കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ഇവരുടെ അവകാശം തന്നെയാണോ?

  • By Shibu
Google Oneindia Malayalam News

Tom Jose
കേരളചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കിക്കൊണ്ട് കൊച്ചി മെട്രോയ്ക്ക് തുരങ്കം വയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് എന്ന ഐ എ എസ് ഓഫീസര്‍ സംസ്ഥാന മന്ത്രിസഭയേക്കാള്‍ സ്വാധീനവും അധികാരവും കയ്യാളുന്നുണ്ടോ?

സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് തെളിവുകള്‍ വരെ പുറത്തുവന്നിട്ടും ഒരു മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ക്ക് കൂച്ചിവിലങ്ങിടാന്‍ സര്‍ക്കാരിന് കഴിയാത്തതെന്ത്? ഉദ്യോഗസ്ഥ മാഫിയയും കരാര്‍ ലോബിയും തമ്മിലള്ള അവിശുദ്ധ ബന്ധവും അഴിമതിയും ഏറെക്കുറെ പുറത്തുവന്നിട്ടും പ്രസ്താവനകള്‍ക്കള്‍ മാത്രം നടത്തി തടിയൂരുകയാണോ സര്‍ക്കാര്‍?

കൊച്ചി മെട്രോയ്ക്ക് തുരങ്കം വയ്ക്കാന്‍ ഉദ്യോഗസ്ഥ-കരാര്‍ ലോബി കിണഞ്ഞ് പരിശ്രമിച്ചിട്ടും പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതെന്തിന്? സംസ്ഥാന മന്ത്രിസഭയിലെ ചില വമ്പന്മാര്‍ ടോം ജോസിന് പിന്നിലുണ്ടെന്ന സംശയത്തിന് അടിസ്ഥാനമുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ആള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് മന്ത്രിസഭ തന്നെ കൂടി തീരുമാനിച്ചിട്ടും കൊച്ചി മെട്രോയുടെ കാര്യത്തിലെ അനിശ്ചിതത്വം നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് പിടിപ്പുകേട് തന്നെയാണ്.

ഇ ശ്രീധരനെതിരെ മെട്രോ റെയില്‍ എം ഡിക്ക് കത്തയച്ച ടോം ജോസിന്റെ നടപടി അതിരുവിട്ടതാണെന്നും ഇത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദും സംശമില്ലാത്ത വിധം വ്യക്തമാക്കിയിട്ടും ടോം ജോസ് സുരക്ഷിതനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഒരു പടികൂടി കടന്ന് ടോം ജോസിനെതിരെ നടപടി വേണമെന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലെ യുവതുര്‍ക്കി ടി എന്‍ പ്രതാപനും ടോം ജോസിനെതിരെ നടപടിയെടുക്കണമെന്ന നിലപാട് ശക്തമായി ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെക്കാളും ആഭ്യന്തരമന്ത്രിയെക്കാളും ഗതാഗതമന്ത്രിയെക്കാളും കെ പി സി സി പ്രസിഡന്റിനെക്കാളും ശക്തനാണോ അധികാരസ്ഥാനങ്ങളില്‍ ടോം ജോസ് എന്ന കേരള ജനത സംശയിക്കേണ്ടിയിരിക്കുന്നു.

ഇ ശ്രീധരനെ കൊച്ചി മെട്രോയില്‍ നിന്ന് ഒഴിവാക്കാന്‍ ടോം ജോസ് നടത്തിയ നീക്കം പുറത്തായതും പ്രതിപക്ഷമുള്‍പ്പെടെ ഈ വിഷയം വിവാദമാക്കിയതുമാണ് കൊച്ചി മെട്രോ എം ഡി സ്ഥാനത്തുനിന്ന് ഇയാള്‍ തെറിച്ചതിന് കാരണം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ടോം ജോസിനെ കമ്മീഷന്‍കാരനെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു.

മെട്രോയുടെ ചുമതലയില്‍ നിന്നും ഒഴിവായിട്ടും ടോം ജോസ് കൊച്ചി മെട്രോ ഡി എം ആര്‍ സിയും ഇ ശ്രീധരനും ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ ചരടുവലികളാണ് നടത്തിക്കൊണ്ടിരുന്നത്. ഡല്‍ഹി മെട്രോയുടെ ഉപദേശകനായ ഇ ശ്രീധരന് കൊച്ചി മെട്രോയില്‍ എന്ത് അധികാരമുണ്ടെന്ന് വ്യക്തമാക്കണമെന്ന് കാട്ടി ഡല്‍ഹി മെട്രോ എം ഡിക്ക് ടോം ജോസ് അയച്ച കത്ത് പുറത്തായതോടെയാണ് മെട്രോ റെയിലിനെതിരെ ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനയും അട്ടിമറിയും പുറത്തുവന്നത്.

കൊറിയന്‍ കമ്പനിയടക്കം ആഗോള ഭീമന്മാര്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി ചരട് വലിക്കുന്നുണ്ടെന്ന വാര്‍ത്തകളുമായി ഇതിനെ കൂട്ടിവായിച്ചാല്‍ ടോം ജോസിനെപ്പോലുള്ളവരുടെ താല്‍പര്യങ്ങള്‍ വ്യക്തമാകും. ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ടോം ജോസിന്റെ വിവാദമായ കത്തിനെക്കുറിച്ച് ന്യായം പറഞ്ഞത് പിന്നീട് മന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നിരുന്നു.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവാദം പരിശോധിച്ചാല്‍ അഴിമതിക്ക് വേണ്ടി പരസ്യമായി നിലകൊള്ളുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാര്‍ ലോബിയുടെ മുഖമാണ് പുറത്തുവരുന്നത്. വന്‍കിട പദ്ധതികളെല്ലാം ഇത്തരക്കാരുടെ ഇന്‍കുബേറ്ററുകളിലാണ് വിരിയുന്നത്. അഴിമതി അവകാശമായി കരുതി പൊതുമുതല്‍ കൊള്ളടയിക്കുകയാണ് ഇക്കൂട്ടര്‍.

അതായത് പൊതുമുതല്‍ വന്‍തോതില്‍ കൊള്ളയടിക്കാന്‍ വന്‍കിട പദ്ധതികള്‍ തന്നെ ഇത്തരക്കാര്‍ക്ക് വേണം. അഴിമതിക്കും തട്ടിപ്പിനും വേണ്ടി കോടാനുകോടികളുടെ പദ്ധതികള്‍ നടപ്പിലാക്കുകയും വികസനത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും സത്യസന്ധരായ ആളുകളെ മാറ്റിനിര്‍ത്തുകയോ തേജോവധം ചെയ്യുകയോ ആണ് ഇക്കൂട്ടര്‍ ചെയ്യുക.

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയെന്ന നാട്യത്തില്‍ ഇത്തരക്കാര്‍ നടത്തുന്ന തട്ടിപ്പുകള്‍ പുറത്തുവരുന്നത് ഇ ശ്രീധരനെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ളവരുടെ പിടിവാശി കൊണ്ട് മാത്രമാണ്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴങ്ങി പാരമ്പര്യമില്ലാത്ത ഇ ശ്രീധരന്‍ തങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു സംശയവുമില്ല.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ എസ്റ്റിമേറ്റ് 5100 കോടിയുടേതാണ്. ഈ തുക റിവൈസ് ചെയ്ത് ഇരട്ടിയാക്കുമെന്നതിന് സംശയമില്ല. എസ്റ്റിമേറ്റ് തുകയുടെ അമ്പത് ശതമാനം മാത്രമേ യഥാര്‍ത്ഥത്തില്‍ മെട്രോ റെയിലിന് മുകളില്‍ കയറുകയുള്ളൂ. പകുതി നടത്തിപ്പുകാര്‍ക്കും ഉത്സാഹക്കമ്മിറ്റിക്കാര്‍ക്കുമാണ്. ഈ പദ്ധതി വരാനായി വര്‍ഷങ്ങള്‍ നോമ്പുനോറ്റിരുന്നവര്‍ക്ക് ഒരുസുപ്രഭാതത്തില്‍ എവിടെനിന്നോ വന്ന ഈ ശ്രീധരന്‍ മെട്രോയുമായി പോകുമ്പോള്‍ സഹിക്കാനാവില്ല. അവര്‍ പ്രതികരിക്കും, പ്രതിഷേധിക്കും ഉറപ്പ്. അതാണിപ്പോള്‍ നടക്കുന്നതും.

ടോം ജോസിനെപ്പോലെയുള്ളവര്‍ക്ക് പിന്നില്‍ ചരടുവലിക്കുന്ന വമ്പന്‍ സ്രാവുകളെയാണ് യഥാര്‍ത്ഥത്തില്‍ പുറത്തുകൊണ്ടുവരേണ്ടത്. സംസ്ഥാന ഭരണത്തില്‍ വന്‍ സ്വാധീനം അവകാശപ്പെടുന്ന ഘടകകക്ഷിയുടെ പ്രമുഖനായ മന്ത്രി ഇതുവരെ 'കമാ' എന്നൊരക്ഷരം കൊച്ചി മെട്രോയെക്കുറിച്ച് മിണ്ടിയിട്ടില്ല. മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുമായി തട്ടിച്ചുനോക്കിയാല്‍ മുഖ്യമന്ത്രിയുടെ നിലപാടും തട്ടിപ്പ് വീരന്മാര്‍ക്ക് വളംവച്ചുകൊടുക്കുന്നതാണോ എന്ന് തോന്നിപ്പോകും.

സിംഗപ്പൂര്‍ ടെക്‌നോളജീസ് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്ന കമ്പനിയുമായി സിംഗപ്പൂരില്‍ പോയി ചര്‍ച്ച നടത്താന്‍ ടോം ജോസിനെ സര്‍ക്കാര്‍ നിയോഗിച്ചതാണോ? ഡിഎംആര്‍സിക്ക് മെട്രോ സംവിധാനം കൈമാറുമെന്ന് പറയുന്ന അതേ സമയത്തു തന്നെ മറ്റു കമ്പനികളുമായി സര്‍ക്കാര്‍ സമാന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തിരുന്നുവോ? ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുണ്ട്. എങ്കിലും ഒരു കാര്യമുറപ്പാണ്. മെട്രോ പ്രവര്‍ത്തി ഡിഎംആര്‍സിക്ക് നല്‍കുകയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാറിന്റെ ഗതികേടുകൊണ്ടാണ്. മനസ്സ് കൊണ്ട് അവര്‍ ഇത് ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.

English summary
An orchestrated effort appears to be afoot to throw out ‘Metroman’ E Sreedharan and Delhi Metro Rail Corporation (DMRC) from Kochi metro project and offer this Rs 6000-crore work to private investors on a platter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X