• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുന്നപ്രയുടേയും വയലാറിന്റേയും ആലപ്പുഴയിൽ അടിമുടി രാഷ്ട്രീയം... വിട്ടുകൊടുക്കാതെ ഷാനിമോളും ആരിഫും!!

  • By ബി. ആനന്ദ്

പുന്നപ്രയുടേയും വയലാറിന്റേയും മണ്ണാണ്. അടിമുടി രാഷ്ട്രീയം. വി.എസ്. അച്യുതാനന്ദന്റേയും എ.കെ. ആന്റണിയുടേയും കെ. ആര്‍. ഗൗരിയമ്മയുടേയും വയലാര്‍ രവിയുടേയും നാടാണ്. നാടും നഗരവും നന്നായി അറിയുന്ന നല്ല രാഷ്ട്രീയക്കാരുടെ നാട്. അവിടത്തെ മത്സരം അടിമുടി രാഷ്ട്രീയം തന്നെയാവണം. ഇതുവരെ അതായിരുന്നു. ഇനിയും അങ്ങനെ തന്നെ. വിപ്ലവ രാഷ്ട്രീയത്തെ പോലെ തന്നെ വലതുപക്ഷ രാഷ്ട്രീയവും വിളഞ്ഞ മണ്ണ്. അവിടെ ഇക്കുറി മത്സരം കനത്തതാണ്.

എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം... ശ്രദ്ധേയത നേടാൻ പതിനെട്ടടവും പയറ്റി അൽഫോൺസ് കണ്ണന്താനം... വൺഇന്ത്യ സ്പെഷൽ വിശകലനം!!

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയം മാത്രം കൊയ്തിട്ടുള്ള യുവ നേതാവ് എ.എം. ആരിഫ് എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസിന്റെ പ്രമുഖ വനിത നേതാവ് ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരത്തിനിറങ്ങുന്ന മണ്ഡലത്തില്‍ ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ ബിജെപി ആയി തീര്‍ന്ന കോണ്‍ഗ്രസുകാരുടെ ബുദ്ധിജീവി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും കൊമ്പുകോര്‍ക്കുന്നു. മത്സരം കടുത്തത്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്

കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്

കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ വലിയ നേതാവായി തീര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റാണ് ആലപ്പുഴ. 2009 മുതല്‍ കെ.സി. ആലപ്പുഴയെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യുന്നു. അവസാന നിമിഷം വരെ അദ്ദേഹം തന്നെയാകും മത്സരിക്കാനെത്തുകയെന്ന പ്രതീക്ഷ ആലപ്പുഴക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് ആസൂത്രണവുമൊക്കെയായി ബന്ധപ്പെട്ട് കൂടുതല്‍ ചുമതലകളിലേക്ക് എത്തിയ സാഹചര്യത്തില്‍ കെ.സി. വേണുഗോപാല്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഏറെ സമ്മര്‍ദ്ദം അദ്ദേഹത്തിന് മത്സരിക്കുന്നതിനായി ഉണ്ടായിരുന്നു. എ. എം. ആരിഫ് മത്സരിക്കാനെത്തിയപ്പോള്‍ കെ.സി. പേടിച്ചോടി എന്നൊക്കെ എതിരാളികള്‍ പറയുകയും ചെയ്തു.

ആലപ്പുഴ വ്യത്യസ്തമാണ്

ആലപ്പുഴ വ്യത്യസ്തമാണ്

സവിശേഷമായ ജനതികം ഉള്ള മണ്ഡലമാണ് ആലപ്പുഴ. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം പലപ്പോഴും രാഷ്ട്രീയത്തേക്കാള്‍ പരിഗണന വിഷയമാകുന്നതായി തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ തോന്നും.ജാതിയും മതവും ഒക്കെ സ്വാധീനം ചെയ്യും. ഈഴവ, മുസ്ലിം, ലത്തീന്‍ സമുദായങ്ങള്‍ വലിയ വോട്ട് ബാങ്കുകളാണ്. എന്നാല്‍ സമുദായ നേതാക്കള്‍ പറയുന്നിടത്തൊക്കെ അവര്‍ കുത്താറില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വി.എം. സുധീരനെതിരെ പരസ്യമായി രംഗത്ത് ഇറങ്ങിയെങ്കിലും മൂന്നുവട്ടം അദ്ദേഹം ഇവിടെ നിന്നും വിജയം കണ്ടു. വെള്ളാപ്പള്ളിയുടെ ചോയ്‌സ് പലപ്പോഴും ഇവിടെ പരാജയം രുചിക്കുന്നതും കണ്ടു. അതാണ് ആലപ്പുഴയുടെ ജനിതക സവിശേഷത.

രസകരമായ കാര്യം

രസകരമായ കാര്യം

പ്രാദേശികതാ വാദത്തിനും ഇവിടെ വലിയ വേരോട്ടം ഇല്ല. നാട്ടുകാരെ വരുത്തന്മാര്‍ തോല്‍പ്പിക്കുന്നതും ആവര്‍ത്തനം കൊണ്ട് ശ്രദ്ധേയം. വി.എം. സുധീരനേയും വക്കം പുരുഷോത്തമനേയും പോലുള്ള വരുത്തര്‍ ഏറെ നാള്‍ ഈ മണ്ഡലത്തെ പ്രതിധീകരിച്ചു. രാഷ്ട്രീയം കൊണ്ടു ചുവന്നതെങ്കിലും പാര്‍ലമെന്റിലേക്ക് കൂടുതല്‍ തവണ വിജയച്ചിട്ടുള്ളത് വലതുപക്ഷ സ്ഥാനാര്‍ഥികളാണെന്നും കാണാം. 2014ലെ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവിനെ 19,407 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.സി. വേണുഗോപാല്‍ പരാജയപ്പടുത്തിയത്.

ആലപ്പുഴ മണ്ഡലം ഇങ്ങനെ

ആലപ്പുഴ മണ്ഡലം ഇങ്ങനെ

ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 18,621 വോട്ടുകള്‍ക്ക് വിജയിച്ച ഹരിപ്പാട് ഒഴികെയുള്ള ആറു മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമായിരുന്നു. ഈ ആറു മണ്ഡലങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷവും ഇടതു മുന്നണി നേടി. ബിജെപിയും മണ്ഡലത്തില്‍ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുകയാണ്. 2014ല്‍ 43,051 വോട്ടുകള്‍ നേടിയ അവര്‍ 2016ല്‍ അത് 1,40,433 ആയി വര്‍ധിപ്പിച്ചു.

കഴിഞ്ഞ തവണത്തെ ചരിത്രം

കഴിഞ്ഞ തവണത്തെ ചരിത്രം

2014ല്‍ ഒട്ടാകെ 1271324 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 998656 വോട്ടുകള്‍ പോള്‍ ചെയ്തു. 78.55 ശതമാനം. കെ.സി. വേണുഗോപാല്‍ 19,407 വോട്ടുകള്‍ക്ക് വിജയിച്ചു. കെ.സി. വേണുഗോപാല്‍ 4,62,525 വോട്ടുകള്‍ നേടിയപ്പോള്‍ സി.ബി. ചന്ദ്രബാബു 4,43,118 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി പ്രഫ. എ.വി.താമരാക്ഷന്‍ 43,051 വോട്ടുകളും നേടി. ഇക്കുറി ആകെ 13,14,535 വോട്ടര്‍മാരാണ് ഉള്ളത്. 6,81,164 സ്ത്രീ വോട്ടര്‍മാര്‍, 6,33,371 പുരുഷ വോട്ടര്‍മാര്‍. ഇത്തരത്തിലാണ് മണ്ഡലത്തിലെ മുന്നണികളുടെ വോട്ട് വിതാനവും വളര്‍ച്ച തളര്‍ച്ചകളും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മുന്നണിയുടേയും കണക്ക് കൂട്ടലുകള്‍.

സിപിഎമ്മിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ

സിപിഎമ്മിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ

2006 മുതല്‍ അരൂര്‍ എംഎല്‍എ ആയ ആരിഫ് മണ്ഡലത്തില്‍ സുപരിചിതന്‍. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തിറങ്ങിയ അദ്ദേഹം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി എന്ന നിലയില്‍ ചേര്‍ത്തല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. അരൂരില്‍ സാക്ഷാല്‍ കെ. ആര്‍. ഗൗരിയമ്മയെ തൂത്തെറിഞ്ഞുകൊണ്ടു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയ അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആദ്യമേ തന്നെ പ്രചാരണ രംഗത്ത് എത്തിയ ആരിഫ് എന്ന സിപിഎമ്മിന്റെ ഗ്ലാമര്‍ താരം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്.

അതേ നാണയത്തിൽ മറുപടി

അതേ നാണയത്തിൽ മറുപടി

ആരിഫിനെ രംഗത്തിറക്കി ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ട സിപിഎമ്മിന്റെ തന്ത്രത്തെ അതേ സമുദായാംഗത്തെ തന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ആരിഫിനെപ്പോലെ തന്നെ പ്രാദേശിക രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് ദേശീയ കോണ്‍ഗ്രസ് സെക്രട്ടറിവരെയായി തീര്‍ന്ന ഷാനി മോള്‍. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സും ജില്ല പഞ്ചായത്ത് അംഗവും ഒക്കെയായും ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗമ്യ വ്യക്തിത്വത്തിന്റെ ഉടമയായ ഷാനിമോള്‍ ഒരു മുഖവരണങ്ങളും മുഖവുരകളും ഇല്ലാതെ വോട്ടര്‍മാരിലേക്ക് എത്തുന്നു.

ബിജെപി കെട്ടിയിറക്കിയ സ്ഥാനാർഥി

ബിജെപി കെട്ടിയിറക്കിയ സ്ഥാനാർഥി

ഇത്തരത്തില്‍ ഇടതു വലത് സ്ഥാനാര്‍ഥികള്‍ക്ക് അവരുടേതായ സവിശേഷതകളും മേന്മകളുമുണ്ട്. ഇരുവരും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കന്നിക്കാര്‍.

ഇരുണ്ടുവെളുത്തപ്പോള്‍ ബിജെപിയായാളാണ് കോണ്‍ഗ്രസുകാരുടെ ബുദ്ധിജീവിയായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണന്‍ എന്ന റിട്ടയേഡ് തത്വശാസ്ത്രം പ്രഫസര്‍. കോണ്‍ഗ്രസ് സാംസ്‌കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഡോ.കെ. എസ്. രാധാകൃഷ്ണന്‍ ശബരിമല സമരകാലത്ത് വിശ്വാസ സംരക്ഷണ സമതിക്കൊപ്പം നിന്നുകൊണ്ടാണ് ബിജെപി കൂടുമാറ്റത്തിനുള്ള പരസ്യ സൂചന നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറും പിഎസ് സി ചെയര്‍മാനുമൊക്കെ ആയ വ്യക്തിയാണ്.

കെ എസ് രാധാകൃഷ്ണനിൽ പ്രതീക്ഷയുണ്ട്

കെ എസ് രാധാകൃഷ്ണനിൽ പ്രതീക്ഷയുണ്ട്

വാഗ്മിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും ഒക്കെയായ സ്ഥാനാര്‍ഥിയെ കിട്ടിയ ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ കരുത്ത് വര്‍ധിപ്പിയ്ക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തില്‍ സ്വാധീനമുള്ള ഒരു പ്രബലം സമുദായാംഗവുമാണ് അദ്ദേഹം. ദേശീയ, സംസ്ഥാന രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തന വിലയിരുത്തലും അതിന്റെ ഭാഗമായി നടക്കുന്നു. ശബരിമല ഇവിടെ തീർച്ചയായും വലിയ ചര്‍ച്ചയ്ക്ക് വിഷയമാണ്. ഹിന്ദു വോട്ടുകളില്‍ അത് വലിയ സ്വാധീനത ചെലുത്തിയേക്കാം.

സവിശേഷതകള്‍ ഇങ്ങനെ

സവിശേഷതകള്‍ ഇങ്ങനെ

പത്തനംതിട്ടയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമാണെന്ന സവിശേഷതയും ഉണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി എന്‍ഡിഎയ്ക്കു വേണ്ടി ഇറങ്ങിയിരുന്നു. ഇത്തവണ അദ്ദേഹം തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും മനസ്സ് എവിടെയാണെന്ന് വ്യക്തം. അതുപോലെ എന്‍എസ്എസ്സിന്റെ നിലപാടും നിര്‍ണായകമാണ്. ജാതിയും മതവും വര്‍ഗവും വര്‍ണവും സ്ഥാനാര്‍ഥി മികവും എല്ലാം ചേര്‍ന്ന ഒരു പ്രത്യേക മിക്‌സാണ് ആലപ്പുഴയിലെ രാഷ്ട്രീയം. എല്ലാവര്‍ക്കും പ്രതീക്ഷിക്കാന്‍ അവരവരുടേതായ കണക്കുകള്‍. കുതിച്ചുയരുന്ന ചൂടിനൊപ്പം പ്രതീക്ഷകളും കുതിയ്ക്കുകയാണ്. കാത്തിരിക്കാം.

English summary
Lok Sabha Elections 2019: Alappuzha Lok Sabha constituency analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X