അന്ന് മാസ ശമ്പളം 900 ദിർഹം: ഇന്ന് ബുർജ് ഖലീഫയില്‍ ഫ്ലാറ്റ് സ്വന്തമാക്കിയ ഏക മലയാളി, അറിയാം ദിലീപിനെ
ദുബായ്: 32 വർഷങ്ങള്‍ക്ക് മുമ്പ് സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി തന്റെ 22-ാം വയസ്സിലാണ് എടപ്പാള്‍ സ്വദേശിയായ ദിലീപ് ദുബായിലേക്ക് വിമാനം കയറുന്നത്. തുടക്കം നിർമാണത്തൊഴിലാളിയായിട്ട് ലേബർ വിസയിലെ ആദ്യ ജോലിക്ക് ശമ്പളമായി ലഭിച്ചത് 900 ദിർഹം രൂപ. എന്നാല്‍ ഇന്ന് ദിലീപ് ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഒരു ഉത്തരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയെന്നാണ്. മനോരമ സണ്‍ഡെ സ്പെഷ്യല്‍ പ്രസിദ്ധീരിച്ച അദ്ദേഹത്തിന്റെ ജീവിത കഥ ആർക്കും പ്രചോദനമായി മാറുന്നതാണ്.
ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരന്‍ കൂടിയാണ് പ്രോപ്പർട്ടി ഡവലപ്പറായ ദിലീപ് എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഗോള്‍ഫ് ക്ലബ്ബില്‍ അംഗത്വം നേടുന്നതിന് ഗോള്‍ഫ് പഠിച്ച് തുടങ്ങിയ ദിലീപ് പിന്നീട് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു. ഐപിഎല്ലില്‍ കേരളത്തിന്റെ ടീമായിരുന്ന കേരള ടസ്കേഴ്സിന്റെ ഉടമകളില്‍ ഒരാളുമായിരുന്നു ദിലീപ്.

രണ്ട് വർഷത്തെ മുഴുവന്‍ ശമ്പളവും സ്വരൂപിച്ചാണ് ദിലീപ് ആദ്യമായി ഒരു കാർ വാങ്ങിക്കുന്നതെങ്കില്‍ ഇന്ന് അദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത് കോടികള്‍ വിലമതിക്കുന്ന 12 അത്യാഢംബര കാറുകളാണ്. ഇത് മാത്രമല്ല, കോടികള്‍ വിലയുള്ള വാച്ചുകള്‍ മുതല്‍ ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ, ബാറ്റുകൾ തുടങ്ങി വിലമതിക്കാനാവാത്ത ഒട്ടനവധി വസ്തുകളും ഈ എടപ്പാള്‍ സ്വദേശിയുടെ ഉടമസ്ഥതയിലുണ്ട്.
ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകത്തിലെ അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് എന്നിവരുടെ ബൂട്ട്, , ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റ്, ലോക കാറോട്ട ജേതാക്കളായ മൈക്കൽ ഷുമാക്കറുടെയും മാക്സ് വെർസ്റ്റപ്പന്റെയും ഹെൽമറ്റ്, ഗോൾഫ് ഇതിഹാസം ടൈഗർ തുടങ്ങിയവയാണ് ദിലീപിന്റെ ശേഖരത്തിലെ അമൂല്യ വസ്തുക്കള്‍.
സിവില്‍ എഞ്ചിനീയറങി പഠനത്തിന് ശേഷം തുടക്കത്തില്‍ തിരുവനന്തപുരം വാട്ടർ അതോറിറ്റിയില്‍ കുറച്ച് വർഷം താല്‍ക്കാലിക സൂപ്പർവൈസറായി പ്രവേശിച്ചിരുന്നു. പിന്നീട് 1990 ല്‍ ദിലീപ് മുംബൈയിലേക്ക് വണ്ടി കയറി. അവിടെ ചെറിയ ജോലികള്‍ ചെയ്ത് വരുന്നതിനിടയിലാണ് ദുബായിലെ കമ്പനിയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നത്. ഇന്റർവ്യൂവിൽ വിജയിച്ചതോടെ ലേബർ വീസയിൽ ദുബായിലേക്ക്. അസിസ്റ്റന്റ് ക്വാണ്ടിറ്റി സർവേയറായുള്ള ജോലിക്ക് 900 ദിർഹമാണ് ശമ്പളം, താമസം ലേബർ ക്യാമ്പിലും.
രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് കമ്പനി ഉടമയായ സായിപ്പിനോട് ശമ്പളം കൂട്ടിത്തരാൻ ആവശ്യപ്പെടുന്നത്. അത് അംഗീരിച്ച ഉടമ താമസിക്കാന്‍ പ്രത്യേക മുറിയും അനുവദിച്ചു. 10 വർഷം ഇതേ കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷം 2002 ലാണ് ദിലീപ് Heilbronn എന്ന പേരിൽ സ്വന്തം കമ്പനി തുടങ്ങുന്നത്. ദുബായിൽ ആഢംബംര വില്ലകളുടെയും കെട്ടിടങ്ങളുടെയും ഡിസൈനിങ്ങും നിർമാണത്തിനുമൊപ്പം വിദേശ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസും കമ്പനി നടത്തുന്നു.
ദിലീപ് ഗോള്‍ഫ് പഠിച്ചതും ഏറെ രസകരമായ കഥയാണ്. 1991 ല്‍ നിർമ്മണ കമ്പനിയുടെ ജോലി കഴിഞ്ഞ് ബസില്‍ ക്യാമ്പിലേക്ക് പോകുന്ന വഴിയില്‍ ക്രീക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് ദിലീപ് കണ്ടു. എന്താണ് അവിടെ നടക്കുന്നതെന്ന് ദിലീപ് ചോദിക്കുന്നത് ബസ് ഡ്രൈവറായിരുന്ന തിരുവനന്തപുരം സ്വദേശി ശിഹാബിക്കയോടാണ്. 'ദുബായ് ഗോൾഫ് ക്ലബ്ബിന്റെ നിർമാണമാണവിടെ. ആ ക്ലബ്ബിന്റെ നിർമാണം പൂർത്തിയായാലും നിന്റെ 3 വർഷത്തെ ശമ്പളം വേണ്ടിവരും അവിടെ അംഗത്വമെടുക്കാൻ' എന്നായിരുന്നു ശിഹാബിക്കയുടെ മറുപടി.
അന്ന് ആ മറുപടി കേട്ട ദിലീപാണ് യുഎഇയെ പ്രതിനിധീകരിച്ച് 2006ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ബിഎംഡബ്ല്യു ലോക അമേച്ചർ ഗോൾഫ് കപ്പിലും 2019ൽ തുർക്കിയിൽ നടന്ന ടർക്കിഷ് എയർലൈൻസ് ലോക അമേച്ചർ ഗോൾഫ് കപ്പിലും മത്സരിച്ചത്. ഗോള്‍ഫ് ക്ലബ്ബിനെക്കുറിച്ച് തന്നോട് ആദ്യമായി പറഞ്ഞ ശിഹാബിക്കയെ ദിലീപ് പിന്നീട് അതേ ഗോള്‍ഫ് ക്ലബ്ബില്‍ അതിഥിയായും കൊണ്ടുപോയി.












Click it and Unblock the Notifications