കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലജ്ജിക്കുക, തലതാഴ്ത്തുക!

  • By Staff
Google Oneindia Malayalam News

നിര്‍വികാരതയാണ് ചരിത്രത്തിന്റെ മുഖമുദ്ര. വര്‍ത്തമാനകാലത്തിന്റെ ആഘോഷങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനാണ് അതിന്റെ വിധി. നേരിയ എതിര്‍പ്പിനു പോലും കെല്‍പ്പില്ലാതെ, പുസ്തകത്താളുകളിലും അപൂര്‍വം ചിലരുടെ മനസിലും ചരിത്രം വല്ലാതെ മരവിച്ചു കിടക്കുകയാണ്.

ഇന്ത്യയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ ചരിത്രത്തിലേയ്ക്ക് കാര്‍ക്കിച്ചു തുപ്പുകയാണ് എന്നത് പഴകിത്തേഞ്ഞ ഒരു പ്രയോഗമാണ്. ഉത്തര്‍പ്രദേശിലെ നിരക്ഷരരായ പൗരന്മാരെ കുടുംബ മഹിമയുടെ പേരില്‍ പരിഹസിക്കുന്ന ഒരു പയ്യന്റെ ജല്പനങ്ങളുടെ പേരില്‍ ഒരു മഹാരാജ്യം തലകുമ്പിട്ടു നില്‍ക്കുന്നു.

ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കവെയാണ് സാക്ഷാല്‍ രാഹുല്‍ ഗാന്ധി അങ്ങനെ പറഞ്ഞത്. 1992ല്‍ ഗാന്ധി കുടുംബമായിരുന്നു യു പി ഭരിച്ചിരുന്നതെങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല പോലും.

തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ പേരില്‍ രാഹുല്‍ ഒഴുക്കുന്ന രാഷ്ട്രീയ മുതലക്കണ്ണീരൊന്നും മാരീചനെ സ്പര്‍ശിക്കുന്നതേയില്ല. എന്നാല്‍ അറപ്പില്ലാതെ, ഉളുപ്പില്ലാതെ, നാണവും മാനവും അഭിമാനവും അന്തസും ആര്‍ജവവുമില്ലാതെ രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയത്തിലെ അമുല്‍ ബേബി നടത്തിയ ആ പ്രയോഗമുണ്ടല്ലോ, ഗാന്ധി കുടുംബം. അത് മാരീചനെ ലജ്ജിപ്പിക്കുന്നു.

ഇന്നലെ വരെ ഈ കുടുംബം അറിയപ്പെട്ടിരുന്നത് നെഹ്രു കുടുംബം എന്നായിരുന്നു. കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയും എന്തിന് മുരളിയും പത്മജയും പീതാംബരക്കുറുപ്പും വരെ നമുക്ക് പറഞ്ഞു തന്നത് നെഹ്രു കുടുംബത്തെക്കുറിച്ചാണ്. ചരിത്രം ഇവിടെ വഴി മാറുന്നു. ഈ കുടുംബം പതിയെ ഗാന്ധി കുടുംബമാകുന്നു.

ഈ കുടുംബത്തിന്റെ വാലില്‍ നിന്നും നെഹ്രു പോയി ഗാന്ധി വന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. ഈ കുടുംബത്തിന് മഹാത്മാഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്നും അറിയാം. എന്നാല്‍ വിയര്‍ക്കാതെയും വിഷമിക്കാതെയും ഇന്ത്യയുടെ സാധാരണ മനസില്‍ കുടിയേറാനുളള എളുപ്പവഴി ഗാന്ധിയെ ഉപയോഗിക്കുകയാണെന്നും ഇവര്‍ക്കറിയാം.

സംശയമുളളവര്‍ രാഹുല്‍ ഗാന്ധി.നെറ്റ് എന്ന വെബ് സൈറ്റ് നോക്കുക. വെല്‍ക്കം ടു ഗാന്ധി ഫാമിലി ഓഫ് ഇന്ത്യ എന്നാണ് മുഖവാചകം. പല പോസില്‍ രാഹുലിന്റെ ചിത്രങ്ങള്‍. മോട്ടിലാലിന്റെയും സ്വരൂപ് റാണിയുടെയും പടമുണ്ട് തൊട്ടുതാഴെ.

അതിനും താഴെ ജവഹര്‍ലാലും കമലാ നെഹ്രുവും. ഫിറോസും ഇന്ദിരയും. രാജീവും സോണിയയും. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു നേരെ ചോദ്യചിഹ്നം. അടുത്ത മിസിസ് ഗാന്ധി ആരെന്ന്. പ്രിയങ്കയും റോബര്‍ട്ട് വധേരയും തൊട്ടു താഴെ.

എവിടെയുമില്ല മഹാത്മാഗാന്ധി. ചിത്രങ്ങളോ പേരോ ഒന്നും. നെഹ്രു കുടുംബം എന്ന തലവാചകത്തിനു ഇവരെല്ലാം അണി നിരന്നാല്‍ ആര്‍ക്കുമുണ്ടാവില്ല പരിഭവം. ഇതെങ്ങനെ ഗാന്ധി കുടുംബമാകും? ആരാണ് ഈ തോന്നിയവാസത്തിന് ഇവര്‍ക്ക് അനുമതി നല്‍കിയത്?

കഷ്ടപ്പെട്ടും കഷ്ടപ്പാടറിഞ്ഞും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് നേരും നെറിയും പ്രതീക്ഷിക്കേണ്ടത്. ഇന്ത്യയെന്നാല്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നറിയാത്ത രാഹുലിന് എന്ത് നേരും നെറിയും?

കാമുകിയുമൊത്ത് കറങ്ങി നടന്നപ്പോള്‍ അമ്മയും ചേച്ചിയും ഉപദേശിച്ചു, രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഭാവി പ്രധാനമന്ത്രിയാവാമെന്ന്. കോട്ടും സൂട്ടും അഴിച്ചു വച്ച് ഖദറുടുപ്പും ഗാന്ധിത്തൊപ്പിയുമണിഞ്ഞു. അല്ലാതെ കെഎസ്യു പ്രസിഡന്റ് പിസി വിഷ്ണു നാഥിന്റെ പോലും ഏഴയലത്തു വരുമോ സാക്ഷാല്‍ രാഹുല്‍ ഗാന്ധി?

ഗ്രാമങ്ങളില്‍, തെരുവോരങ്ങളില്‍ കുടിവെളളക്ഷാമവും പട്ടിണിയും മാറാരോഗങ്ങളുടെ താണ്ഡവവും ആടിത്തിമിര്‍ക്കുമ്പോള്‍ ഗേള്‍ ഫ്രണ്ടിനോടൊപ്പം കുമരകത്ത് രമിക്കാനെത്തിയ ആളും അയാളെ പറഞ്ഞയച്ച കുടുംബും എങ്ങനെയാണ് ഗാന്ധിയുടെ പൈതൃകത്തിന് അവകാശികളാകുന്നത്?

ഇന്ത്യയറിയുന്ന ഗാന്ധി ഇങ്ങനെയായിരുന്നില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ നമുക്ക് ഒരു ഗാന്ധിയേ ഉണ്ടായിരുന്നുളളൂ. ചെരുപ്പില്ലാതെ നമ്മുടെ ഗ്രാമങ്ങളിലിറങ്ങി നടക്കാന്‍, സാധാരണക്കാരന്റെ വസ്ത്രം മതിയെനിക്കും എന്നു തീരുമാനിക്കാന്‍, അവന്റെ സ്വപ്നങ്ങളിലെ ഇന്ത്യയാണ് എന്റെ ഇന്ത്യയെന്നു പറയാന്‍, ഒരേയൊരു മഹാത്മാവ്.

സാങ്കേതിക വിദഗ്ദ്ധര്‍ക്കും മീഡീയാ മാനേജര്‍മാര്‍ക്കും ഒരു രാഷ്ട്രപിതാവിനെ സൃഷ്ടിക്കാനാവില്ല. പേരിനൊപ്പം ദാനമായി കിട്ടിയ രണ്ടക്ഷരം വേണ്ടിടത്തും വേണ്ടാത്തിടത്തും ആവര്‍ത്തിച്ച് ഉപയോഗിച്ചതു കൊണ്ട് ആരും ഗാന്ധിയാവുകയുമില്ല.

എന്നാണ് പാഠ പുസ്തകങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നത്? മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ മകളാണ് ഇന്ദിരാ ഗാന്ധിയെന്ന് എന്നെങ്കിലും നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടി വരുമോ? അതോ മോട്ടിലാല്‍ ഗാന്ധിയും ജവഹര്‍ലാല്‍ ഗാന്ധിയും രംഗപ്രവേശം ചെയ്യുമോ? അഴകുളളവനെ അച്ഛാ എന്നു വിളിക്കാന്‍ ആധുനിക ബിസിനസ് പാഠങ്ങളില്‍ അടവുകള്‍ ഏറെയാണ്.

ഗാന്ധിയെന്നത് ഇന്ത്യയ്ക്ക് സത്യസന്ധതയുടെ പര്യായമാണ്. ഒരു ജീവിത രീതിയും രാഷ്ട്രീയ സ്വപ്നവുമാണ്. ഇന്ത്യ കത്തുമ്പോള്‍ ഇണയുടെ ചിറകില്‍ കുമരകത്ത് രമിക്കുന്ന രാഹുലന്മാര്‍ക്ക് ആ നാമപദത്തിന്റെ അര്‍ത്ഥം ജന്മങ്ങള്‍ക്കും അപ്പുറമാണ്. നട്ടെല്ല് എന്നൊന്നുണ്ടെങ്കില്‍, പുറം ചൊറിയുന്നതിനിടയില്‍ സമയം കിട്ടിയാല്‍, സാക്ഷാല്‍ എ കെ ആന്റണിയെങ്കിലും പയ്യന് അതൊന്നു പറഞ്ഞു കൊടുക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X