ഇത്താത്തയുടെ വേർപാടിനെപ്പറ്റി വഹീദ് സമൻ ഫേസ്ബുക്കിലെഴുതിയ ഹൃദയം തൊടുന്ന പോസ്റ്റ്!

വഹീദ് സമൻ
പ്രതീക്ഷയുടെ മഹാകൊടുമുടിയിൽനിന്ന് നിരാശയുടെ കടലാഴങ്ങളിലേക്ക് പതിക്കാൻ ഒരു ദിവസത്തെ ഇടവേളയേ ഉണ്ടായിരുന്നുള്ളൂ. ആ ദിവസമാണ് 2013 ഡിസംബർ രണ്ട്. രക്തകോശങ്ങളിൽ പടർന്നുപിടിച്ച കാൻസറിൽനിന്ന് ഇത്താത്ത പതുക്കെ പതുക്കെ രക്ഷപ്പെട്ടുവരികയായിരുന്നു. ഡിസംബർ ഒന്നിന് വൈകിട്ട് കുറെ കഞ്ഞിയും ഭക്ഷണവുമൊക്കെ കഴിച്ച് മുഖത്ത്‌നിന്ന് ക്ഷീണം അപ്രത്യക്ഷമായെന്നറിഞ്ഞതിന്റെ സന്തോഷത്തിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ നാലിന് ഫോൺ ബെല്ലടിച്ചപ്പോ തന്നെ ഉള്ളിലൊരു പേടി പടർന്നുകയറി.
മറുതലയിൽ ഇത്താത്തന്റെ മോനാണ്. ഉമ്മ പോയിട്ടോ എന്ന് പറയുമ്പോൾ അവൻ കരയുന്നുണ്ടായിരുന്നില്ല. എവിടെനിന്നൊക്കെയോ ലഭിച്ച ധൈര്യം അവന് കൂട്ടുണ്ടായിരുന്നു. ജീവിതത്തിൽ ഇത്രയേറെ സ്വാധീനിച്ച വേറെഒരാളില്ലഇത്താത്തയല്ലാതെ. നേടിയെടുത്ത കുഞ്ഞുകുഞ്ഞു നേട്ടങ്ങൾക്ക് പിറകിൽ വരെ ഇത്താത്തയുടെ കയ്യൊപ്പുണ്ടായിരുന്നു. ഏത് യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഇത്താത്തയുടെ അടുത്തായിരുന്നു. അങ്ങിനെയൊരാൾ ഇല്ലാതാകുന്നതിന്റെ വേദന ഒടുങ്ങുന്നേയില്ല. പഠനത്തിൽ, വിവാഹത്തിൽ, ജോലിയിൽ എല്ലാം ഇത്താത്ത തന്നെയായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്.

ഇക്കഴിഞ്ഞ അവധിക്കാലത്ത് മോൻ ഒരു ദിവസം പറഞ്ഞു. ഉപ്പാ ഈ വെള്ളിയാഴ്ച്ച ഞാൻ സ്‌കൂളിൽ പോണില്ല. എന്തേന്ന് ചോദിച്ചപ്പോ മീമിന്റെ അടുത്തുപോണമെന്ന് പറഞ്ഞു...(ഇത്താത്ത അവന് മീമിയായിരുന്നു). സ്‌കൂളിൽ പോകാതിരിക്കാനുള്ള അടവുനയമാണെന്നായിരുന്നു കരുതിയിരുന്നത്. സ്‌കൂളിൽ പൊയ്‌ക്കോ ഞാൻ ഉച്ചക്ക് വന്ന് കൊണ്ടുപോരാം എന്ന് പറഞ്ഞ് അവനെ യാത്രയാക്കി. ഉച്ചക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. വൈകിട്ട് അവൻ വരുമ്പോൾ കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ടായിരുന്നു.
ബാഗും കിറ്റുമെല്ലാം വരാന്തയിലേക്ക് വലിച്ചെറിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ഒന്നും പറയാതെ അവൻ അകത്ത് പോയൊളിച്ചു. സ്വന്തം ജീവിതം കൊടുത്തിട്ട് മറ്റു ചില ജീവിതങ്ങൾ പകരം വാങ്ങാൻ പറ്റുമായിരുന്നെങ്കിൽ. പ്രാർത്ഥിക്കണം എല്ലാവരും. (ഒരു ഡിസംബറിൽ എഴുതിയതാണ്. കാലം യാത്ര പോകുന്നതിനനുസരിച്ച് ദുഖത്തിന്റെ കനവുമേറുന്നു. ഓർമ്മകൾ അങ്ങിനെ തന്നെ നിൽക്കട്ടെ.












Click it and Unblock the Notifications