കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നു നിർത്തണം ഹേ! ലിനി മാലാഖയായിരുന്നില്ല! നിപ്പാ വൈറസ് കൊന്ന ലിനിയുടെ മരണത്തെ പൈങ്കിളിയാക്കരുത്

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധയ്ക്കിരയായി മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി കേരളത്തിനാകെ നീറുന്ന വേദനയായി മാറിയിരിക്കുകയാണ്. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ലിനി ചെയ്ത സേവനം സമാനതകളില്ലാത്തതാണ് എന്ന് കേരളം ഒന്നാകെ പുകഴ്ത്തുന്നു. ലിനിയെ മാലാഖയെന്ന് വിളിക്കുന്ന പോസ്റ്റുകളാല്‍ നിറഞ്ഞിരിക്കുന്നു സോഷ്യല്‍ മീഡിയയിലെ ചുമരുകള്‍.

മരണശേഷം ലഭിക്കുന്ന ഈ മാലാഖപ്പട്ടം അല്ലാതെ, നമ്മുടെ നാട്ടില്‍ നഴ്‌സുകളുടെ ജീവിതം അത്ര സുഖകരമൊന്നുമല്ല. പിച്ചക്കാശിനാണ് പലരും സ്വന്തം ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്യുന്നത് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന കൂലി ലഭിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരാണ് ലിനിയുടെ മരണശേഷം ഫേസ്ബുക്കില്‍ കരയുന്നത്. ലിനി മാലാഖയായിരുന്നില്ല, എല്ലാവരേയും പോലെ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന സാധാരണ സ്ത്രീ ആയിരുന്നു. സോഷ്യല്‍ മീഡിയ പറയുന്നത് കേള്‍ക്കാം:

ലിനി ഒരു സാധാരണ സ്ത്രീ

ലിനി ഒരു സാധാരണ സ്ത്രീ

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ലിനി സിസ്റ്ററെ എല്ലാവരും ചേർന്ന് മാലാഖയാക്കുന്നത് കണ്ടു. അല്ല നാട്ടുകാരേ, അവരു പാവമൊരു സാധാരണ സ്ത്രീയാണ്. കെട്ടിയോനും കുട്ടികളുമൊക്കെയുള്ള ഒരു സാധാരണക്കാരി. നിങ്ങൾ രാവിലെ ഓഫീസിലും സ്കൂളിലും കോളജിലുമൊക്കെ പോകുന്നതുപോലെ വൈകിട്ട് കുട്ടികളുടെ അടുത്തേക്ക് തിരിച്ചു ചെല്ലാമെന്ന് പ്രതീക്ഷിച്ച് രാവിലെ വീടുവിട്ടിറങ്ങിയ സാധാരണക്കാരി. നിങ്ങൾ ടീച്ചറും എഞ്ചിനീയറും ക്ലർക്കും സ്വീപ്പറും കർഷകനും ഒക്കെയായി തിരഞ്ഞെടുത്ത ജോലികൾ പോലെ അവർ ഉപജീവനത്തിനായിക്കൂടി തിരഞ്ഞെടുത്ത ജോലികൂടിയായിരുന്നു നഴ്സിങ്ങ്. അതിനിടയിലാണ് ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന് ഒരു വൈറസ് അവരോട് പറഞ്ഞത്.

ആരോഗ്യപ്രവർത്തകരുടെ ജീവൻ

ആരോഗ്യപ്രവർത്തകരുടെ ജീവൻ

ഇന്ന് റിപ്പോർട്ടറിലെ ചർച്ചയിൽ ശ്രീ നികേഷ് കുമാർ പറഞ്ഞ ഒരു വാചകം മനസിൽ പിന്നെയും പിന്നെയും ഉയർന്നുവരികയാണ്. " ഒരു ആരോഗ്യപ്രവർത്തക പോലും മരിക്കുന്ന സാഹചര്യമാണിവിടെ ഉണ്ടായിരിക്കുന്നത് " എന്നതായിരുന്നു ആ വാചകം. ആ സ്റ്റുഡിയോ ഫ്ലോറിലിരുന്നപ്പൊ തൊട്ട് ആലോചിച്ചത് അതിനെക്കുറിച്ചാണ്. ശരിക്കും ഈ സാഹചര്യം എന്നും ഇവിടെയുണ്ടായിരുന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ പരിമിതമായ സൗകര്യങ്ങളിൽ ജോലി ചെയ്യുന്ന ഓരോ ഡോക്ടറും നഴ്സും നഴ്സിങ്ങ് അസിസ്റ്റൻ്റും തൊട്ട് ക്ലാസ് ഫോർ ജീവനക്കാർ വരെ നേരിടുന്ന ഒരു യാഥാർഥ്യം മാത്രമാണത്.

രോഗാണുക്കളുടെ ഇടയിൽ

രോഗാണുക്കളുടെ ഇടയിൽ

ആയിരക്കണക്കിനു മനുഷ്യർക്കിടയിൽ അറിയപ്പെടാത്ത കോടാനുകോടി രോഗാണുക്കളുടെ ഇടയിലാണ് ഓരോ ഡോക്ടറുടെയും നഴ്സിൻ്റെയും ജീവിതം. ഒപ്പം കൂട്ടിനുളളത് യൂണിവേഴ്സൽ പ്രിക്കോഷനെന്ന പേരിലറിയപ്പെടുന്ന ചില മുൻ കരുതലുകളും. എന്നിരുന്നാലും ഒരു പത്തോ പതിനഞ്ചോ വർഷം സർവീസുള്ള ഏതൊരു ആരോഗ്യപ്രവർത്തകർക്കും പറയാനുണ്ടാവും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച രോഗിയെ ഇഞ്ചക്റ്റ് ചെയ്ത സൂചി കൊണ്ടപ്പോൾ ടെൻഷനടിച്ച് നടന്നതിൻ്റെയോ എച്ച്1 എൻ1 രോഗം സംശയിക്കുന്ന രോഗിയെ പരിചരിച്ചതിനു ശേഷം വീട്ടിലെത്തിയപ്പോൾ കുഞ്ഞിനു ചുമ കണ്ട് നെഞ്ച് കത്തിയതിൻ്റെയോ വെറുമൊരു ചിക്കൻ പോക്സിൻ്റെ പേരിൽ ഗർഭകാലത്ത് തീ തിന്നതിൻ്റെയോ കഥകൾ..

നിങ്ങൾ കാണാത്തത് കൊണ്ടാണ്

നിങ്ങൾ കാണാത്തത് കൊണ്ടാണ്

അത് അജ്ഞാത രോഗം ബാധിച്ച് മരിക്കുന്നയാളെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ഫോറൻസിക് സർജനും മൃതദേഹം തുന്നിക്കെട്ടുന്ന അസിസ്റ്റൻ്റും വരെയെത്തും. എന്തിനധികം പറയുന്നു.. ആധുനിക വൈദ്യത്തിൻ്റെ തട്ടിപ്പാണെന്ന് വ്യാജന്മാർ അവകാശപ്പെട്ട ഡിഫ്തീരിയയിൽ പോലും രോഗം ബാധിച്ച ഇ.എൻ.ടി ഡോക്ടറുണ്ട്. ഇത് മുൻപും ഇവിടെ നടന്നിട്ടുണ്ട് സുഹൃത്തുക്കളേ... നിങ്ങൾ നോക്കാഞ്ഞിട്ടാണ്. കാണാഞ്ഞിട്ടാണ്. കണ്ടിട്ടും മുഖം തിരിച്ചതിനാലാണ് ഇത് ആദ്യ സംഭവമായി തോന്നുന്നത്. ഇവരെയാണ് നിങ്ങൾ വടക്കനും തെക്കനും മോഹനനും വഞ്ചക ഹ്യൂമൻ റൈറ്റ്സുകാരും എല്ലാം പറഞ്ഞതുകേട്ട് തല്ലാനിറങ്ങിയത്.

പ്രതിഫലം അടിയോ മരണമോ

പ്രതിഫലം അടിയോ മരണമോ

ഇന്നേവരെ ജീവിതത്തിൽ ഒരു പകർച്ചവ്യാധി പോലും മാനേജ് ചെയ്യുകയോ ചെയ്യാത്ത അവനൊക്കെ ഈ നിമിഷവും, ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ നട്ടപ്പാതിരയിലും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മെഡിക്കൽ കോളജിലും സർക്കാർ സ്വകാര്യ ആശുപത്രികളിലും ഉറക്കമില്ലാതെ, സ്വന്തം പ്രവൃത്തിക്ക് പ്രതിഫലമായി ലഭിക്കുക അടിയാണോ അതോ മരണമാണോ എന്നാലോചിക്കാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെക്കുറിച്ച് പറയുന്നത് കേൾക്കുമ്പൊ.. ഇതും കടന്നുപോകും..

ഒരു ആരോഗ്യപ്രവർത്തകനെങ്കിലും ഉണ്ടാകും

ഒരു ആരോഗ്യപ്രവർത്തകനെങ്കിലും ഉണ്ടാകും

ഇനിയും ആരോഗ്യപ്രവർത്തകരുടെ പിഴവുകളെക്കുറിച്ച് വാർത്തകൾ വരുമ്പൊ രണ്ടാമതൊന്നാലോചിക്കാതെ ഈ പൂമാലയ്ക്കും ആദരാഞ്ജലികൾക്കും പകരം വാളുയരുമെന്നറിയാവുന്നതുകൊണ്ട് ഈ സ്തുതികൾ കാണുമ്പൊ നിർവികാരതയേ തോന്നുന്നുള്ളൂ. ആരൊക്കെയോ എന്തെങ്കിലും പറയുന്നതു കേട്ട് കൈകൾ തങ്ങൾക്ക് നേരെ ഉയർന്നാലും കുഞ്ഞുങ്ങളെ ഭർത്താവിനെ ഏല്പിച്ച് പോകേണ്ടിവന്നാലും അവസാനമായി കുടുംബത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ണുകൊണ്ട് കാണാനില്ലാത്ത ഒരു സൂക്ഷ്മജീവിയെ പേടിച്ച്, ജീവനിൽ ഭയന്ന് വരുമ്പൊ ചിരിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ ഒരു ആരോഗ്യ പ്രവർത്തകനെങ്കിലും ഇവിടെയുണ്ടാവും...

ജീവിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല

ജീവിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല

ഡോക്ടർക്കോ നഴ്സിനോ ഭയമില്ലാഞ്ഞിട്ടോ ജീവിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടോ ഒരു രോഗവും വരില്ലെന്ന് തോന്നിയിട്ടോ അല്ല അവരവിടെയുണ്ടാകുന്നത്. അവരില്ലെങ്കിൽ മറ്റാരും ഉണ്ടാവാനിടയില്ലെന്ന് അറിയാവുന്നതുകൊണ്ടുകൂടിയാണ്.

ഒന്ന് മാത്രം പറയാം. അവരൊരു മാലാഖയല്ലായിരുന്നു'' എന്നാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മാധ്യമപ്രവർത്തകനായ സുജിത്ത് ചന്ദ്രനും ഫേസ്ബുക്കിൽ സമാന അഭിപ്രായം പങ്കുവെയ്ക്കുന്നു. സുജിത്ത് ചന്ദ്രന്റെ കുറിപ്പ് ഇതാണ്:

ഒന്നു നിർത്തണം ഹേ!

ഒന്നു നിർത്തണം ഹേ!

ഒന്നു നിർത്തണം ഹേ! ലിനി മാലാഖ ഒന്നുമായിരുന്നില്ല. ഒരു ശുചീകരണ തൊഴിലാളിയോ ബസ് കണ്ടക്ടറോ പൊലീസുകാരനോ തെങ്ങുകയറ്റക്കാരനോ അവരുടെ ജോലിക്കിടെ മരിച്ചാൽ മാലാഖ ആവാറില്ലല്ലോ. ലിനി ജീവിക്കാൻ വേണ്ടി ദിവസക്കൂലിക്ക് തൊഴിലെടുത്ത തൊഴിലാളി ആയിരുന്നു. നഴ്സ് തൊഴിലാളിക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ മാറണമെന്ന് പറയ്‌. അതാരെങ്കിലും നിഷേധിക്കുന്നത് കണ്ടാൽ വിളിച്ച് പറയ്.

മാലാഹ... തേങ്ങാക്കൊല

മാലാഹ... തേങ്ങാക്കൊല

ജോലിക്കും കൂലിക്കും വേണ്ടി അവര് സംഘടിക്കുന്ന നേരത്ത് കൂടെ നിൽക്ക്. മരണത്തെ പൈങ്കിളിവൽക്കരിക്കുന്ന പണി നിർത്ത്. ജീവിക്കാനായിരുന്നു. മരണത്തിലൂടെ അനശ്വര ആകാനല്ലായിരുന്നു. മാലാഹ... തേങ്ങാക്കൊല !ലിനിക്ക് ആദരാഞ്ജലികൾ എന്നാണ് പോസ്റ്റ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീചിത്രൻ എംജെയും ലിനി വിഷയത്തിൽ ശ്രദ്ധേയമായ ഫേസ്ബുക്ക് പ്രതികരണം നടത്തിയിട്ടുണ്ട്. ശ്രീചിത്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ലിനി തൊഴിലാളിയായിരുന്നു

ലിനി തൊഴിലാളിയായിരുന്നു

ലിനി മാലാഖയായിരുന്നില്ല. ആരോഗ്യ പ്രവർത്തകയായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുണ്ടായിരുന്ന മനുഷ്യസ്ത്രീയായിരുന്നു. വാസ്തവങ്ങളുടെ തിളക്കം വിശേഷണങ്ങൾക്കില്ല. മാലാഖയും വിശുദ്ധ യുമായി മരണാനന്തരം ജീവിക്കാനുള്ള വിശേഷണമൂല്യമല്ല, മനുഷ്യ ദുരന്തത്തിനു മുന്നിൽ തൊഴിലാളിയായി നിന്ന് പൊരുതി വീണ ആരോഗ്യ പ്രവർത്തകയുടെ അഭിമാനകരമായ മൂല്യമാണ് ലിനിക്ക് നൽകാനുള്ള ഏറ്റവും തിളക്കമുള്ള പദവി.

അശ്ലീല കഥകളിലെ കഥാപാത്രം

അശ്ലീല കഥകളിലെ കഥാപാത്രം

ദയവായി മാലാഖമാരോളം ലിനിയെ താഴ്ത്തിക്കളയരുത്. ലിനിയുടെ ചിത്രം കാണുമ്പോൾ സങ്കടത്തോടൊപ്പം ഒരു കയ്പ്പ് വന്നു നിറയുന്നു. നമുക്കിന്നും ആരാണ് നഴ്സ് ? എണ്ണമറ്റ അശ്ലീലക്കഥകളിൽ, "ഓ, നഴ്സാണല്ലേ " എന്ന മുഖം കോട്ടിച്ചിരികളിൽ, ഹോസ്പിറ്റലിനകത്തു പോലും അർത്ഥം വെച്ചുള്ള നോട്ടങ്ങളിൽ, കല്യാണക്കമ്പോളത്തിലെ പരിഹാസങ്ങളിൽ, "വിദേശത്ത് നല്ല മാർക്കറ്റുള്ള ജോലിയാ" എന്ന കുലുങ്ങിച്ചിരിയിൽ, എത്രയോ പുളിച്ച ചലച്ചിത്രഡയലോഗുകളിൽ... നഴ്സ് നമുക്കിടയിൽ ജീവിക്കുന്നതിന്നും ഇങ്ങനെയാണ്.

നമുക്ക് നല്ല വിളിപ്പേര് പോലുമില്ല

നമുക്ക് നല്ല വിളിപ്പേര് പോലുമില്ല

ഒരു ജോലി സുരക്ഷയുമില്ലാതെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന ആയിരങ്ങളുടെ നേരെ മലയാളി നോക്കുന്ന പുഴുത്ത നോട്ടത്തിനു മുന്നിലാണ് അവർ ജീവിക്കാനായി സമരം ചെയ്തത്. നീതിയുടെ വിതരണത്തിൽ നാം എത്ര വലിയ പരാജയമെന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്. നോക്കൂ, നമുക്കിന്നു വരെ ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാൻ നമ്മുടെ ഭാഷയിൽ ഒരു നല്ല വിളിപ്പേരു പോലുമില്ല. നമ്മളും ഇംഗ്ലീഷുകാരെ അനുകരിച്ച് സിസ്റ്റർ എന്നു വിളിക്കുന്നു. ഇംഗ്ലീഷുകാർ ഇംഗ്ലീഷിൽ സിസ്റ്റർ എന്നു വിളിക്കുമ്പോൾ " പെങ്ങളേ " എന്ന ഭാവാർത്ഥമാണ് അനുഭവിക്കുന്നത്.

ആ വിളി മലയാളിക്ക് അന്യം

ആ വിളി മലയാളിക്ക് അന്യം

ഭാഷ അനുഭവലോകമാണ് എന്നു തിരിച്ചറിവുള്ളവർക്ക് പ്രശ്നം മനസ്സിലാവും. ശരീരത്തിൽ തൊട്ട് പരിചരിക്കാൻ വരുന്നൊരു സ്ത്രീയെ പെങ്ങളേ എന്നു വിളിക്കുന്നതോടെ വാതിൽ തുറക്കുന്ന സാഹോദര്യത്തിന്റെ ഒരു പ്രപഞ്ചമുണ്ട്. അതിന്നും മലയാളിക്കന്യമാണ്. അതുകൊണ്ടു തന്നെ തിരിഞ്ഞു കിടന്ന് സൂചി വെക്കാൻ ഡ്രസ് താഴ്ത്തുമ്പോഴേക്കും തരളിതരാവുന്ന പൂവാലജീവിതം നമ്മുടെ സിനിമയിലും ആശുപത്രിയിലും തുടരുന്നു.

അടിവസ്ത്രം പോലും വാങ്ങിത്തന്ന നഴ്സ്

അടിവസ്ത്രം പോലും വാങ്ങിത്തന്ന നഴ്സ്

അങ്ങനെ, നഴ്സിങ്ങ് ജീവിതത്തിൽ ഭാഷ പോലുമില്ലാത്തവളുടെ തൊഴിൽഭാഷയാണ് ശുശ്രൂഷ. ഏതു ദയനീയ തൊഴിൽ സാഹചര്യത്തിലും അവരത് എത്ര മേലാഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരുവന് ആജൻമം നേഴ്സുകളെ പരിഹസിക്കാനും ദ്വയാർത്ഥപ്പെടാനും നാവു പൊന്തില്ല. മുംബെയിൽ ആരും നോക്കാനില്ലാത്തൊരു അഡ്മിറ്റ് കാലത്ത്‌ അടിവസ്ത്രമടക്കം വാങ്ങിക്കൊണ്ടുവന്നു തന്ന , ഇന്നും പേരറിയാത്തൊരു നഴ്സിന്റെ മുഖം മുന്നിൽ നിറയുന്നു.

അഭിമാനകരമായി തൊഴിൽ ചെയ്തവൾ

അഭിമാനകരമായി തൊഴിൽ ചെയ്തവൾ

അവർ മാലാഖയായിരുന്നില്ല. എപ്പൊഴോ അവരെന്റെ കണ്ണീർ തുടച്ചിട്ടുണ്ട്. ലിനിയും മാലാഖയല്ല. ചുറ്റും എന്നും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്. അത്രയും അംഗീകാരം ലിനി അർഹിക്കുന്നുണ്ട്. ലിനി പ്രതിനിധീകരിക്കുന്ന സംബോധനാരഹിതകളായ ആയിരങ്ങളും എന്നാണ് ശ്രീചിത്രൻ എംജെയുടെ കുറിപ്പ് അവസാനിക്കുന്നത്. മരണത്തിന് ശേഷം മാലാഖകളാക്കുന്നതിന് പകരം നഴ്സുമാർ അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ സാഹചര്യത്തിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നാണ് സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Social media reactions in Nurse Lini's death at Kozhikode, because of Nipah Viral Fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X