സ്പൈഡർമാനൊ ബാറ്റ്മാനോ അല്ല രാമനായിരുന്നു സൂപ്പർഹീറൊ!! എന്തുകൊണ്ട് ശ്രീരാമൻ? രഞ്ജിത്ത് എഴുതുന്നു!!

  • By: Desk
Subscribe to Oneindia Malayalam

രഞ്ജിത്ത് രവീന്ദ്രൻ

രാമായണകഥയുടെ തന്നെ സ്വഭാവത്തിന് മൊത്തത്തിൽ എതിരു നിൽക്കുന്ന കള്ളങ്ങൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നവരുടെ ലക്ഷ്യമെന്തായിരിക്കും? ഭാരതീയ ചിന്തകളെ ഇല്ലാതാക്കാൻ ആദ്യം അപചയപ്പെടുത്തേണ്ടത് പുരുഷോത്തമനായ രാമനെ തന്നെയാണ് എന്നത് തന്നെ - രഞ്ജിത്ത് രവീന്ദ്രൻ എഴുതുന്നു...

ആകാശവാണിയിലെ രാമായണം കേട്ടുണർന്നും, ത്രിസന്ധ്യക്ക് വിളക്കിനു മുന്നിലെ രാമകഥയുടെ സാഗരത്തിലേക്ക് വഴുതിവീണുറങ്ങിയും, കഴിഞ്ഞുപോയ ഒരുപാട് കർക്കിടകങ്ങൾ. കമ്പ് വളച്ച് ചണനൂൽ കെട്ടിയ വില്ലിൽ തൊടുത്ത് വാഴകളിൽ തറപിച്ച അസംഖ്യം ഈർക്കിലുകൾ. സ്പൈഡർമാനൊ ബാറ്റ്മാനോ മാർവെൽ കഥാപാത്രങ്ങളൊ ആയിരുന്നില്ല, രാമനായിരുന്നു അന്നത്തെ സൂപ്പർഹീറൊ. അണ്ണാറക്കണ്ണനു വരകൾ കൊടുത്ത, ഒരു കാൽസ്പർശത്തിൽ കല്ലിന് ശാപമോക്ഷം നൽകി അഹല്യയാക്കിയ, ആ അതുല്യപുരുഷനെ സ്വപ്നം കണ്ട ബാല്യകാലം.

ബാലചാപല്യങ്ങൾ കൌമാരകൌതുകങ്ങൾക്കും നിഷേധത്തിനും വഴിമാറിയ നാളുകളിൽ ആ രാമൻ പ്രേയസിയെ ഓർത്ത് കരയുന്ന കമിതാവായും, അവൾക്കായി സമുദ്രം തന്നെ കീഴടക്കിയ വീരനായകനുമായി, ആരാധ്യപുരുഷനായി.ആ ആരാധന വെറും സാധാരണക്കാരിൽ സാധാരണക്കാരന് മാത്രമായിരുന്നില്ല, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ ഒരു പിടി ഉപ്പുമായി തറപറ്റിച്ച സാക്ഷാൽ മഹാത്മാ ഗാന്ധിക്കും അങ്ങനെ തന്നെയായിരുന്നു. ഇവിടെയാണ് രാമൻ ഇതിഹാസത്തിനും മിത്തിനും ചരിത്രത്തിനും ഉപരിയാകുന്നത്. ഒഡീസിയസിനെ പോലൊരു ഇതിഹാസനായകനൊ, ഥോറിനെ പോലൊരു ദൈവത്തിനൊ, സീസറിനെ പോലൊരു ചരിത്രപുരുഷനൊ അപ്രാപ്യമായ ഔന്നത്യത്തിലെത്തുന്നത്.

ramayana

രാമൻ ദൈവമൊ, മനുഷ്യനൊ, മിത്തൊ മറ്റെന്തു തന്നെയൊ ആവട്ടെ, രാമന്റെ ജീവിതം പക്ഷെ ധർമ്മാർത്ഥകാമമോക്ഷങ്ങളോടുള്ള ഭാരതീയ സമീപനങ്ങളുടെ മകുടോദാഹരണമാണ്. ഭാരതത്തിന്റെ ഭൂതകാലത്തുനിന്നും ഇന്നിലേക്ക് വെളിച്ചം വീശുന്ന ദീപസ്തംഭമാണത്. അതുകൊണ്ടുതന്നെയാവണം മറ്റൊരു ദൈവത്തിനും നേരിടേണ്ടി വരാത്തത്ര ആക്രമണം രാമൻ നേരിടേണ്ടി വരുന്നത്. റമദാൻ മാസങ്ങളിൽ നബി വചനങ്ങളും, ഡിസംബറിൽ കന്യകാപുത്രന്റെ കഥകളും എഴുതി നിറക്കുന്ന പത്രങ്ങൾ രാമനെ ഓഡിറ്റ് ചെയ്യാൻ കർക്കിടക മാസത്തിൽ ഒരു കോളം മാറ്റിയിടാൻ തുടങ്ങിയിട്ട് കുറെയായി. ഈ സമീപനത്തിൽ ഒട്ടും അത്ഭുതമില്ല, കാരണം ഭാരതീയ ചിന്തകളെ പരാജയപ്പെടുത്താൻ ആദ്യം അപചയപ്പെടുത്തേണ്ടത് രാമനെ തന്നെയാണ്.

രാമായണത്തിന് പൊതുവെ രണ്ടു ഭാഗങ്ങളുണ്ട്. അതിൽ വീടുകളിൽ വായിക്കാത്ത ഭാഗമാണ് ഉത്തരരാമായണം. ഒറ്റ വായനയിൽ 'പ്രക്ഷിപ്തം' എന്ന് അറിയുന്ന ഒന്ന്. ആ ഭാഗത്ത് വരുന്ന ശംബൂകവധവും ആര്യനായ രാമൻ, ദ്രാവിഡനായ രാവണൻ, ശൂർപ്പണഖയുടെ മൂക്കും മുലയും വെട്ടൽ തുടങ്ങിയുള്ളവയാണ് പ്രധാന ഓഡിറ്റ് പോയിന്റുകൾ. രാമായണകഥയുടെ തന്നെ സ്വഭാവത്തിന് മൊത്തത്തിൽ എതിരു നിൽക്കുന്ന ഇത്തരം കള്ളങ്ങൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നവരുടെ ലക്ഷ്യമെന്തായിരിക്കും? ഭാരതീയ ചിന്തകളെ ഇല്ലാതാക്കാൻ ആദ്യം അപചയപ്പെടുത്തേണ്ടത് പുരുഷോത്തമനായ രാമനെ തന്നെയാണ് എന്നത് തന്നെ!

രാമന്റെ രൂപം പലകുറി ആദികവി പാടിപ്പോകുന്നുണ്ട്. ഞാവൽപഴത്തിന്റെ നിറം, മുട്ടോളമെത്തുന്ന നീണ്ട കൈകൾ, വിരിഞ്ഞ മാറും വിടർന്ന കണ്ണുകളും. ഇത്തരത്തിലുള്ള രാമസങ്കല്പം എങ്ങിനെ ദ്രാവിഡവിരുദ്ധമാകും? ശബരി എന്ന ശൂദ്ര സ്ത്രീ വിളമ്പിയ ഭക്ഷണം കഴിച്ച് ആ തപസ്വിനിക്ക് മോക്ഷപ്രാപ്തി നൽകിയ രാമനെങ്ങനെ ശൂദ്രർക്കെതിരാകും? "സീതയെ ഞാൻ തിന്നും" എന്ന് പറഞ്ഞ് സ്വന്തം ഭാര്യക്ക് നേരെ പാഞ്ഞടുത്ത രാക്ഷസിയെ മൂക്കുമുറിച്ച് കൊല്ലാതെ വിട്ടതെങ്ങനെ സ്ത്രീവിരുദ്ധതയാകും? ബ്രാഹ്മണപുത്രനായ രാവണൻ ദ്രാവിഡനും കറുത്ത രാമൻ ആര്യനും! എന്തൊരു വികലമായ വ്യാഖ്യാനമാണത്?

രാമൻ എന്ന ഇതിഹാസപുരുഷന്റെ കഥ അതിസൂക്ഷ്മഭാവങ്ങളിലാണ് ആദി കവി എഴുതിയത്. രാമനെ ഭരണമേൽപ്പിക്കാൻ ദശരഥനെ നിർബന്ധിക്കുന്നതും വനവാസത്തിൽ മനം നൊന്ത് കരയുന്നതും അയോധ്യയിലെ പ്രജകളാണ്,സാധാരണ മനുഷ്യരാണ്. രാമനും ഭരതനും തമ്മിലുള്ള പ്രധാന വ്യത്യാസവും അത് തന്നെ. കാട്ടിലേക്കുള്ള യാത്ര രാമൻ എന്ന ഭാവി രാജാവിന്റെ വീക്ഷണം കാണിക്കുന്നു. ആ പ്രായത്തിൽ തന്നെ ഭൂപ്രകൃതിയും രാജ്യങ്ങളും ഹൃദസ്ഥിതമായ രാമനാണ് യാത്രയിൽ അതൊക്കെ സീതക്കായി വിവരിക്കുന്നത്. രാജകുമാരനായ രാമൻ അനേകം തവണ ആ വഴി പിന്നിട്ടു എന്ന് സാരം. എന്നാൽ പിന്നീട് ആ വഴി തന്നെ വരുന്ന ഭരതന് ആ വഴികൾ മന്ത്രിമാരും ഋഷികളുമാണ് വിവരിക്കുന്നത്. ജനങ്ങളിൽ നിന്നകന്ന് ദന്തഗോപുരവാസികളായി ജീവിക്കുന്ന സർവ്വ ഭരണാധികാരികളും പഠിച്ച് തുടങ്ങേണ്ടുന്ന ഇടം രാമനാകുന്നത് ഇതുകൊണ്ടാണ്. രാമാനുപേക്ഷിച്ച അയോദ്ധ്യ തങ്ങൾക്കും വേണ്ടാ എന്ന് പറഞ്ഞു രമ രഥത്തിനു പിന്നാലെ പുറപ്പെട്ട അയോദ്ധ്യാ നിവാസികൾ അത് ഊട്ടിയുറപ്പിക്കുന്നു.

മതത്തിന്റെ സർവ്വ സീമകൾക്കും അപ്പുറമാണ് രാമൻ എന്ന ഇതിഹാസനായകൻ. രാമനെ കീറി മുറിക്കാൻ വെമ്പൽ കൊള്ളുന്നവർ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്, "ഒളിഞ്ഞിരുന്നു ബാലിയെ കൊന്നില്ലേ ?" എന്ന്. അവിടെയാണ് രാമൻ ഇതിഹാസ വ്യക്തിത്വങ്ങളുടെ രൂപ ഭാവങ്ങളിൽ നിന്നും പുറത്ത് വരുന്നത്. സീതാന്വേഷണത്തിനു ഒരു വാക്കു പറഞ്ഞാൽ മതിയായിരുന്നു ബാലിയോട്. ലങ്കയൊന്നാകെ കൈവെള്ളയിൽ വച്ച് കൊണ്ടുവരാൻ പ്രാപ്തനായ കിഷ്കിന്ധാപതിയോട് പക്ഷെ രാമൻ സന്ധി ചെയ്തില്ല. പുത്ര സമാനനായ അനുജനെ പുറത്താക്കി പത്നിയെ സ്വന്തമാക്കിയ ബാലി എത്ര തന്നെ ശക്തനായാലും ശരി അയാൾ അധർമ്മിയാണ്. അതാണ് ധർമ്മാധർമ്മങ്ങൾക്കിടയിൽ രാമൻ വരയ്ക്കുന്ന വര, കൃഷ്ണൻ നിൽക്കുന്നതും അതെ വരയിൽ തന്നെ. അതിന്റെ പാലനത്തിനായി സ്വന്തം യശ്ശസ്സാണ് പകരം കൊടുക്കേണ്ടത് എങ്കിൽ പോലും അതിനു തയ്യാറായ രാമനും കൃഷ്ണനും മാർഗ ദീപങ്ങളാകുന്നതിൽ പരം എന്ത് ഔന്നത്യമാണ് ഒരു ജനതക്ക് ലഭിക്കാനുള്ളത്. തന്റെ വധത്തെ ചോദ്യം ചെയ്യുന്ന ബാലിയോട് രാമൻ പറയുന്ന മറുപടിയും കേൾക്കണം "ഇത് ഭരതന്റെ രാജ്യമാണ് , ഭരതന്റെ സേവകൻ എന്ന നിലയിൽ ഇവിടുത്തെ ധർമ്മ രക്ഷണം എന്റെ കടമയാണ് ". അതാണ് രാമൻ, തന്റെ സിംഹാസനത്തിൽ തനിക്കു പകരം ഇരിക്കുന്നവന്റെ ദാസനാണ് താൻ എന്ന് നിസ്സങ്കോചം പറയാൻ ആർക്കു കഴിയും ? ആ മനസ്ഥിതിയാണ് രാമൻ നമുക്ക് മുന്നിൽ വക്കുന്നത്.

തനിക്കായി മരിക്കാൻ തയ്യാറായ ഒരു ജനതക്കു മുന്നിൽ നിന്നും കിരിടവും ചെങ്കോലും പുല്ലു പോലെ വലിച്ചെറിയാനും, തനിക്കു മുന്നിൽ തകർന്നുവീണ സ്വർണ്ണനഗരിയിൽ നിന്നും ഒരു മൊട്ടുസൂചി പോലും സ്വന്തമാക്കാതെ തിരിഞ്ഞു നടക്കാനും തയാറായ ഒരാളെ മാതൃകയാക്കാൻ പറയുന്നത് അതികഠിനമാണ്. പക്ഷെ അതാണ് നമ്മുടെ ചരിത്രം. അതാണ് ഭാരതീയധർമം. ആ സംസ്കാരമാണ് കർക്കിടക മാസങ്ങൾ പകർന്നു നൽകുന്നത്. പണ്ടൊരു തപസ്വിയോട് ഒരു യുവാവ് ചോദിച്ചത്രെ ഈ കാലത്തിൽ ഞങ്ങളെന്തിനു പഴയ കഥകൾ പഠിക്കണം എന്ന്. അന്ന് അദ്ദേഹം പറഞ്ഞു ഇത് പരാജയപ്പെട്ടവന്റെ കഥയല്ല, സർവ്വയിടത്തും വിജയിച്ചവന്റെ കഥയാണ് എന്ന്. സർവ്വയിടത്തും വിജയിച്ച ആ ധർമ്മമൂർത്തതയുടെ കഥയും അതിലൂടെ പകരപ്പെടുന്ന ധർമ്മബോധവും മതദേശകാലപരിധികളില്ലാതെ തലമുറകളിലേക്ക് പകരട്ടെ. രാമരാജ്യം തിരികെയെത്തട്ടെ.

English summary
Renjith Raveendran writes about the untold tale of Ramayanam and Sri Raman.
Please Wait while comments are loading...