ഇടുക്കിയുടെ സ്വന്തം മണിയാശാൻ! മന്ത്രിക്കസേരയിലും വൺ ടൂ ത്രീ സ്റ്റൈൽ...

  • Posted By:
Subscribe to Oneindia Malayalam

വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എംഎം മണി, പാർട്ടി പ്രവർത്തകർക്ക് മണിയാശാൻ ആണ്. ഇടുക്കി ഹൈറേഞ്ചിൽ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. ദാരിദ്ര്യത്തോട് പടവെട്ടി ഹൈറേഞ്ചിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന എംഎം മണി, തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.

1966ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. പിന്നീടങ്ങോട്ട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയായി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയും അദ്ദേഹം തന്നെ.

mmmani

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിന്റെ സമയത്താണ് എംഎം മണിയെ സംബന്ധിച്ചുള്ള ആദ്യവിവാദമുയരുന്നത്. പാർട്ടി ഓഫീസ് പൊളിക്കാനുള്ള നീക്കവും, സഹോദരൻ ലംബോധരന്റെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നീക്കവും മണിയെ ചൊടിപ്പിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലൂടെ വിഎസിന്റെ കരിമ്പൂച്ചകൾക്കെതിരെ എംഎം മണി ആഞ്ഞടിച്ചു.

ടിപി വധത്തിന് പിന്നാലെ അദ്ദേഹം നടത്തിയ വൺ ടൂ ത്രി പ്രസംഗമാണ് പാർട്ടിക്ക് പിന്നീട് വലിയ തലവേദനയായി മാറിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ വൺ ടൂ ത്രീ ഫോർ എന്ന ക്രമത്തിൽ വെടിവെച്ചു കൊന്നുവെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. ഇതു പിന്നീട് മാധ്യമങ്ങളിൽ വാർത്തയായി. അന്നത്തെ യുഡിഎഫ് സർക്കാർ എംഎം മണിക്കെതിരെ കേസെടുത്തു. അ‍ഞ്ചേരി ബേബി വധക്കേസിൽ അദ്ദേഹത്തെയും പ്രതിചേർത്തു. വിവാദം മുറുകിയതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എംഎം മണിയെ പാർട്ടി നീക്കം ചെയ്യുകയുമുണ്ടായി.

mmmani

ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയ ശേഷമാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎം മണി ജനവിധി തേടിയത്. 1996ലെ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല അദ്ദേഹത്തെ കൈവിട്ടെങ്കിലും 2016ൽ മികച്ച ഭൂരിപക്ഷം നൽകി നിയമസഭയിൽ എത്തിച്ചു. ബന്ധുനിയമന വിവാദത്തിൽപ്പെട്ട് ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെ ഇടുക്കിക്കാരുടെ മണിയാശാൻ ആദ്യമായി മന്ത്രിക്കസേരയിലെത്തി.

വൈദ്യുതി വകുപ്പിന്റെ ചുമതലയേറ്റ എംഎം മണി ആതിരപ്പിളി പദ്ധതി ആരംഭിക്കുമെന്ന് പറഞ്ഞ് വീണ്ടും വാർത്തകളിലിടം നേടി. ഇതിനുപിന്നാലെ മൂന്നാറിലെ പെൺപിളൈ ഒരുമൈ നേതാക്കൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നും അദ്ദേഹത്തിനെതിരെ ആരോപണമുയർന്നു. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വനിതാ സംഘടനകളും രംഗത്തെത്തി. എന്നാൽ പ്രസംഗത്തിന്റെ ഏതാനുംചില ഭാഗങ്ങൾ മാത്രമാണ് മാധ്യമങ്ങൾ പുറത്തുവിട്ടതെന്നും, മണി രാജിവെക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനമെടുത്തു. പ്രസംഗത്തിന്റെ പേരിൽ എംഎം മണിയെ ശാസിക്കാനും സിപിഎം മറന്നില്ല. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള എംഎം മണിയുടെ പ്രസംഗങ്ങളും വിവാദത്തിലാണ് കലാശിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Oneindia News makers of the year 2017: Read about mm mani.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്