• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

18 വയസ്സുകാരന്റെ പോക്‌സോ കേസിലെ ജാമ്യം; ഡിഎൻഎ ടെസ്റ്റ് കുറ്റവിമുക്തിയുടെ അളവുകോലല്ല, പോലീസ് തെറ്റുകാരും അല്ല

Google Oneindia Malayalam News

കോഴിക്കോട്: ആദ്യം കൽപകഞ്ചേരി പോലീസും പിന്നീട് തിരൂരങ്ങാടി പോലീസും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പോക്‌സോ കേസിൽ 18 വയസ്സുകാരന് ജാമ്യം ലഭിച്ച വാർത്തയുടെ ആഘോഷം ഇനിയും തീർന്നിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നായിരുന്നു പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്.

യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തുയുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കുറ്റം ചെയ്യാത്ത ഒരു യുവാവിനെ പോലീസ് പീഡിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു പിന്നീടുള്ള വാർത്തകൾ. ഈ സംഭവത്തിൽ അന്വേഷണം നടത്തണം എന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഡിഎൻഎ ടെസ്റ്റ് നെഗറ്റീവ് ആയതുകൊണ്ട് മാത്രം ആ ചെറുപ്പക്കാരൻ കുറ്റവിമുക്തനാകുമോ? കോടതി ശിക്ഷിക്കാത്തിടത്തോളം കാലം കുറ്റവാളിയല്ല എന്ന് പറയുന്നത് പോലെ തന്നെ അയാൾ കുറ്റവിമുക്തനുമല്ല. പ്രത്യേകിച്ചും ഈ കേസിൽ...

1

പതിവ് പോലെ പോലീസിന് എതിരെയായിരുന്നു ഈ കേസിലെ രൂക്ഷമായ വിമർശനങ്ങൾ. പെൺകുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു പതിനെട്ടുവയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു എന്നാണ് ആരോപണം. പോലീസ് ഈ യുവാവിനെ അറസ്റ്റ് ചെയ്തതിന് ശേഷം ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിന് ഉത്തരം പറയേണ്ട ബാധ്യത പോലീസിനുണ്ട് എന്നതിൽ തർക്കമൊന്നും ഇല്ല. പക്ഷേ, അറസ്റ്റ് ഒരു പീഡനം ആണെന്ന് പറയുമ്പോൾ ആണ് പ്രശ്‌നം.

2

ഈ സംഭവം പോലീസിന് മുന്നിൽ എത്തുമ്പോൾ പെൺകുട്ടി ഗർഭിണിയാണ്. 17 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ ആയിരുന്നു വിഷയം പോലീസിനെ അറിയിച്ചത്. തിരൂരങ്ങളാടി സർക്കിൾ ഇൻസ്‌പെക്ടറെ ആയിരുന്നു ഡോക്ടർ ഈ വിവരം ആദ്യം അറിയിച്ചത്. പെൺകുട്ടിയുടെ വീട് കൽപകഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടത്തെ എസ്എച്ച്ഒയെ വിവരം അറിയിക്കുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. 2021 ജൂലായിൽ ആയിരുന്നു ഈ സംഭവം.

3

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നിട്ടുള്ളത്. ആരോപണ വിധേയനായ പതിനെട്ടുകാരനുമായി അടുപ്പത്തിലായിരുന്നുവെന്നും, തന്നെ ഇയാൾ ബലാത്സംഗം ചെയ്തു എന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പോലീസിനെ സംബന്ധിച്ച് അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല. തുടർന്നാണ് യുവാവിനെ വീട്ടിൽ നിന്ന് രാത്രിയിൽ തന്നെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുന്നതും. സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ തന്നെ അസഭ്യം പറഞ്ഞും മർദ്ദിച്ചും മാനികമായും ശാരീരികമായും തളർത്തിയെന്ന യുവാവിന്റെ പരാതി ഗൗരവമായിത്തന്നെ പരിഗണിക്കപ്പെടണ്ട വിഷയമാണ്.

4

പെൺകുട്ടിയുടെ മൊഴി പ്രകാരം പീഡിക്കപ്പെട്ടത്, തിരൂരങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആണ്. തുടർന്നാണ് കേസ് തിരൂരങ്ങാടി പോലീസിന് കീഴിലേക്ക് എത്തുന്നത്. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി പ്രതിയുടെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു. തുടർന്ന് തിരൂരങ്ങാടി പോലീസ് ചോദ്യം ചെയ്തപ്പോൾ യുവാവ് തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. താൻ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്ന നിലപാടിൽ യുവാവ് ഉറച്ച് നിന്നതോടെ ആണ് തിരൂരങ്ങാടി സിഐ ഡിഎൻഎ ടെസ്റ്റ് വേഗത്തിലാക്കാൻ ഫോറൻസിക് ലാബിൽ അപേക്ഷ നൽകിയത്. ഇതേ തുടർന്നാണ് 35 ദിവസം കൊണ്ട് ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നത്.

5

പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ആ ഡിഎൻഎ ടെസ്റ്റിന്റെ ഫലം ഇത്രയും പെട്ടെന്ന് പുറത്ത് വന്നത്. അല്ലാത്ത പക്ഷം കാലങ്ങളോളം കാത്തുനിൽക്കേണ്ടി വരികയും ആ സമയം യുവാവ് ജയിലിൽ കഴിയേണ്ടിയും വന്നേനെ. ജയിൽ മോചിതനായി യുവാവ് നടത്തിയ അവകാശവാദം അൽപം അതിശയോക്തിപരമാണ്. തന്റെ ആവശ്യം പരിഗണിച്ചാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത് എന്നായിരുന്നു അത്. എന്നാൽ ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റ് നടത്തുക എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് കേസിലെ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ ഐഷ പി ജമാൽ വ്യക്തമാക്കുന്നത്.

6

തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടറുടെ നടപടികൾ ആണ് ഈ വിഷയത്തിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നത്. സാധാരണ ഗതിയിൽ ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ എടുക്കാറുണ്ട് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ യുവാവിന്റെ മൊഴിയിലെ ചില കാര്യങ്ങൾ വിശ്വാസ്യ യോഗ്യമായി തോന്നിയ സാഹചര്യത്തിൽ തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ ഡിഎൻഎ പരിശോധനയുടെ കാര്യത്തിൽ പ്രത്യേക താത്പര്യം എടുക്കുകയും പരിശോധന വേഗത്തിലാക്കാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ പരിശോധനാ ഫലം ലഭിച്ച ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന് കോടതി ജാമ്യം അനുവദിച്ചത്.

7

എന്നാൽ അപ്പോഴും ഒരു കാര്യത്തിൽ മാറ്റമൊന്നും ഇല്ല. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവ് ഇപ്പോഴും കുറ്റക്കാരൻ തന്നെയാണ്. ഡിഎൻഎ പരിശോധനാഫലം കൊണ്ട് ആ കുറ്റത്തിൽ നിന്ന് ഇപ്പോഴും ആ പതിനെട്ടുവയസ്സുകാരൻ മുക്തനാകുന്നില്ല. ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ അയാൾക്കെതിരെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഈ കേസിൽ യുവാവ് കുറ്റവാളിയെന്നോ കുറ്റവിമുക്തനെന്നോ എന്ന കാര്യത്തിൽ പ്രാഥമികമായി ഒരു തീരുമാനത്തിൽ എത്തുക.

cmsvideo
  Thennala Case: Sreenath yet to remove from accused list | Oneindia Malayalam
  8

  ഈ വിഷയത്തിൽ മാധ്യമങ്ങൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച നിലപാടാണ് ചില ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചത്. ജാമ്യം ലഭിച്ച യുവാവിന്റെ മാത്രം ഭാഗമായിരുന്നു പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ഇത്, കേസിലെ ഇരയായ പെൺകുട്ടിയ്‌ക്കെതിരെ പൊതുവികാരം ഉയർത്താനും ഇടയായി എന്നത് ദൗർഭാഗ്യകരമായ സംഭവം ആണ്. വ്യാജമൊഴി നൽകിയ പെൺകുട്ടിയ്‌ക്കെതിരെ കേസ് എടുക്കണം എന്ന മട്ടിൽ പോലും അഭിപ്രായ പ്രകടനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയും ചെയ്തിരുന്നു. പല കേസുകളിലും ഇങ്ങനെയാണ് സംഭവിക്കുന്നത് എന്ന പൊതു വിലയിരുത്തൽ സ്ത്രീകൾക്ക് നേർക്ക് നടക്കുന്ന അതിക്രമങ്ങളേയും അതിൽ ഉയരുന്ന പരാതികളേയും അവഗണിക്കാനുള്ള ഒരു സാധ്യതയായി ചിലർ ഉപയോഗിക്കാനും തുടങ്ങി. അത് എന്തായാലും തെറ്റായ പ്രവണതയാണ്. പോലീസിനെ സംബന്ധിച്ച് ഇത്തരം പരാതികളിൽ ഇരയുടെ മൊഴിയെ വിശ്വാസത്തിലെടുക്കുക എന്നത് മാത്രമാണ് പ്രാഥമികമായി ചെയ്യാൻ ആകുന്ന കാര്യം.

  English summary
  Tirurangadi Pocso case: The 18 year accused who got bail on the basis of DNA Test is not acquitted yet.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X