയാണ് പുതിയ ഗ്രൂപ്പ് ഇപ്പോള്‍. അസ്തിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ് എ, ഐ ഗ്രൂപ്പുകള്‍.

2

കൂടെ ഉണ്ടാകുമെന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഉറച്ച് വിശ്വസിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പുതിയ ലാവണത്തില്‍ എത്തിയിരിക്കുകയാണ്. പരസ്യമായി ഗ്രൂപ്പുകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ പോലും സമാന്തരമായി പുതിയ ഗ്രൂപ്പുമായി ആശയ വിനിമയം നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടെയുള്ള ആരെ വിശ്വാസത്തിലെടുക്കണം എന്ന ശങ്ക എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഒരുപോലെയുണ്ട്. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പഴയതുപോലെ നടപ്പിലാകുന്നുമില്ല. എങ്കില്‍ പോലും തങ്ങള്‍ വാശിപിടിച്ച ചിലകാര്യങ്ങളെങ്കിലും നടന്നു എന്ന ആശ്വാസവും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്.

3

മുമ്പെല്ലാം കോണ്‍ഗ്രസില്‍ അച്ചടക്കനടപടി എന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. അങ്ങനെ നടപടി എടുക്കണമെങ്കില്‍ തന്നെ ഒരുപാട് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഹൈക്കമാന്‍ഡിന്റെ കൂടെ അനുമതി നേടിയതിന് ശേഷം മാത്രമായിരുന്നു നടപ്പിലാക്കിയിരുന്നത്. എന്നാല്‍, ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കെ ശിവദാസന്‍ നായരേയും കെപി അനില്‍കുമാറിനേയും മിനിട്ടുകള്‍ വച്ചാണ് കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതത്. എ ഗ്രൂപ്പിനായാലും ഐ ഗ്രൂപ്പിനായാലും ഇതൊരു ശക്തമായ മുന്നറിയിപ്പ് തന്നെ ആയിരുന്നു.

4

രണ്ട് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് വായടച്ചിരിക്കാന്‍ എന്തായാലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ല. വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന വിമര്‍ശനം പരസ്യമായി ഉന്നയിച്ചു. അതോടെ വിഷയം തീരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പുതിയ നേതൃത്വം അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഇനി കേരളത്തിലെ കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ തങ്ങള്‍ എടുക്കുമെന്ന് കൃത്യമായ സൂചന നല്‍കിക്കൊണ്ടാണ്ട് കെ സുധാകരനും വിഡി സതീശനും ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പരസ്യമായ വിമര്‍ശനവും ഉന്നയിച്ചു. എന്തായാലും അച്ചടക്ക നടപടികൾ ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നേരെ സ്വീകരിക്കാൻ പുതിയ നേതൃത്വം ധൈര്യപ്പെടില്ല. പക്ഷേ, ഇതേ രീതി തുടർന്നാൽ കടുത്ത നിലപാടുകളും പ്രതീക്ഷിക്കാവുന്നതാണ്.

5

വിഡി സതീശന്‍ ഒരു പടികൂടി കടന്നാണ് പഴയ നേതാവ രമേശ് ചെന്നിത്തലയെ ആക്രമിച്ചത്. 2011 ല്‍ മന്ത്രിസഭയില്‍ അംഗമാകേണ്ടിയിരുന്ന തന്നെ ആരായിരുന്നു വെട്ടിയത് എന്നാണ് സതീശന്റെ ചോദ്യം. അന്ന് പാര്‍ട്ടിയില്‍ ഗ്രൂപ്പ് അപ്രമാദിത്തം ആയിരുന്നതിനാല്‍ ഐ ഗ്രൂപ്പിന്റെ കാര്യത്തില്‍ ചെന്നിത്തല തന്നെ ആയിരുന്നു അവസാന വാക്ക്. ആ സംഭവത്തില്‍ സതീശന് കടുത്ത നിരാശയും അമര്‍ഷവും ഉണ്ടായിരുന്നു എന്ന് പിന്നീട് പലതവണ പരോക്ഷമായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പരസ്യമായി തന്നെ ചെന്നിത്തലയ്ക്ക് നേര്‍ക്ക് ആരോപണശരം അയക്കാന്‍ വിഡി സതീശന്‍ പ്രാപ്തനായിരിക്കുകയാണ്.

6

കോണ്‍ഗ്രസില്‍ സുശക്തമായ ഗ്രൂപ്പ് എ ഗ്രൂപ്പ് ആയിരുന്നു. എകെ ആന്റണിയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്തതോടെ ആയിരുന്നു എ ഗ്രൂപ്പിന് അടിത്തട്ടില്‍ ശക്തമായ സംവിധാനം ഉണ്ടായത്. എകെ ആന്റണിയില്‍ നിന്ന് വിഭിന്നനായ ഉമ്മന്‍ ചാണ്ടി, കൂടെ നില്‍ക്കുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുകയും ചെയ്തുപോന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് പോലും കൂടെ നില്‍ക്കാന്‍ എല്ലാവരും ഉണ്ടായില്ല എന്നതാണ് ഉമ്മന്‍ ചാണ്ടിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്.

7

ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പാലോട് രവി പ്രതിഷ്ഠിക്കപ്പെട്ടത് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. പക്ഷേ, പാലോട് രവിയും വിഡി സതീശനും തമ്മിലുള്ള അടുത്ത ബന്ധം എ ഗ്രൂപ്പില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചവരില്‍ ഒരാള്‍ തന്നെയാണ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്- നാട്ടകം സുരേഷ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രഥമ പരിഗണനയുണ്ടായിരുന്ന ഫില്‍സല്‍ മാത്യൂസിനെ വെട്ടിയാണ് സുരേഷിന് വഴിയൊരുക്കിയത്. എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനോട് ഏറെ അടുത്തുനില്‍ക്കുന്ന ആളാണ് സുരേഷ്. അടുത്ത കാലത്ത് തിരുവഞ്ചൂരിന്റെ കാര്യത്തിലും ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

8

വലിയ നഷ്ടം സംഭവിച്ചത് രമേശ് ചെന്നിത്തലയ്ക്കാണ്. ആദ്യം പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെട്ടു. സ്വന്തം ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും വിഡി സതീശനെ പിന്തുണച്ചു എന്നത് ചെന്നിത്തലയെ ഞെട്ടിച്ചിരുന്നു. പഴയ ഗ്രൂപ്പ് നേതാവാണെങ്കിലും സതീശന്‍ രമേശ് ചെന്നിത്തലയെ ഇനി വകവച്ചുകൊടുക്കാനുള്ള സാധ്യതകള്‍ തുലോം തുച്ഛമാണെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്ന വിവരം. മാത്രമല്ല, 2011 ലെ മന്ത്രിസ്ഥാനത്തെ ചൊല്ലി ഇപ്പോള്‍ നടത്തിയ പരസ്യ പ്രതികരണം ഈ അകലം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സതീശന്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു എന്നും അത് നല്‍കാന്‍ ചെന്നിത്തല തയ്യാറായിരുന്നില്ല എന്നും ആണ് വെളിപ്പെടുത്തപ്പെട്ട മറ്റൊരു കാര്യം.

9

കേരളത്തില്‍ മറ്റ് പദവികള്‍ ഇല്ലാത്ത രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടി സ്ഥാനം, പ്രവര്‍ത്തക സമിതി അംഗത്വം, എഐസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ തുടങ്ങി പലവിധ കഥകളാണ് അന്തരീക്ഷത്തിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയാല്‍ ചെന്നിത്തലയ്ക്ക് പഴയ പ്രതാപത്തിലേക്കെത്താന്‍ അധികനാള്‍ വേണ്ടി വരില്ല. എന്നാല്‍ ഇനി ദേശീയ നേതൃത്വത്തില്‍ നിര്‍ണായക പദവിയിലേക്ക് എത്താനുള്ള വഴി ഒരുങ്ങുമോ എന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു.

10

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പോരാടാന്‍ ഉണ്ടാക്കിയ ആര്‍സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പരസ്യമായതോടെ ആണ് ഇങ്ങനെ ഒരു വെല്ലുവിളി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ആന്തരിക കലാപത്തിന് ശ്രമിക്കുന്നു എന്ന തരത്തില്‍ ഈ വിഷയം ഹൈക്കമാന്‍ഡിന് മുന്നിലും ചിലര്‍ എത്തിച്ചുകഴിഞ്ഞു എന്നാണ് വിവരം. ആര്‍സി ബ്രിഗേഡുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ചെന്നിത്തല പത്രക്കുറിപ്പ് ഇറക്കിയെങ്കിലും അതിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആര്‍സി ബ്രിഗേഡിലെ ചര്‍ച്ചകള്‍ ചോര്‍ത്തിയത് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ഒരാള്‍ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

11

അടുത്തതായി നടക്കാനുളള കെപിസിസി ഭാരവാഹികളെ നിശ്ചയിക്കലാണ്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ പ്രാതിനിധ്യം നല്‍കാന്‍ കഴിയാതെ പോയ ദളിത്, സ്ത്രീ വിഭാഗങ്ങള്‍ക്ക് കെപിസിസിയില്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് കെ സുധാകരനും വിഡി സതീശനും പറയുന്നത്. അപ്പോള്‍, ഉമ്മന്‍ ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ ആവശ്യങ്ങള്‍ കെപിസിസി പുന:സംഘടനയും വേണ്ട വിധം പരിഗണിക്കപ്പെടാന്‍ ഇടയില്ല. അത്തരം ഒരു ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനം മുഴുവന്‍ കെ സുധാകരനിലും വിഡി സതീശനിലും എത്തി നില്‍ക്കും. ആ ഘട്ടത്തില്‍ എങ്ങനെ ആയിരിക്കും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിക്കുക എന്നാണ് ഇനി അറിയേണ്ടത്.

cmsvideo
  K SUDHAKARAN AGAINST PINARAYI VIJAYAN
  12

  കെ സുധാകരനും വിഡി സതീശനും ആണ് മുന്നില്‍ നിന്ന് യുദ്ധം നയിക്കുന്നത് എങ്കിലും യഥാര്‍ത്ഥ നായകന്‍ കെസി വേണുഗോപാല്‍ ആണെന്നാണ് അണിയറ സംസാരം. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതും കെസി വേണുഗോപാലില്‍ തന്നെയാണ്. കൂടാതെ രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും കെസി വേണുഗോപാലിനെ കൂടുതല്‍ ശക്തനാക്കുന്നുണ്ട്.

  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി
  English summary
  Leadership and Generation Change in Congress may create big disaster in Kerala- How?.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X