Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളളം കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍!!!

വെളളത്തില്‍ കൊളുത്തിയ തീ പകര്‍ത്തി നിരപരാധികളെ കത്തിച്ച് മുതലെടുപ്പു നടത്താന്‍‍ ഒരു മടിയുമില്ലാത്തവരാണ് തമിഴ്‍നാടിലെയും കര്‍ണാടകത്തിലെയും രാഷ്ട്രീയ നേതൃത്വങ്ങള്‍. ഭീരുത്വത്തെ കപട മര്യാദ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഇനിയും കൈവന്നിട്ടില്ലാത്ത ഈ മിടുക്ക് അവര്‍ക്കു വേണ്ടുവോളമുണ്ട്.

ഹൊഗനക്കല്‍ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‍നാട്ടിലും കര്‍ണാടകത്തിലും പതഞ്ഞുയരുന്ന പകയുടെ തീനാളങ്ങള്‍ എത്ര നിരപരാധികളുടെ ജീവനു നേരെയാണ് എരി‍ഞ്ഞു നീളുന്നത് എന്ന് ആര്‍ക്കുമൊരു രൂപവുമില്ല. ഒരു കാര്യം ഉറപ്പാണ്. വെളളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ യുദ്ധ സമാനമായ സാഹചര്യത്തിലേയ്ക്കാണ് നീങ്ങുന്നത്.

പ്രകൃതിയുടെ അനുഗ്രഹം ആവോളം കിട്ടിയ ഭൂപ്രദേശമാണ് ഹൊഗനക്കല്‍. പ്രിയദര്‍ശന്റെ കാലാപാനിയില്‍ ഗോവര്‍ദ്ധനും കാമുകിയും "ആറ്റിറമ്പിലെ കൊമ്പിലെ" എന്ന ഗാനം പാടി പ്രണയിച്ചത് ഈ ജലാശയത്തിലാണ്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതം.

ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 150 കിലോമീറ്റര്‍ അകലെയുളള ഹൊഗനക്കല് തങ്ങളുടെ ചാമരാജ നഗര്‍ ജില്ലയുടെ ഭാഗമാണെന്നാണ് കര്‍ണാടകം വാദിക്കുന്നത്. 'ഹൊഗനക്കല്‍' എന്ന പദം തന്നെ കന്നഡയില്‍ നിന്നുല്‍ഭവിച്ചതാണെന്നും കര്‍ണാടകം പറയുന്നു. 'ഹൊഗെ' എന്നാല്‍ പുക. 'കല്‍' എന്നാല്‍ പാറ.

പാറയില്‍ വെളളം വന്നു പതിച്ച് ജലബിന്ദുക്കള്‍ പുകപോലെ പടരുന്ന പ്രദേശം എന്നാണ് 'ഹൊഗനക്കല്‍' എന്ന വാക്കിന്റെ അര്‍ത്ഥം. ഈ പ്രദേശത്തെ 400 ഏക്കര്‍ സ്ഥലം തമിഴ്‍നാട് കൈയേറി വിനോദ സഞ്ചാരം വികസിപ്പിച്ചു എന്ന കര്‍ണാടകത്തിന്റെ പരാതിയ്ക്ക് ഏതാണ്ട് 50 വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

രണ്ടു പരാതികളാണ് തമിഴ്‍നാടിനെതിരെ കര്‍ണാടകം ഉന്നയിക്കുന്നത്. ഒന്ന്, ഹൊഗനക്കല്‍ എന്ന പ്രദേശം തന്നെ തര്‍ക്ക സ്ഥലമാണ്. തര്‍ക്കം തീരുന്നതു വരെ അവിടെ തമിഴ്‍നാട് സര്‍ക്കാര്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുത്.

രണ്ട്, ഹൊഗനക്കല്‍ കുടിവെളള പദ്ധതി കാവേരി നദിയെ അടിസ്ഥാനമാക്കിയാണ്. കാവേരി നദീജല തര്‍ക്കം തീര്‍പ്പാകാതെ കിടക്കുന്ന സാഹചര്യത്തില്‍ യാതൊരു പദ്ധതിയും ഇരു സംസ്ഥാനങ്ങളും ആരംഭിക്കാന്‍ പാടില്ല.

മലയാളികള്‍ക്ക് ഈ തര്‍ക്കത്തില്‍ താല്‍പര്യമുണ്ടാകുന്നത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെയും പറമ്പിക്കുളം ആളിയാര്‍ കരാറിന്റെയും പശ്ചാത്തലത്തിലാണ്. ഈ രണ്ടു വിഷയങ്ങളിലും തമിഴ്‍നാടിന്റെ മുഷ്കിനെ എങ്ങനെ നേരിടണമെന്നറിയാതെ വട്ടം ചുറ്റുകയാണ് കേരളം. അപ്പോള്‍ വേറൊരു ജല പദ്ധതിയുടെ പേരില്‍ തമിഴ്‍നാട് പുലിവാലു പിടിക്കുന്നത് കേരളത്തിനും സന്തോഷം പകരുന്ന കാഴ്ച തന്നെ.

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2663 അടിയായി നിലനിര്‍ത്തണമെന്നാണ് കേരളവും തമിഴ്‍നാടുമായുളള കരാര്‍. എന്നാല്‍ ഇതൊരിക്കലും പാലിക്കാതിരിക്കാന്‍ നമ്മുടെ നല്ല അയല്‍ക്കാരന്‍ എപ്പോഴും ബദ്ധശ്രദ്ധനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോലും വേണ്ടതില്‍ നിന്നും 12 അടിയോളം കുറവായിരുന്നു ജലനിരപ്പ്. ഇതുമൂലം ചാലക്കുടിപ്പുഴയുടെ തീരത്ത് രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെടുന്ന കാര്യം കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍ ധാര്‍ഷ്ട്യം കലര്‍ന്ന അവഗണനയായിരുന്നു തമിഴ്‍നാടിന്റെ പ്രതികരണം.

കേരളത്തിന്റെ അതിര്‍ത്തിയിലും അധീനതയിലുമുളള മുല്ലപ്പെരിയാറിലും തമിഴ്‍നാടിന്റെ ധാര്‍ഷ്ട്യമാണ് നടക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അനുവദിക്കാതിരിക്കുക, അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ പുച്ഛത്തോടെ നേരിടുക ഇതൊക്കെയാണ് തമിഴ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ചെയ്യുന്നത്.

വെളളം തമിഴര്‍ക്ക് അത്രയ്ക്ക് അത്യാവശ്യമാണ് എന്ന യാഥാര്‍ത്ഥ്യമാണ്, അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് നാം കാണാതിരുന്നു കൂട. അത്രയേറെ ജലദൗര്‍ലഭ്യം ആ നാട് അനുഭവിക്കുന്നുണ്ട്.

മാത്രവുമില്ല, നമ്മുടെ നാട്ടിലേതു പോലെ ഉഡായിപ്പ് കൃഷികളല്ല തമിഴര്‍ ചെയ്യുന്നത്. കൃഷിയിടങ്ങളില്‍ മെയ്യനങ്ങി പണിയെടുക്കുന്ന തമിഴന് വെളളം കൂടിയേ തീരൂ. അവന്റെ കൃഷിയിടങ്ങളില്‍ വെളളമെത്തിയില്ലെങ്കില്‍ വെണ്ടയ്ക്കയും കത്തിരിയും വെളളരിയും പച്ചമുളകും തൊട്ട് ചന്പാവരി വരെ വാളയാര്‍, അമരവിള ചെക്ക് പോസ്റ്റുകള്‍ കടക്കില്ല. അങ്ങനെ വന്നാല്‍, മണ്ടരി പിടിച്ച തെങ്ങിന്‍ മണ്ട വെട്ടി കണ്ണൂരില്‍ ഒഴുകിപ്പരക്കുന്ന മനുഷ്യച്ചോരയിലും റബ്ബര്‍ പാലിലും‍ മുക്കിത്തിന്ന് മലയാളിക്ക് വിശപ്പടക്കേണ്ടി വരും.

തമിഴന്റെ കൃഷിയിടങ്ങളില്‍ വെളളമെത്തേണ്ടത് ഏതു നിലയ്ക്കായാലും മലയാളിയുടെയും ആവശ്യമാണ്. എന്നാല്‍ മലയാളിയെ ഊട്ടുക എന്ന അയല്‍പക്ക സ്നേഹം മൂത്തല്ല തമിഴന്‍ കൃഷി ചെയ്യുന്നത്. അതാണ് അവന്റെ അതിജീവനോപാധി. വെളളം അതിനുളള ഏറ്റവും വലിയ അസംസ്കൃത വസ്തുവും. അത് കിട്ടിയില്ലെങ്കില്‍ വോട്ടുബാങ്കുകള്‍ ഒലിച്ചു പോകും. വെളളവും തമിഴ്‍ ജനതയും തമ്മിലുളള ഈ വൈകാരികാടുപ്പം രാഷ്ട്രീയ മുതലെടുപ്പിനുളള ആയുധമാക്കി നിലനില്‍പു രാഷ്ട്രീയം കളിക്കുന്നതില്‍ അണ്ണനും അണ്ണിയും ഒരു മെയ്യും ഒരു കരളുമാണ്.

ഹൊഗനക്കല്‍ പദ്ധതിയ്ക്കെതിരെ കര്‍ണാടകത്തില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ തമിഴ് തനിമയാണ് മലയാളിയെ അതിലേയ്ക്ക് ആകര്‍ഷിക്കുന്നത്. പണിയെടുത്ത് ജീവിക്കാന്‍ കര്‍ണാടകത്തിലെത്തിയ തമിഴന്മാരാണ് ആ പ്രതിഷേധത്തിന്റെ ഉന്നം. തമിഴ് സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുക. തമിഴ്‍‍നാട് ബസുകള്‍ തടഞ്ഞു നിര്‍ത്തി ടയര്‍ കുത്തിക്കീറുക. തമിഴ് ചാനലുകള്‍ നിരോധിക്കുക. തമിഴ് പത്രങ്ങള്‍ കത്തിക്കുക എന്നീ പ്രാകൃത മുറകളും ആവിഷ്കരിക്കുന്നുണ്ട്.

തമിഴ്‍നാട്ടിലേയ്ക്കുളള റെയില്‍പാളങ്ങള്‍ നശിപ്പിക്കുമെന്നും ഭീഷണിയുണ്ട്. സേതുസമുദ്രം പദ്ധതിയുടെ പേരില്‍ കരുണാനിധി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് തമിഴ്നാട്ടിലെ സേലത്തിലേയ്ക്കുള്ള ദേശീയ പാതയിലെ കര്‍ണാക പ്രദേശമായ ബൊമ്മനഹളളിയില്‍ തമിഴ്‍നാട് ബസ് തടഞ്ഞു നിര്‍ത്തി തീയിട്ട് രണ്ടുപേരെ കൊന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.

കരുണാനിധിയുടെ പ്രസ്താവന കാരണം നിരപരാധികളായ രണ്ടു തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊല ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്നവന് കര്‍ണാടകത്തിലായാലും തമിഴ്‍നാട്ടിലായാലും എന്തിന് കണ്ണൂരായാലും ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് അവസ്ഥ. എതിരാളികളുടെ കോലം കത്തിക്കുന്ന സമരരൂപമൊക്കെ പഴകിപ്പോയി. ജീവനുളള മനുഷ്യരെ കോലമായി സങ്കല്‍പിച്ച് തീകൊളുത്തി രസിക്കുന്നതാണ് പുതിയ വഴക്കം.

എന്തുവിലകൊടുത്തും ഹൊഗനക്കല്‍ പദ്ധതി നടപ്പിലാക്കും എന്ന ദൃഢ നിശ്ചയം കരുണാനിധിയും തമിഴ്‍നാട് നിയമസഭയും പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നോട്ട് പോകാനാവില്ല കരുണാനിധിക്ക്. ജപ്പാന്‍ സഹായത്തോടെ കേന്ദ്രം അനുവദിച്ച ഈ പദ്ധതി രണ്ടു വലിയ ജില്ലകള്‍ക്ക് ജീവവായു പോലെ പ്രധാനമാണ്. ധര്‍മ്മപുരി, കൃഷ്ണഗിരി ജില്ലകളിലെ മൂന്ന് മുനിസിപ്പല്‍ ഏരിയകള്‍, 17 പഞ്ചായത്തുകള്‍, 18 ടൗണുകള്‍ എന്നീ വിസ്തൃതിയിലാണ് ഈ പദ്ധതിയുടെ ഉപയോഗമെത്തുക.

ഏതാണ്ട് 1600 ലക്ഷം ലിറ്റര്‍ വെളളം പ്രതിദിനം 40 ലക്ഷം ജനങ്ങളിലെത്തുന്ന ഈ ബൃഹദ് പദ്ധതിയ്ക്ക് 835 കോടി രൂപയാണ് ജപ്പാന്‍ സഹായം കിട്ടുന്നത്. ഏതാണ്ട് 570 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കി 1400 ഓളം കോടി രൂപ ചെലവിട്ടാണ് ഹൊഗനക്കല്‍ വാട്ടര്‍ സപ്ലെ ആന്റ് ഫ്ലൂറോസിസ് മിറ്റിഗേഷന്‍ പ്രോജക്ട് നടപ്പാക്കുന്നത്. 40 ലക്ഷം പേര്‍ക്ക് പ്രതിദിനം വെളളമെത്തിക്കുന്ന പദ്ധതി എന്തു വിലകൊടുത്തും കരുണാനിധിക്ക് നടപ്പാക്കിയേ തീരൂ. എണ്ണി നോക്കിയാല്‍ കിട്ടുന്ന വോട്ടെത്ര? എത്ര ജില്ലകളിലെ, പഞ്ചായത്തുകളിലെ ഭരണം. തമിഴ്‍ രാഷ്ട്രീയത്തിന്റെ ഞരമ്പുകളില്‍ നിന്ന് ചോരയും വെളളവും വേര്‍തിരിച്ചെടുക്കുക എളുപ്പമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+