പൂർണമായും ഭൂമിക്കടിയിലൂടെ- ദുബൈയിൽ 3400 കോടിയുടെ മെട്രോ ഗോൾഡ് ലൈൻ വരുന്നു; 2032ൽ ഓടിത്തുടങ്ങും
42 കിലോമീറ്റർ മെട്രോ ലൈൻ, അതും പൂർണമായും ഭൂമിക്കടിയിലൂടെ. പൊതുഗതാഗത രംഗത്ത് വീണ്ടും കുതിക്കാൻ ഒരുങ്ങുന്ന ദുബൈയുടെ ഗോൾഡ് ലൈൻ മെട്രോയുടെ പ്രത്യേകതയാണിത്. ബ്ലൂ ലൈനിന് പിന്നാലെ ദുബൈ മെട്രോയുടെ ഗോൾഡ് ലൈൻ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അൽ ഗുബൈബ മുതൽ ജുമൈറ ഗോൾഡ് എസ്റ്റേറ്റുകൾ വരെ 42 കിലോമീറ്റർ നീളത്തിലാണ് പുതിയ മെട്രോ ലൈൻ വരുന്നത്.
ദുബൈയിലെ ഏറ്റവും വലിയ ഗതാഗത പദ്ധതിയായി വിശേഷിപ്പിക്കുന്ന ഗോൾഡ് ലൈൻ മെട്രോ പദ്ധതിയുടെ 23ാം വാർഷികദിനമായ 2032 സെപ്റ്റംബർ ഒമ്പതിന് യാഥാർഥ്യമാക്കാനാണ് തീരുമാനം. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള നാഴികക്കല്ലാണ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

40 മീറ്റർ താഴ്ചയിൽ പൂർണമായും ഭൂമിക്കടിയിലൂടെ ഈ ലൈനിലൂടെ യാത്ര ചെയ്യാം. നിലവിലെ ദുബൈ മെട്രോ ടണലുകളുടെ രണ്ടിരട്ടി ദൈർഘ്യമുള്ള ടണലാണ് പദ്ധതിക്കായി തയാറാക്കുക. ദൈനംദിന ജീവിതത്തെയും ഗതാഗതത്തെയും നിലവിലെ വികസന പദ്ധതികളെയുമൊന്നും ബാധിക്കാത്ത തരത്തിലുള്ള സാങ്കേതികതയാണ് ടണൽ നിർമാണത്തിനായി ഉപയോഗിക്കുക.
നഗരത്തിലെ തന്ത്രപ്രധാനമായ 15 സ്ഥലങ്ങളിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്. 3400 കോടി ദിർഹമാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. നിലവിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നഗരത്തിലെ 55 മേഖലകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ ലൈനിന്‍റെ രൂപകൽപന. ഏതാണ്ട് 15 ലക്ഷം താമസക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്റ്റേഷനുകൾ ഏതെല്ലാമാണെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും ബർ ദുബൈ, അൽ ഗുബൈബ, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ്, സിറ്റി വോക്ക്, ജുമൈറ, സത്വ, സബീൽ, ബിസിനസ് ബേ, എംബിആർ സിറ്റി, മെയ്ദാൻ, റാസൽഖോർ, ദുബൈ ഹിൽസ്, അൽബർഷ സൗത്ത്, ദുബൈ സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് ട്രയാംഗ്ൾ, ദുബൈ സ്പോർട്സ് സിറ്റി, പ്രൊഡക്ഷൻ സിറ്റി, സ്റ്റുഡിയോ സിറ്റി, വാദി അൽ സഫ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി പാതയെ ബന്ധിപ്പിക്കും.
ദുബൈ റെയിൽ നെറ്റ് വർക്ക്, ഇത്തിഹാദ് റെയിൽ എന്നിവയുമായി സംയോജിപ്പിക്കാനാകുമെന്നതാണ് ഗോൾഡ് ലൈനിന്റെ മറ്റൊരു പ്രത്യേകത. ഗ്രീൻ ലൈനുമായി ചേരുന്ന ഇന്റർസെക്ഷൻ അൽ ഗുബൈബയിലും റെഡ് ലൈനുമായുള്ള ഇന്റർചെയ്ഞ്ച് ബിസിനസ് ബേയിലും ഭാവിയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുമായുള്ള ഇന്റർചെയ്ഞ്ച് മെയ്ദാനിലും റെഡ് ലൈനുമായും ഭാവിയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുമായുള്ള ഇന്റർചെയ്ഞ്ച് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലുമായിരിക്കും.
പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായാൽ 2040 ആകുമ്പോഴേക്കും പ്രതിദിനം 4,65,000 യാത്രക്കാർക്ക് സേവനം നൽകുമെന്നാണ് പ്രതീക്ഷ. ടണൽ ബോറിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയിൽ നിലവിലുള്ള മെട്രോ തുരങ്കങ്ങളേക്കാൾ ഇരട്ടി വലിപ്പമുള്ള ഭൂഗർഭ ട്രാക്കാണ് ഉപയോഗിക്കുക. 20 വർഷത്തിനുള്ളിൽ 430 ശതമാനം വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ ബ്ലൂലൈനിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 2029 സെപ്റ്റംബർ ഒമ്പതിന് ബ്ലൂലൈനിന്‍റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈയിൽ ആദ്യ മെട്രോ സ്ഥാപിതമാകുന്നത്. ഗോൾഡ് ലൈൻ യാഥാർഥ്യമാകുന്നതോടെ 2032 സെപ്റ്റംബർ ഒമ്പതിന് ഗതാഗത രംഗത്ത് മറ്റൊരു ചരിത്രത്തിന് കൂടിയാണ് ദുബൈ നഗരം സാക്ഷ്യം വഹിക്കുക.












Click it and Unblock the Notifications