കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിഷേധ വോട്ട് ജയിക്കുമോ

  • By Soorya Chandran
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സുപ്രധാനമായ ഒരു മാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

അത് മറ്റൊന്നുമല്ല. 'നിഷേധ വോട്ട്' എന്ന സാധാരണ പൗരന്റെ വജ്രായുധം തന്നെ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് എത്രത്തോളം ഇത് സംബന്ധിച്ച് ധാരണയുണ്ടെന്ന് അറിയില്ലെങ്കിലും സമ്പൂര്‍ണ സാക്ഷരത നേടിയ കേളത്തിലെ ബൗദ്ധിക സമൂഹം ഈ സംവിധാനത്തെ എങ്ങനെ ഉപയോഗിക്കും എന്നറിയാനാണ് കാത്തിരിക്കുന്നത്.

Nota

ഇടത് -വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ കണ്ട് മടുത്ത കേരള ജനതക്ക് നിഷേധ വോട്ട് ഒരു പുതിയ സാധ്യതയാണ്. രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് വിലയിരുത്തപ്പെടുമ്പോഴും കേരള യുവത്വം രാഷ്ട്രീയത്തിനോട് മുഖം തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും, കേരളത്തില്‍ രണ്ട് മുന്നണികള്‍ തുടര്‍ന്ന് വരുന്ന നീക്ക് പോക്ക് രാഷ്ട്രീയവും ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ക്ക് അല്‍പം ആശ്വാസമായേക്കും.

പണ്ടുമുതലേ ഇടത് ബോധമുള്ള സംസ്ഥാനം എന്ന പേരാണ് കേരളത്തിനുള്ളത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും ഇടത് ബോധമുള്ളവരാണെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് നിഷേധ വോട്ടിന് കേരളത്തില്‍ പ്രാധാന്യം ഏറുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ 60 മുതല്‍ 65 ശതമാനം വരെയാണ് കേരളത്തില്‍ പോളിങ് നടക്കാറുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ, നിയമസഭ തിരഞ്ഞെടുപ്പിലോ കാണുന്ന ആവേശം വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും കാണിക്കാറില്ല. വോട്ട് ചെയ്യണം എന്ന് തോന്നുന്നവര്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ പോകാറുള്ളത് എന്ന് ചുരുക്കും.

നിഷേധ വോട്ട് ഒരു സാധ്യതയാണ്. ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ല എന്ന് കരുതുന്നവര്‍ക്കും, തന്റെ വോട്ട് അസാധുവായിപ്പോകട്ടെ എന്ന് കരുതുന്നവര്‍ക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആ സാധ്യത തന്നെയാണ് ഒരു പ്രധാന വിഷയം.

ഒരു പക്ഷേ ചില മണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് നിഷേധ വോട്ടിന്റെ ബട്ടണില്‍ അമരാനിടയുണ്ട്. ചിലപ്പോള്‍ അത് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളേക്കാള്‍ കൂടാന്‍ പോലും ഇടയുണ്ടെന്ന് പറയേണ്ടി വരും.

തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ജയിച്ചാല്‍ എന്ത് ചെയ്യും. രണ്ടാം സ്ഥാനക്കാരനായ തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുമോ, അതോ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ...?കാത്തിരുന്നു കാണേണ്ടി വരും.

എന്തായാലും ഒരു മണ്ഡലത്തിലെങ്കിലും നിഷേധ വോട്ടിന് ഭൂരിപക്ഷം കിട്ടുന്നത് നല്ലതായിരിക്കും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചെയ്ത് തിരിച്ചുപോകാനുള്ളവരല്ല ജനങ്ങള്‍ എന്നൊരു ബോധ്യം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാക്കാന്‍ അത് ഉപകരിക്കും.

English summary
Will Negative Vote get majority in Parliament election in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X