അബുദാബിയുടെ ചരിത്രപരമായ നീക്കം: ഗുജറാത്തില്‍ പ്രവർത്തനമാരംഭിച്ച് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി; നിക്ഷേപം ഒഴുകും
ഇന്ത്യയും യു എ ഇയും തമ്മിലുള്ള പുതിയ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവില്‍ വന്നതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. 2013 ഡിസംബറിൽ ഒപ്പുവച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി സെപ്തംബറില്‍ കാലഹരണപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കരാർ.
ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഇരു രാജ്യങ്ങളിലേയും നിക്ഷേപകർക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി വ്യവസ്ഥകള്‍ ശുപാർശ ചെയ്യുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് യു എ ഇയിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായ അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (എ ഡി ഐ എ) ഇന്ത്യൻ ടാക്സ് ന്യൂട്രൽ ഫിനാൻസ് ഹബ്ബിൽ പ്രവർത്തനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി അഥവാ ഗിഫ്റ്റ് സിറ്റിയിലാണ് എ ഡി ഐ എ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ ഗവൺമെൻ്റ് "ആഗോള മൂലധനത്തിൻ്റെയും സാമ്പത്തിക സേവനങ്ങളുടെയും ഗേറ്റ്‌വേ" ആയി കേന്ദ്ര സർക്കാർ പ്രമോട്ട് ചെയ്യുന്ന ഒരു സാമ്പത്തിക സേവന കേന്ദ്രമാണ് ഗിഫ്റ്റ് സിറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ സ്ഥാപിതമായ സോൺ, അവിടെ സ്ഥാപിക്കുന്ന കമ്പനികൾക്ക് 10 വർഷത്തെ നികുതി അവധി വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഇളവ് കൊണ്ട് തന്നെ നിരവധി വിദേശ കമ്പനികള്‍ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശ അധികാരപരിധിയിൽ നിന്നുള്ള ഫണ്ട് കൈമാറ്റത്തിന് നികുതിയില്ല എന്നതിനോടൊപ്പം തന്നെ കമ്പനികള്‍ക്ക് ഇന്ത്യൻ വിപണിയുമായി ചേർന്ന് പ്രവർത്തിക്കാനും സാധിക്കും.
2023 ജൂലൈ മാസത്തിലാണ് ഹബ്ബിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഉദ്ദേശം എ ഡി ഐ എ ആദ്യമായി പ്രഖ്യാപിച്ചത്. ഫിനാൻസ് ഹബ് വഴി രാജ്യത്ത് നിക്ഷേപിക്കുന്നതിനായി സോവറിൻ ഫണ്ട് 4 ബില്യൺ ഡോളർ മുതൽ 5 ബില്യൺ ഡോളർ വരെ ഫണ്ട് രൂപീകരിക്കുന്നതായി ഫെബ്രുവരിയിൽ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ അറബ് നിക്ഷേപകരാണ് യു എ ഇ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 3 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് യു എ ഇ ഇന്ത്യയില്‍ നടത്തിയത്. പുതിയ കരാർ കൂടെ നിലവില്‍ വന്നതോടെ വരും വർഷങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications