പത്ത് വര്‍ഷം കൊണ്ട് മന്‍മോഹന്‍ സിംഗ് നേടിയത്
ദില്ലി: പത്ത് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്ഥാനമൊഴിയുമ്പോള്‍ ബാക്കിയാകുന്നത് എന്താണ്. ആരായിരുന്നു മന്‍മോഹന്‍സിംഗ്. ഒറ്റവാക്കില്‍ ഒരു നല്ല മനുഷ്യന്‍. മോശം പണിക്കാരന്‍. പത്ത് വര്‍ഷത്തെ ഭരണത്തില്‍ സിംഗ് പലതും നേടി. നല്ല പല കാര്യങ്ങളും അദ്ദേഹത്തിന്റേതായുണ്ടായി. പക്ഷേ അതിനുമെല്ലാമപ്പുറത്ത് ചില പാളിച്ചകള്‍. അതായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ച് ജനങ്ങള്‍ക്കും രാഷ്ട്രീയനിരീക്ഷകര്‍ക്കും പൊതുവെയുള്ള വിലയിരുത്തല്‍. ശക്തനായ പ്രധാനമന്ത്രിയാകുവാന്‍ മന്‍മോഹന്‍സിംഗിന് കഴിഞ്ഞിരുന്നില്ല.
ഒരു നല്ല വ്യക്തി എന്നതിനപ്പുറം സ്വന്തം ജോലിയില്‍ പൂര്‍ണ്ണത കൈവരുമ്പോള്‍ മാത്രമേ പൊതുജനങ്ങള്‍ക്കിടയില്‍ ബഹുമാന്യതയും സ്വീകാര്യതയും നേടാനാകൂ. 1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് മന്‍മോഹന്‍സിംഗിന്റെ കരിയര്‍ ഉയരുന്നത്. ധനകാര്യമന്ത്രിയെന്ന നിലയില്‍ നിലവില്‍ വരുത്തിയ സാമ്പത്തികപരിഷ്‌കാരങ്ങള്‍ സിംഗിനെ ശ്രദ്ധേയനാക്കി.

മന്‍മോഹന്‍സിംഗിന്റെ കഴിവുകള്‍ക്കും അപ്പുറത്തായിരുന്നു പ്രധാനമന്ത്രിപദം. കല്‍പ്പനകള്‍ എന്നും സ്വീകരിക്കുവാന്‍ മാത്രം വിധിക്കപ്പെട്ട കല്‍പ്പനകള്‍ നല്‍കാന്‍ കെല്‍പ്പില്ലാത്ത ഒരാള്‍. ഒരിക്കലും നമ്പര്‍ വണ്‍ എന്ന് പറയാനാവില്ല. നമ്പര്‍ 2 മാത്രമായിരുന്നു സിംഗ്. അതുകൊണ്ടുതന്നെയാവണം പ്രധാനമന്ത്രി പദത്തിലേയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മന്‍മോഹനെ തിരഞ്ഞെടുത്തതും. ഇതെല്ലാം മനസ്സിലാക്കി വേണമെങ്കില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം ഒഴിയാമായിരുന്നു. അത് അദ്ദേഹം ചെയ്തില്ല.
സ്വന്തം ദൗര്‍ബല്യങ്ങളും ശക്തിയും തിരിച്ചറിയുന്നതാണ് ഒരു മനുഷ്യന്റെ ജീവിതവിജയത്തിന് പ്രധാനപ്പെട്ട ഘടകം. ദൗര്‍ബല്യങ്ങളില്‍ ഉഴലുന്നതായിരുന്നു എന്നും മന്‍മോഹനിഷ്ടം. അതുകൊണ്ടുതന്നെയാണ് വിജയങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ എന്നും മുന്‍പന്തിയില്‍ നിന്നത്.
അഴിതിയുടെ കൂമ്പാരം തന്നെയായിരുന്നു മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍. പല ഭരണമേഖലകളിലും അഴിമതി തുടിച്ചുനിന്നു. രാജ്യത്തെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ ആധുനികവത്ക്കരിച്ചു. പക്ഷേ അവ സ്വകാര്യവത്ക്കരിക്കുകയായിരുന്നു ഫലത്തില്‍. ഇന്ന് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇവിടെ. കല്‍ക്കരി ഖനനം ഉദാരവത്ക്കരിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അടുത്ത വിവാദത്തിന് തിരികൊളുത്തിയത്.
അമേരിക്കയുമായുള്ള ആണവ കരാര്‍ ഇന്ത്യയെ ഒറ്റപ്പെടുത്തലിന്റെ വക്കില്‍ നിന്നും രക്ഷിച്ചുവെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. വളരെയേറെ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവിലായിരുന്നു ആ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. സുപ്രീം കോടതിക്ക് പോലും പല ഘട്ടങ്ങളിലും സര്‍ക്കാരിന്റെ പോളിസികളില്‍ സംശയം പ്രകടിപ്പിക്കേണ്ടി വന്നു. മന്‍മോഹന്‍ ഒരു നല്ല ബ്യൂറോക്രാറ്റായിരുന്നു. കഠിനാധ്വാനി. പക്ഷേ ഒരു പ്രധാനമന്ത്രിക്ക് അതുമാത്രം പോരായിരുന്നു. ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ പോരായ്മയും അദ്ദേഹത്തിന് നല്ല വണ്ണമുണ്ടായിരുന്നു.
നരസിംഹറാവു ജനകീയനായിരുന്നില്ല. അതേസമയം മറ്റ് പല നല്ല ഗുണങ്ങളും അദ്ദേഹത്തെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കി. ഒരു സാമ്പത്തികശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം മനസ്സിലാക്കേണ്ടിയിരുന്നു തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ ഏതുവിധത്തില്‍ ജനങ്ങളെ ബാധിക്കുമെന്ന്. രാജ്യത്തെ കയറൂരി വിടുവാന്‍ വഴിയൊരുക്കി. ഒരു കുടുംബത്തോടുള്ള വിശ്വാസ്യത രാജ്യത്തോടുള്ള വിശ്വാസ്യതയേക്കാള്‍ വലുതായി കണ്ടതിന്റെ അനന്തരഫലമെന്ന് മന്‍മോഹന്റെ വീഴ്ച്ചയെ ചുരുക്കാം.












Click it and Unblock the Notifications