സൗദിയും യുഎഇയും അടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്കെല്ലാം ഇനി ഒറ്റ വിസ! ജിസിസിയുടെ വമ്പന്‍ നീക്കം, അറിയേണ്ടതെല്ലാം
ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെല്ലാം ഒറ്റ വിസയ്ക്ക് യാത്ര ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ജിസിസിയിലെആറ് അംഗരാജ്യങ്ങിലും യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് ഒറ്റ വിസ കൊണ്ട് സാധ്യമാക്കുന്നതിനുള്ള വിപ്ലവകരമായ നീക്കത്തിനാണ് ശ്രമം പുരോഗമിക്കുന്നത് എന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി സ്ഥിരീകരിച്ചു.
അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ പാസ്പോര്‍ട്ട് വകുപ്പുകള്‍ സംയുക്ത സാങ്കേതിക യോഗങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സമീപഭാവിയില്‍ പദ്ധതിക്ക് ജീവന്‍ പകരാന്‍ വിലപ്പെട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ജാസിം മുഹമ്മദ് അല്‍ബുദൈവി വ്യക്തമാക്കി. ബുധനാഴ്ച റിയാദിലെ ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറലിന്റെ 39-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം പങ്ക് വെച്ചത്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംഘങ്ങളുടെ യോഗങ്ങളില്‍ അല്‍ ബുദൈവി കരട് അജണ്ടയും ഏറ്റവും പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്തു. അംഗരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു. ഏകീകൃത വിസ പ്രാദേശിക സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഗള്‍ഫ് നേതാക്കളുടെ വിശാലമായ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ദ്രുതഗതിയിലുള്ള മാറ്റത്താല്‍ സവിശേഷതയുള്ള ഒരു ലോകത്ത് സാങ്കേതിക വികസനങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കാന്‍ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ഈ സംരംഭം 2023 നവംബറില്‍ ഒമാനില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തില്‍ ആണ് അംഗീകരിക്കപ്പെട്ടത്.
യൂറോപ്പിലെ ഷെഞ്ചന്‍ സമ്പ്രദായത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ആഗോള സന്ദര്‍ശകരെ ആകര്‍ഷിക്കാനും അന്തര്‍-പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ഗള്‍ഫിന്റെ പദ്ധതികളിലെ ഒരു പ്രധാന നാഴികക്കല്ലായാണ് ജിസിസി ഈ വിസയെ കാണുന്നത്. പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാല്‍, ആറ് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ വിനോദസഞ്ചാരികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിസ അനുവദിക്കും.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍. അതേസമയം ടൂറിസത്തിനും കുടുംബ സന്ദര്‍ശനങ്ങള്‍ക്കും മാത്രമായിരിക്കും ഈ വിസയുടെ സാധുത. ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. 30 മുതല്‍ 90 ദിവസം വരെ കാലാവധി പ്രതീക്ഷിക്കുന്നു. ഒന്നോ അതിലധികമോ ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവേശനം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.
ശേഷം വിസ നേരിട്ട് നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കും. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇത് പ്രിന്റ് ഔട്ട് എടുക്കുകയോ ഫോണില്‍ കാണിക്കുകയോ ചെയ്യാം. പ്രത്യേക വിസകള്‍ക്ക് അപേക്ഷിക്കുന്നതിനേക്കാള്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായിരിക്കും ഇത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള ടൂറിസവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സന്ദര്‍ശകരില്‍ ഈ വിസയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധുവായ ഒരു പാസ്പോര്‍ട്ട്, അടുത്തിടെ എടുത്ത ഒരു പാസ്പോര്‍ട്ട് വലുപ്പമുള്ള ഫോട്ടോ, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം ( ഹോട്ടല്‍ ബുക്കിംഗുകള്‍ / ക്ഷണക്കത്ത് )4) യാത്രാ ഇന്‍ഷുറന്‍സ്, നിങ്ങളുടെ യാത്രയ്ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതിനുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്, വിമാന ടിക്കറ്റ്, ജി സി സി വിസയുടെ ഉദ്ദേശ്യം എന്നിവ വ്യക്തമാക്കുന്ന രേഖകളോടെയാണ് ഏകീകൃത വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും, പുതിയ വിസ വളരെ വേഗം അവതരിപ്പിക്കുമെന്ന് ജി സി സി ഉദ്യോഗസ്ഥര്‍ പറയുന്നു.












Click it and Unblock the Notifications