• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധി?? കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും!!

  • By കെ.കെ. ആദർശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ഉത്തർപ്രദേശിലെ വാരാണസിയിൽ തന്നെയാകും മത്സരിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ച് രണ്ടിടത്തും വിജയിച്ച മോദി, വാരാണസി നിലനിർത്തുകയായിരുന്നു. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള യു.പി യിൽ സ്വാധീനം ചെലുത്തുന്നതിനായാണ് മോദി കഴിഞ്ഞ തവണ വാരാണസി തെരഞ്ഞെടുത്തത്. ചതുഷ്ക്കോണ മത്സരത്തിലൂടെ ആകെയുള്ള 80 സീറ്റിൽ 71 എണ്ണവും മോദി കൈപ്പിടിയിലൊതുക്കി.

ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

അതേ സമയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പ്രധാനമന്ത്രി പദത്തിലേക്കെത്താൻ യു.പിയിലെ മണ്ഡലത്തെയാണ് തെരഞ്ഞെടുത്തതെന്ന് വന്നാൽ ജന്മനാട്ടിൽ എതിർവികാരമുണരുമെന്നും മോദി ഭയന്നു. ഇതേ തുടർന്നാണ് വഡോദരയിലും മത്സരിക്കാൻ തീരുമാനിച്ചത്. ഇതോടെ ഗുജറാത്തിലേയും മുഴുവൻ സീറ്റുകളും തൂത്തുവാരി. ഇത്തവണ പക്ഷേ, വാരാണസി മാത്രം മതിയെന്ന തീരുമാനത്തിലാണത്രെ മോദി.

മോദി വാരാണസിയിൽ മാത്രം

മോദി വാരാണസിയിൽ മാത്രം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ സുരക്ഷിതമണ്ഡലത്തിനായി അമേഠിക്ക് പുറമെ മറ്റൊരിടത്ത് കൂടെ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കുമ്പോൾ ഒരിടത്ത് മാത്രം മത്സരിക്കാനുള്ള തീരുമാനം പ്രവർത്തകർക്കും മറ്റ് നേതാക്കൾക്കും ആത്മവിശ്വാസം പകരുമെന്ന് മോദി കരുതുന്നു. യു.പി.യിൽ ബി.എസ്.പി - എസ്.പി മഹാ സഖ്യത്തിന് മുന്നിൽ ഇത്തവണ നന്നായി വിയർക്കുമെന്ന് തിരിച്ചറിയുന്ന മോദി-ഷാ ടീം ഒഡിഷ, പശ്ചിമ ബംഗാൾ അടങ്ങിയ കിഴക്കൻ മേഖലയിൽ നിന്ന് പരമാവധി സീറ്റുകൾ കണ്ടെത്താനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഒഡിഷയിലെ പുരിയിൽ കൂടി മത്സരിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം യു.പി യിൽ തിരിച്ചടിയായേക്കുമെന്ന സൂചനയിൽ പുരിയിൽ മത്സരിക്കാനുള്ള നീക്കം ഒഴിവാക്കുകയായിരുന്നു.

നട്ടെല്ലൊടിഞ്ഞ് കാശി

നട്ടെല്ലൊടിഞ്ഞ് കാശി

വാരാണസി പഴയ വാരാണസിയല്ല. മോഡി ആദ്യമായി എത്തിയപ്പോഴുള്ള കൗതുകവും ഇപ്പോൾ വാരാണസിക്കില്ല. ജീവിത ദൈന്യതയാണ് വാരാണസി പങ്ക് വയ്കുന്നത്. പ്രധാനമന്ത്രി തന്നെ പ്രതിനിധീകരിക്കുന്ന മണ്ഡലമായിട്ടും വികസനത്തിലും ജീവിത നിലവാരത്തിലും ഇന്നും പരിതാപകരമാണ് അവസ്ഥ. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ അശാസ്ത്രീയമായി എർപ്പെടുത്തിയതോടെ കാർഷിക മേഖല പാടെ തകർന്നു. പരമ്പരാഗത നെയ്ത്ത് മേഖലയുടെ നടുവൊടിഞ്ഞു. ചെറുകിട വ്യവസായ ശാലകളിലേറേയും പൂട്ടി. ഈയൊരു സാഹചര്യത്തിൽ മോഡിയാണെങ്കിലും ഒത്ത എതിരാളിയുണ്ടെങ്കിൽ വിയർക്കുമെന്നുറപ്പാണ്. മോഡിയ്ക്ക് എതിരാളി ഇത്തവണ ആരാകും എന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.

മോദിക്കെതിരെ പ്രിയങ്കയോ?

മോദിക്കെതിരെ പ്രിയങ്കയോ?

ഇതിനിടെയാണ് വാരാണസിയില്‍ മോഡിയ്ക്കെതിരേ പ്രിയങ്ക ഗാന്ധി വാദ്ര മത്സരിക്കാനുള്ള സാധ്യത ഉയരുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരേ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോഡി വലവിരിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാത്ത നേതാവാണ് മോഡിയെന്ന് മമതാ ബാനർജിയടക്കമുള്ള നേതാക്കൾ പരസ്യമായി ആരോപിച്ചതുമാണ്. സാധാരണ ഗതിയിൽ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾക്കെതിരേ താരതമ്യേന ദുർബല സ്ഥാനാർത്ഥികളെയാണ് മറുപക്ഷം സ്ഥാനാർത്ഥികളാക്കാറുള്ളത്. എന്നാൽ മോഡി - അമിത് ഷാ കൂട്ടുകെട്ടിൽ ഇത്തരമൊരു സഹവർത്തിത്വ - സഹകരണ മനോഭാവം പ്രതീക്ഷിക്കാനാവില്ല.

എന്തുകൊണ്ട് പ്രിയങ്ക?

എന്തുകൊണ്ട് പ്രിയങ്ക?

പിന്നിട്ട ലോക്സസഭയിൽ പോലും കണക്ക് നിർത്തി കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകാൻ പോലും മോദി തയ്യാറായിരുന്നില്ല. അമേഠിയില്‍ രാഹുലിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ രംഗത്തിറക്കി ശക്തമായ മത്സരത്തിനാണ് ബി.ജെ.പി കളമൊരുക്കിയത്. സോണിയ മത്സരിക്കുന്ന റായ്ബലേറിയിലും ബി.ജെ.പി മീനാക്ഷി ലേഖിയടക്കമുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയെ വെറുതെ വിടേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ പ്രിയങ്ക തന്നെയാകും വാരാണസിയിൽ സ്ഥാനാർത്ഥി.

പ്രിയങ്കയുടെ ഗംഗാ യാത്ര

പ്രിയങ്കയുടെ ഗംഗാ യാത്ര

ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരേന്ത്യയില്‍ മോദി- പ്രിയങ്ക രാഷ്ട്രീയ പോരിനാകും വഴിയൊരുക്കുക. മോഡിയ്‌ക്കെതിരേ മത്സരിക്കുന്നതിലൂടെ ലഭിക്കുന്ന മാധ്യമ ശ്രദ്ധ കോൺഗ്രസിന്റെ പുതിയ ബ്രാന്റ് എന്ന നിലയിൽ പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുകയുമാകാം. മോഡിയെ തളയ്ക്കുക എന്ന മുഴുവൻ സമയ പ്രതിരോധ - ആക്രമണ ലക്ഷ്യത്തിൽ നിന്ന് മാറി കോൺഗ്രസിന് സീറ്റ് കൂടാൻ സാധ്യതയുള്ള ദക്ഷിണേന്ത്യയിൽ ശ്രദ്ധ പതിപ്പിക്കുകയുമാകാം. ദക്ഷിണേന്ത്യയിൽ താൻ മത്സരിക്കണമെന്ന പ്രവർത്തകരുടേയും നേതാക്കളുടേയും ആവശ്യം ന്യായമാണെന്നും രാഹുൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടേയും മത്സരിക്കാന്‍ തയ്യാറാണെന്നാണ് ആവർത്തിക്കപ്പെടുന്ന പ്രിയങ്കയുടെ പ്രതികരണവും. നിലവില്‍ വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്.

പ്രിയങ്കയെങ്കിൽ മത്സരം കടുക്കും

പ്രിയങ്കയെങ്കിൽ മത്സരം കടുക്കും

ഗംഗാ മാതാവ് വിളിച്ചു; ഞാന്‍ വന്നുവെന്നായിരുന്നു മോദി കഴിഞ്ഞ തവണ വാരാണസിയില്‍ മത്സരിച്ചപ്പോള്‍ പ്രതികരിച്ചത്. പ്രിയങ്കയും സമാനമായ രീതിയില്‍ ഗംഗായാത്ര നടത്തുകയും ഹിന്ദുത്വയിലൂന്നി പ്രചാരണം നയിക്കുകയും ചെയ്താണ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. ഇത്തവണ പ്രിയങ്ക രംഗത്തിറങ്ങിയാല്‍ മത്സരം കടുക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും കണക്ക്കൂട്ടല്‍. ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വയെ പ്രതിരോധിക്കാനും മറികടക്കാനും മൃദു ഹിന്ദുത്വയെയാണ് കോൺഗ്രസ് ആയുധമാക്കുന്നത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് രാഹുൽ ഈ പ്രഖ്യാപിത നയമാറ്റത്തിലേക്ക് കടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടപ്പുകളിലും ഇതേ നയം സ്വീകരിച്ച് വിജയം കൊയ്തു. ഇത്തവണ പ്രിയങ്കയും മോദിയെ തളയ്ക്കാൻ ഇതേ തന്ത്രം തന്നെയാണ് പരീക്ഷിക്കുന്നത്.

മാധ്യമശ്രദ്ധ വലിയ സാധ്യത

മാധ്യമശ്രദ്ധ വലിയ സാധ്യത

കഴിഞ്ഞ തവണ വാരാണസിയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാൾ മോഡിയ്ക്കെതിരേ സ്ഥാനാർത്ഥിയായത്. താമരക്കുളത്തിൽ ചൂലിട്ടിളക്കാൻ അന്ന്, രണ്ടും കൽപ്പിച്ചിറങ്ങിയ കെജ്രിവാൾ മോദിയ്ക്കെതിരായ സ്ഥാനാർത്ഥിയെന്ന നിലയിൽ ലഭിക്കുന്ന മാധ്യമ ശ്രദ്ധയായിരുന്നു പ്രധാനമായും ലക്ഷ്യം വച്ചത്. വാരാണസിയിൽ മോഡി- കെജ് രിവാൾ മത്സരത്തെ ദാവീദ് - ഗോലിയാത്ത് ഏറ്റുമുട്ടലായി ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വാരാണസിയില്‍ വിജയിച്ചത്. മുഖ്യ എതിരാളി അരവിന്ദ് കെജ്‌രിവാളിന് 209238 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 75614 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അജയ് റായി എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥിയായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങിയത്. ബി.എസ്.പി അവിടെ 60579 വോട്ട് നേടിയിരുന്നു.

കെജ്രിവാളിന്റെ തന്ത്രം

കെജ്രിവാളിന്റെ തന്ത്രം

ഇന്ത്യൻ ജനാധിപത്യത്തിലെ പുത്തൻ പരീക്ഷണമായിരുന്ന ആം ആദ്മി പാർട്ടി പിറന്ന് ഒന്നര വർഷം തികയും മുമ്പെയായിരുന്നു പാർട്ടി സ്ഥാപക നേതാവ് അരവിന്ദ് കെജ്രിവാൾ മോഡിയ്ക്കെതിരേ മത്സര രംഗത്തിറങ്ങിയത്. അന്നും കെജ്രിവാൾ മുഖ്യമന്ത്രി തന്നെയായിരുന്നു. വാരാണസിയിൽ കെജ്രിവാൾ ജയിച്ചാൽ ദില്ലിയിൽ ആരാകും പകരം മുഖ്യമന്ത്രിയെന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും കെജ്രിരിവാൾ ഇതൊന്നും ശ്രദ്ധിച്ചില്ല. മാധ്യമ ശ്രദ്ധയിലൂടെ ലഭിക്കുന്ന പബ്ലിസിറ്റി വഴി പാർട്ടി വളർത്തലായിരുന്നു കെജ് രിവാളിന്റെ ലക്ഷ്യം. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തവേ, കെജ്രിവാളിന്റെ പാർട്ടിക്ക് മറ്റെങ്ങും വേരോട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, ദില്ലിയിൽ തന്നെ അതിജീവിനത്തിനായി പാടുപെടുകയുമാണ്.

ബിജെപിയല്ല കോൺഗ്രസ്

ബിജെപിയല്ല കോൺഗ്രസ്

ഇതേ രീതിയിൽ വാരാണസിയിൽ മോഡിയോട് പ്രിയങ്ക ഏറ്റുമുട്ടിയാൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ചലനമുണ്ടാക്കാൻ സാധിക്കുമെന്ന് പാർട്ടിയ്ക്കകത്ത് വിലയിരുത്തലുണ്ട്. മോദി എന്താണോ വാരാണസിയിലെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉദ്ദേശിക്കുന്നത് അതേ ലക്ഷ്യമാണ് പ്രിയങ്ക മത്സരിക്കുന്ന പക്ഷം കോൺഗ്രസും മുന്നോട്ട് വയ്ക്കുക. എന്നാൽ എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ഒരു പാർട്ടി സംവിധാനം ബി.ജെ.പിയ്ക്ക് യു.പിയിലുണ്ട്. താഴെക്കിടയിൽ പ്രവർത്തിക്കാൻ പരിശീലനം നേടിയ കേഡർമാരുമുണ്ട്. എന്നാൽ അത്തരമൊരു സംവിധാനമില്ലെന്നതാണ് പ്രിയങ്ക നേരിടുന്ന പ്രധാന വെല്ലുവിളിയും പരിമിതിയും.

ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?

ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!!

നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!!

English summary
Lok Sabha Elections 2019: Varanasi Lok Sabha constituency analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X