കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുഭൂമിയുടെ മടിത്തട്ടിലൂടെ ഒരു രാജസ്ഥാൻ യാത്രയുടെ തുടക്കം (ഭാഗം 1).. ലിഡിയ ജോയ് എഴുതുന്നു!

  • By Muralidharan
Google Oneindia Malayalam News

അതിസുന്ദരിമാരായ രാജകുമാരിമാർ ചന്ദേരിയുടെ നേർത്ത മുഖപടവും അണിഞ്ഞ് നടന്നിരുന്ന അന്തപുരങ്ങൾ, അതിനിഗൂഢമായ ഉള്ളറകൾ നിറഞ്ഞ രാജകൊട്ടാരങ്ങൾ, കെട്ടുകഥകളിലെ നിറപ്പകിട്ടാർന്ന പ്രണയവും ചോരചിന്തുന്ന യുദ്ധങ്ങളും ചതിയും വഞ്ചനകളും ചേർന്നൊഴുകിയ നാട്ടിലേയ്ക്ക്. ഒട്ടകങ്ങളും നീണ്ട പടർന്ന മരുഭൂമികളും നിറഞ്ഞ നാട്. രാജസ്ഥാനിലേയ്ക്ക് ഒരു യാത്രയെന്ന ചിന്ത ആദ്യം മനസ്സിൽ വന്നത് പഹേലിയെന്ന ഷാരുഖ് ഖാൻ- റാണി മുഖർജി സിനിമയാണ്.

ഷാരൂഖ് ഖാനും റാണി മുഖർജിയും ലച്ചിയും പ്രേമുമായി അഭിനയിച്ച പഹേലി എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ? രാജസ്ഥാനിലെ രാജകൊട്ടാരങ്ങളുടെ, അതിസൂക്ഷ്മമായ ചിത്രപ്പണികൾ നിറഞ്ഞ അന്തഃപുരങ്ങളുടെ കാറ്റ് കഥയെഴുതുന്ന മരുഭൂമിയുടെ ഭംഗി ഒപ്പിയെടുത്ത മനോഹര പ്രണയകഥ?

കട്പുതലികൾ പറയുന്ന ഫാന്റസി കഥ

കട്പുതലികൾ പറയുന്ന ഫാന്റസി കഥ

പുതുപെണ്ണിന്റെ മോഹങ്ങളും സ്വപ്നങ്ങളുമായി പടി കയറി വന്ന ലച്ചി, അവളുടെ കണ്ണിൽ പൊടിയുന്ന കണ്ണീർ കാണാതെ കല്യാണപിറ്റേന്ന് അഞ്ച് വർഷം നീളുന്ന വ്യാപാര യാത്രയ്ക്ക് പോവുന്ന കിഷൻലാൽ, അവളിൽ മോഹമുദിച്ച പ്രേതമായ പ്രേം, വ്യാപാരത്തിന് പോവുന്ന കിഷൻലാലിന്റെ രൂപത്തിലെത്തി അവളെ പ്രണയിക്കുന്ന കഥ. കട്പുതലികൾ (ബഹുവർണ്ണ പാവകൾ) പറയുന്ന ആ ഫാന്റസി കഥ, കഥകളിഷ്ടപെടുന്നവരെല്ലാം ഒരു വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും. രാജസ്ഥാനിന്റെ മിസ്റ്റിക്ക് സൗന്ദര്യവും അവിടുത്തെ ജനജീവിതങ്ങളുടെ വർണ്ണപൊലിമയും അത് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞ ഒരു നല്ല ചിത്രമായിരുന്നു ‘പഹേലി‘.

രാജസ്ഥാൻ - പോകാന്‍ കൊതിച്ച നാട്

രാജസ്ഥാൻ - പോകാന്‍ കൊതിച്ച നാട്

വർഷങ്ങൾക്ക് മുൻപൊരിക്കൽ സൂര്യൻ മദപ്പാടിൽ നിന്ന ഒരു ഏപ്രിൽ മാസത്തിൽ ജയ്പൂർ പോയി സൂര്യാഘാതമേറ്റ് തളർന്ന ഓർമ്മകളിൽ പോലും രാജകൊട്ടാരങ്ങളും വർണ്ണ തലപ്പാവ് കെട്ടിയ കൊമ്പൻ മീശയുള്ള പുരുഷന്മാരും നേരിയ ചുന്നി കൊണ്ട് മുഖം മറയ്ക്കുന്ന സ്ത്രീകളും മരുഭൂമിയും മണല്പരപ്പും നിറഞ്ഞ രാജസ്ഥാൻ എന്നെങ്കിലുമൊരിക്കൽ പോവാൻ കൊതിച്ച സ്ഥലങ്ങളിൽ തലപ്പത്ത് തന്നെയായിരുന്നു. രണ്ടായിരത്തി പതിനഞ്ചിലെ പുരി-വിശാഖപട്ടണം യാത്രയ്ക്ക് ശേഷം നാടോടികൂട്ടം രാജസ്ഥാൻ തിരഞ്ഞെടുത്തപ്പോൾ മുതൽ മനസ്സിൽ വീണ്ടും സിന്ധി സാരംഗിയും എക്താരയും മൂളി തുടങ്ങി. ശരിക്കും ഞങ്ങളൊരു നാടോടി സംഘം തന്നെയാണ്, കുഞ്ഞുകുട്ടി പരാധീനങ്ങളും അരി മുതൽ അങ്ങാടി മരുന്ന് വരെ ഭാണ്ഡത്തിലാക്കി യാത്ര പോകുന്നവർ.

കമ്പിളിക്കെട്ടുകളുടെ കൂട്ടം

കമ്പിളിക്കെട്ടുകളുടെ കൂട്ടം

ബാംഗ്ലൂരിൽ നിന്ന് ബെലഗാം, അഹമ്മദാബാദ് ബോംബെ വഴി രാജസ്ഥാനിൽ എത്താനായിരുന്നു പ്ലാൻ. മൂന്ന് ദിവസങ്ങൾ റോഡിൽ തന്നെയായിരിക്കും എന്ന അറിവ് കുഞ്ഞുങ്ങളെ ഓർത്തപ്പോൾ പരിഭ്രമമായി. വരാനിരിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങളുടെ അടയാളക്കൊടിയായിരുന്നു ആ ആധിയെന്ന അപ്പോഴെങ്ങനെ മനസ്സിലാവാൻ. ഡിസംബറിലെ രാജസ്ഥാൻ തണുപ്പിന്റെ കൂടാരമാണെന്നുള്ള അറിവിൽ കമ്പിളിക്കെട്ടുകളുടെ ഒരു കൂട്ടവും ഉണ്ടായിരുന്നു. എന്നിട്ടും അവിടെയനുഭവിച്ച തണുപ്പിനെ നേരിടാൻ അത് പോരാതായെന്നതാണ് സത്യം

പ്രതീക്ഷകള്‍ തെറ്റിച്ച് രാജസ്ഥാൻ

പ്രതീക്ഷകള്‍ തെറ്റിച്ച് രാജസ്ഥാൻ

രാജസ്ഥാനിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു റോഡ് ട്രിപ്പ്.. ബാംഗളൂരിൽ നിന്ന് അവിടെ വരെ റോഡ് മാർഗം എത്തിച്ചേരാനുള്ള സമയം, ഒക്കെയും മുറുക്കി കെട്ടി രണ്ടാഴ്ചയിലൊതുക്കി ഞങ്ങൾ പുറപ്പെടുമ്പോൾ സൂര്യന്റെ ചൂട് പകർന്നൊഴുകുന്ന നാട്ടിൽ കുളിരിന്റെ ചെറിയ തണൽ പരപ്പുകളേ ഉണ്ടാവൂ എന്നായിരുന്നു പ്രതീക്ഷ.. വെന്തുരുകുന്ന വംഗനാട്ടിലേയ്ക്കുള്ള യാത്രയിൽ കെട്ടിപെറുക്കാനുള്ള കമ്പിളി കുപ്പായങ്ങളിൽ പിശുക്ക് കാണിച്ചതും അത് കൊണ്ട് തന്നെയാണ്..

കട്പുതലികൾ കഥ പറയുന്ന നാട്ടിലേയ്ക്ക് ...

കട്പുതലികൾ കഥ പറയുന്ന നാട്ടിലേയ്ക്ക് ...

ബെലഗാം വഴിയാണ് യാത്രയെന്നറിഞ്ഞതും ബെലഗാമൈലെ പ്രശസ്തമായ ബെന്നൈ ദോശ തിന്നണമെന്നുള്ള ആഗ്രഹമായി മനസ്സിൽ. പോവുന്ന റൂട്ടിൽ നിന്നും അല്പം മാറി യാത്ര ചെയ്താലും വേണ്ടില്ല ആ വിശിഷ്ട വിഭവത്തിന്റെ രുചിയറിഞ്ഞേ പോവുന്നുള്ളൂ എന്ന തീരുമാനം ആദ്യദിവസത്തെ തിരച്ചിൽ ബെന്നൈ ദോശയ്ക്ക് വേണ്ടിയുള്ളതാക്കി . അല്ലെങ്കിലും യാത്രകൾ നിശ്ചയിച്ചുറപ്പിച്ച പാതകളിൽ തന്നെയാവുന്നതിലും നല്ലതല്ലേ പുതിയ തിരച്ചിലുകൾക്ക് വേണ്ടിയാവുന്നത്. എത്ര കുറച്ചാലും കുറഞ്ഞ് കാണാത്ത കുട്ടിക്കുപ്പായങ്ങളും വഴിയാത്രയ്ക്കുള്ള ചെറുകടികളും ഒക്കെ പെറുക്കി കെട്ടി അങ്ങനെ നാടൊടികൂട്ടം മൂന്ന് വണ്ടികളിലായി യാത്ര തുടങ്ങി. ബാജ്ര റൊട്ടിയും കെരെ സാഗ്രിയും കഴിക്കുന്നവരുടെ, എക്താരയുടെ പതിനാറ് തന്ത്രികളിൽ ഈണം മീട്ടുന്നവരുടെ നാട്ടിലേയ്ക്ക്.. കട്പുതലികൾ കഥ പറയുന്ന നാട്ടിലേയ്ക്ക്

English summary
#MeOnRoad: Lidya Joy writes about Bangalore - Rajasthan trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X