• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുത്തരെ കളത്തിലിറക്കി മൂന്ന് മുന്നണികളും; തിരുവനന്തപുരത്ത് ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?

  • By ബി ആനന്ദ്

ഇടതു വലതു മുന്നണികള്‍ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും ഒരുപോലെ ശക്തമായ അടിത്തറയുള്ള തലസ്ഥാന നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരത്ത് കരുത്തരെ ഇറക്കി കളം പിടിയ്ക്കാനുള്ള കടുത്തപോര്. നാള്‍തോറും വര്‍ധിയ്ക്കുന്ന ചൂടിനൊപ്പം കുതിച്ച് ഉയരുകയാണ് സംസ്ഥാനത്ത് ഏറ്റവും അധികം വീറും വാശിയും നിലനില്‍ക്കുന്ന മണ്ഡലത്തിലെ മത്സരത്തിളനില. കണക്കുകള്‍ കൂട്ടിയും കുഴിച്ചും വലതു മുന്നണിയും ഇടതു മുന്നണിയും ബിജെപിയും ഒരുപോലെ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: തിരുവനന്തപുരം മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം!!

യുഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും അങ്കത്തിനിറങ്ങിയിരിക്കുന്ന മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനും രാജ്യാന്തര പ്രശസ്തനുമായ ശശി തരൂര്‍, മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായ മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കാനിറങ്ങിയ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ എല്ലാ അര്‍ഥത്തിലും കരുത്തര്‍. മൂന്നു പേരും സ്വന്തം നിലയില്‍ ജനമനസ്സുകളില്‍ ഇടം പിടിച്ചവരും പയറ്റിത്തെളിഞ്ഞവരും. തിരുവനന്തപുരത്ത് തീ പാറുക സ്വാഭാവികം.

അനന്തപുരിയിലെ അഭിമാനപോരാട്ടം

അനന്തപുരിയിലെ അഭിമാനപോരാട്ടം

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയില്ലെങ്കില്‍ ദേശീയ തലത്തില്‍ ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനത്തെ മത്സരവും അനന്തപുരിയിലേത് തന്നെയാകും. മുന്നണി വ്യത്യാസമില്ലാതെ പ്രഗത്ഭരെ വിജയിപ്പിച്ചും പരാജയപ്പെടുത്തിയും ചരിത്രമെഴുതിയിട്ടുള്ളതാണ് തിരുവനന്തപുരം. ഇടതു വലത് മുന്നണികളെ വരിച്ചിട്ടുള്ള അനന്തപുരിയ്ക്ക് പക്ഷെ കൂടുതല്‍ ചായ്‌വ് വലതുപക്ഷത്തോടും ജനാധിപത്യ ചേരിയോടുമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ബിജെപിയ്ക്കും ആര്‍എസ്എസ്സിനും വേരോട്ടമുള്ള മണ്ഡലത്തില്‍ അവര്‍ പടിപടിയായി സ്വാധീനശക്തി വര്‍ധിപ്പിയ്ക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അവസാന ഘട്ടം വരെ ഉദ്വേഗം

അവസാന ഘട്ടം വരെ ഉദ്വേഗം

2014ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടപ്പോള്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഉദ്വേഗം നിലനിര്‍ത്തി ശശി തരൂര്‍ 15,470 വോട്ടുകള്‍ക്കാണ് ജയിച്ച് കയറിയത്. മണ്ഡലത്തില്‍ ആകെ 13,34,665 വോട്ടര്‍മാരാണ് ആകെയുള്ളത്. 6,90.695 വനിതകളും 6,43,939 പുരുഷന്മാരും 31 ട്രാന്‍സ്ജന്‍ഡര്‍മാരും. കഴക്കൂട്ടം, നേമം, നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, പാറശാല, തിരുവനന്തപുരം, കോവളം എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഈ പാര്‍ലമെന്റ് മണ്ഡലം. കഴിഞ്ഞ രണ്ടു വട്ടങ്ങളായി ശശി തരൂര്‍ പ്രതിനിധീകരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ പ്രതിനിധി ഡോ. ബെനറ്റ് എബ്രഹാം കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടത് അവര്‍ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ ഉയര്‍ന്ന പെയ്മന്റ് സീറ്റ് വിവാദം സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഏറെ കാറും കോളും വിതയ്ക്കുകയും ചെയ്തു.

കരുത്തരുടെ പോരാട്ടം

കരുത്തരുടെ പോരാട്ടം

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ മുന്നിട്ട് നിന്നപ്പോള്‍ പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ മേല്‍ക്കോയ്മ ശശി തരൂരിനായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഒ. രാജഗോപാല്‍ മൂന്നാം സഥാനത്ത് ആവുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭ മണ്ഡലത്തിലും ഒന്നാം സ്ഥാനത്തെത്താന്‍ എല്‍ഡിഎഫിനായതുമില്ല. മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാര്‍ഥികളെയാണ് ഇറക്കിയിരിക്കുന്നത്. മൂന്നു പേരും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവര്‍. പ്രമുഖ നയതന്ത്രജ്ഞനായ സിറ്റിംഗ് എംപി ശശി തരൂര്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐഡിയലോഗ്.

എന്തുകൊണ്ട് ശശി തരൂർ?

എന്തുകൊണ്ട് ശശി തരൂർ?

മോദി ബിജെപി വിമര്‍ശനവുമായി അദ്ദേഹം എഴുതിയ പുസ്തകങ്ങളും രാജ്യാന്തര തലത്തില്‍ തന്നെ സജീവ ചര്‍ച്ചയാണ്. തന്നെയുമല്ല, ബുദ്ധിജീവിയുടെ പരിവേഷത്തില്‍ നിന്ന് സ്ഥിതപ്രജ്ഞനും പ്രായോഗിക ബുദ്ധിയുമായ രാഷ്ട്രീയക്കാരനിലേക്ക് അദ്ദേഹം മെയ് വഴക്കത്തോടെ രൂപമാറ്റം നടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അവസാന പുസ്തകങ്ങളിലൊന്നായ വൈ അയാം എ ഹിന്ദു എന്ന അദ്ദേഹത്തിന്റെ വോട്ടുപെട്ടി രാഷ്ട്രീയത്തില്‍ കൂടി കണ്ണുനട്ടുള്ളതാണെന്ന് വിമര്‍ശകര്‍ പറയുന്നു. ബിജെപിയ്‌ക്കെതിരായ ആശയപരമായ കവചം സൃഷ്ടിക്കുന്ന ശശി തരൂരിന്റെ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസും യുഡിഎഫും കണക്കുകൂട്ടുന്നില്ല. 99,998 വോട്ടുകള്‍ക്കായിരുന്നു 2009ലെ ശശി തരൂരിന്റെ വിജയം. എന്നാല്‍ ആ തിളക്കമാര്‍ന്ന വിജയം 2014ല്‍ ആവര്‍ത്തിക്കാനായില്ല. 15,470 ആയി ഭൂരിപക്ഷം കുറഞ്ഞു.

നിയമസഭയിലെ ചിത്രം വേറെ

നിയമസഭയിലെ ചിത്രം വേറെ

2016ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ വീണ്ടും മാറി. നേമത്ത് ബിജെപി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാല്‍ വിജയിച്ചുവെങ്കിലും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേരത്തെ ഉണ്ടായ മേല്‍ക്കൈ നിലനിര്‍ത്താനായില്ല. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും അവര്‍ രണ്ടാം സ്ഥാനത്തായെങ്കില്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനക്കാരനായ കുമ്മനം രാജശേഖരനാണ് ഇക്കുറി പാര്‍ലമെന്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി. കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിന്‍കര നിയമസഭ മണ്ഡലങ്ങള്‍ വിജയിച്ച് എല്‍ഡിഎഫ് തിരിച്ചുവരവ് നടത്തുകയും ചെയ്തു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും വോട്ടര്‍മാരുടെ മാനദ്ണ്ഡങ്ങളും സ്വാധീനഘടകങ്ങളും വ്യത്യസ്തമാണെങ്കിലും പോളിംഗ് കണക്കുകളുടെ ഗതി ഇതാണെന്നു പറയാതെ വയ്യ.

കുമ്മനത്തെ ഇറക്കി ബിജെപി

കുമ്മനത്തെ ഇറക്കി ബിജെപി

സംഘം കണക്ക് കൂട്ടിയിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് ഫീല്‍ഡ് ചെയ്യിച്ചിരിക്കുന്നത്. ഇതിനായി കണക്ക് കൂട്ടിയതും കരുക്കള്‍ നീക്കിയതും ആര്‍എസ്എസ്സും ബിജെപി കേന്ദ്ര നേതൃത്വവുമാണ്. തമ്മില്‍ പോരെടുത്ത് പല ഗ്രൂപ്പുകളായി നില്‍ക്കുന്ന സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് ഇക്കാര്യത്തില്‍ വലിയ പങ്കില്ല. അതുകൊണ്ടുതന്നെ ഏത് വിധത്തിലും കുമ്മനത്തെ ജയിപ്പിച്ചെടുക്കേണ്ടത് ആര്‍എസ്്എസ്സിന്റേയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും ആവശ്യമാണ്. തിരുവനന്തപുരം നിവാസികള്‍ക്ക് ചിരപരിചിതനാണ് മൃദുഭാഷിയും സൗമ്യനുമായ കുമ്മനം. എല്ലാ വിഭാഗത്തില്‍ പെട്ട സംഘ ബന്ധുക്കള്‍ക്കും ഒരുപോലെ സ്വീകാര്യന്‍. കുറെ നാളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കുന്നുവെന്നതിനാല്‍ ഇവിടത്തെ ബിജെപി നേതാക്കളുടെ ചക്കളത്തിപോരില്‍ അദ്ദേഹം നേരിട്ട് പങ്കാളിയുമല്ല.

സി ദിവാകരൻ - പയറ്റിത്തെളിഞ്ഞ നേതാവ്

സി ദിവാകരൻ - പയറ്റിത്തെളിഞ്ഞ നേതാവ്

തിരുവനന്തപുരത്ത് 2014ല്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുപോയത് എല്‍ഡിഎഫിനും സിപിഐക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. അന്ന് പേയ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട് ആരോപണത്തിനു വിധേയനാവുകയും പാര്‍ട്ടി നടപടി നേരിടുകയും ചെയ്ത സി. ദിവാകരനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. അതൊക്കെ എതിരാളികള്‍ ഉയര്‍ത്തുന്നുമുണ്ട്. പക്ഷെ പയറ്റിത്തെളിഞ്ഞ നേതാവാണ് സി. ദിവാകരന്‍. മണ്ഡലത്തില്‍ വ്യാപകമായ ബന്ധങ്ങള്‍. വോട്ടുപെട്ടി രാഷ്ട്രീയത്തിന്റെ ഏണും കോണും നന്നായി തിരിച്ചറിയുന്നയാള്‍. ആദ്യം തന്നെ പ്രചാരണ രംഗത്ത് സജീവമായി ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

ശബരിമല വോട്ടാകുമോ?

ശബരിമല വോട്ടാകുമോ?

ശബരിമല സ്ത്രീപ്രവേശന പ്രശ്‌നം ഏറ്റവും അധികം സ്വാധീനിക്കാനിടയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഈ പശ്ചാത്തലത്തില്‍ വലതുപക്ഷ വോട്ടര്‍മാരുടെ ഗണ്യമായ പങ്ക് ബിജെപിയിലേക്ക് കൂടുതലായി മാറിയേക്കുമെന്ന ആശങ്ക യുഡിഫിനും എല്‍ഡിഎഫിനും ഒരുപോലെയുണ്ട്. വിശ്വാസികള്‍ക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെങ്കിലും അത് കൂടുതല്‍ പ്രയോജനപ്പെടുത്തുക ബിജെപിയായിരിക്കുമെന്ന് പേടി കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം തന്നെയാകും ഈ മണ്ഡലത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക - അതിനോട് സമരസപ്പെട്ടും അല്ലാതേയുമുള്ള ഒഴുക്കുകളും അടിയൊഴുക്കുകളും.

 ശബരിമലയും ഹിന്ദുത്വ രാഷ്ട്രീയവും

ശബരിമലയും ഹിന്ദുത്വ രാഷ്ട്രീയവും

ശബരിമല സ്ത്രീപ്രവേശനം എന്നത് ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്‌നപരിസരം ആണ്. ആചാര ബന്ധുക്കളില്‍ അത് വലിയ പ്രശ്‌നമാണ്. ഉല്‍പ്പതിഷ്ണുക്കളായവരില്‍ അതിന്റെ അനുരണനം മറ്റ് തരത്തിലാവും. മൂന്നു പ്രധാന സ്ഥാനാര്‍ഥികളും ഹൈന്ദവരായ പശ്ചാത്തലത്തില്‍ ഇതര മതസ്ഥരായ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതി രാഷ്ട്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താനായിരിക്കും സാധ്യത. ഇടതു മുന്നണി ഇതില്‍ വലിയ പങ്ക് തങ്ങള്‍ക്ക് അനുകൂലമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ തെരഞ്ഞെടുപ്പ് ആയതിനാല്‍ ദേശീയ പ്രശ്‌നങ്ങളാവും മുഖ്യപരിഗണനയെന്ന് പറയുമ്പോഴും കേരളത്തിലെ സവിശേഷ പ്രശ്‌നങ്ങള്‍ വിഷയമാകാതിരിക്കാന്‍ തരമില്ല.

ചർച്ചാവിഷയങ്ങൾ വേറെയും

ചർച്ചാവിഷയങ്ങൾ വേറെയും

ഓഖി കെടുതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ തീരമേഖലയില്‍ ശക്തമാണ്. കടലില്‍ പോയ മടങ്ങിയെത്തിയിട്ടില്ലാത്ത എത്രയോപേര്‍. ദുരിതാശ്വാസം സംബന്ധിച്ച ആക്ഷേപങ്ങള്‍.. അങ്ങനെ പലതും ജനങ്ങളുടെ മനസ്സില്‍ എരിയുന്നുണ്ട്. മണ്ഡലത്തിലെ ചില ഇടങ്ങളിലെങ്കിലും പ്രളയവും കെടുതി വിതച്ചിരുന്നു. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുല്‍വാമ അടക്കം ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയാവുന്ന വിഷയങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം... മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ചെയ്യാത്തതുമായ നിരവധി ഘടകങ്ങള്‍ ജനങ്ങളുടെ സമ്മതിക്ക് മാനദണ്ഡമാകും. എന്‍എസ്എസിന്റെ നിലപാടടക്കം ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്.

തിരുവനന്തപുരത്ത് ഒന്നും എളുപ്പമല്ല

തിരുവനന്തപുരത്ത് ഒന്നും എളുപ്പമല്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം അടക്കമുള്ള പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചയാവും. ഇവ പ്രയോജനപ്പെടുത്തുന്നതിന് മുന്നണികള്‍ വലിയ ശ്രമം നടത്തുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വ മികവും പ്രധാന ഘടകമാണ്. വി. കെ. കൃഷ്ണമേനോനേയും കെ. കരുണാകരനേയും പി.കെ. വാസുദേവന്‍ നായരേയും ഒക്കെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലം ഒഎന്‍വി കുറുപ്പിനെ പോലെയുള്ളവരെ നിരാകരിച്ചും ശ്രദ്ധേയമായിട്ടുണ്ട്. ജനങ്ങള്‍ എല്ലാം കണ്ടും കേട്ടും നില്‍ക്കുകയാണ്.

ആരവങ്ങളില്‍ അവര്‍ ആണ്ട് മുങ്ങുന്നില്ല. മനസ്സിലെന്തെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയും അവര്‍ നല്‍കുന്നില്ല, പക്ഷെ മുന്നു മുന്നണികള്‍ക്കും ജയം അനിവാര്യമാണ്. അതിനായി കൊടും ചൂടിനെ അവഗണിച്ചും അവര്‍ വിയര്‍പ്പൊഴുക്കുന്നു, ജയിക്കാനും തോല്‍ക്കാനും തോല്‍പ്പിക്കുവാനും അതുപോലെ കാരണങ്ങളും ഉണ്ട്. ഈ ബോധ്യങ്ങളില്‍ നിന്നാണ് എല്ലാവരും കരുക്കള്‍ നീക്കുന്നതും കണക്ക് കൂട്ടുന്നതും. അതുകൊണ്ടുതന്നെ സവിശേഷമായ തെരഞ്ഞെടുപ്പ് കൊണ്ട് തിരുവനന്തപുരം ശ്രദ്ധേയമാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ സ്പെഷൽ ഇലക്ഷൻ പേജ് കാണൂ

English summary
Lok Sabha Elections 2019: Thiruvananthapuram is one of the 20 Lok Sabha constituencies of Kerala and to see tough fight between Congress and BJP. Former Mizoram governor Kummanam Rajasekharan will be contesting from here on a BJP ticket against sitting MP Shashi Tharoor. Here we have the Thiruvananthapuram Lok Sabha constituency analysis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more