സ്വർണം യുഎഇയില്‍ നിന്നും ഇനി തോന്നുംപടി കൊണ്ടാവരാനാകില്ല: നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: യു എ ഇയില്‍ നിന്നുള്ള സ്വർണം, വെള്ളി ഇറക്കുമതി ചട്ടങ്ങള്‍ കർശനമാക്കി ഇന്ത്യ. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ (CEPA) ദുരുപയോഗം ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സ്വർണ-വെള്ളി ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ മറവില്‍ വ്യാപകമായ ഇറക്കുമതി ദുരുപയോഗം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം അനുസരിച്ച്, അൺവ്രോട്ട്, സെമി-മാനുഫാക്ചേർഡ്, പൗഡർ രൂപങ്ങളിലുള്ള സ്വർണവും വെള്ളിയും ഇനി മുതൽ നാമനിർദ്ദിഷ്ട ഏജൻസികൾ, യോഗ്യതയുള്ള ജ്വല്ലർമാർ, അല്ലെങ്കിൽ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിലെ താരിഫ് റേറ്റ് ക്വോട്ട (TRQ) ഉടമകൾ വഴി മാത്രമേ ഇറക്കുമതി ചെയ്യാൻ അനുവദിക്കൂ.

തട്ടിപ്പിന്റെ വഴി
2022-ൽ ഒപ്പുവച്ച ഇന്ത്യ-യു എ ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രകാരം ഇന്ത്യയിലേക്കുള്ള സ്വർണ-വെള്ളി ഇറക്കുമതിക്ക് 1% ഇറക്കുമതി തീരുവ ഇളവ് നല്‍കിയിരുന്നു. ഇതോടെ യു എ ഇയിൽ നിന്നുള്ള ഇറക്കുമതി 2022-23-ലെ 7,000 കോടി ഡോളറിൽ നിന്ന് 2023-24-ൽ 10700 കോടി ഡോളറായി വർധിച്ചു. എന്നാൽ, ഈ കരാർ ദുരുപയോഗം ചെയ്ത്, മൂന്നാം രാജ്യങ്ങളിൽ നിന്ന് സ്വർണ-വെള്ളി യു എ ഇ വഴി ഇന്ത്യയിലേക്ക് കുറഞ്ഞ നികുതിയിൽ ഇറക്കുമതി ചെയ്യുന്നതും വർധിച്ചു.
അതോടൊപ്പം തന്നെ തീരുവ ഇളവിലെ പ്രയോജനം നേടുന്നതിനായി ദുബായിൽ നിന്നുള്ള 99 ശതമാനം സ്വർണ്ണത്തിന്റെയും കയറ്റുമതിയെ പ്ലാറ്റിനം അലോയ് എന്ന രീതിയില്‍ മറച്ചുവെക്കുന്നതായും കണ്ടെത്തി. ഈ രീതി തടയുന്നതിനായി, 99 ശതമാനമോ അതിൽ കൂടുതലോ ശുദ്ധമായ പ്ലാറ്റിനം അടങ്ങിയ പ്ലാറ്റിനത്തിനായി സർക്കാട് ഒരു പ്രത്യേക എച്ച് എസ് കോഡും അവതരിപ്പിച്ചു. ഈ കോഡ് ലഭ്യമായവർക്ക് മാത്രമേ തീരുവ ഇളവ് ഇപ്പോള്‍ ലഭ്യമാകുകയുള്ളു.
യുഎഇക്ക് പുറത്ത്
ഇന്ത്യയിലേക്ക് തായ്‌ലൻഡ്, ഇന്തോനേഷ്യ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ സ്വർണം പ്ലാറ്റിനം ലോഹക്കൂട്ടായി ഇറക്കുമതി ചെയ്യപ്പെടുന്നതായുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. 2%ൽ കൂടുതൽ പ്ലാറ്റിനം അടങ്ങിയ ലോഹക്കൂട്ട്, കസ്റ്റംസ് നിയമപ്രകാരം പ്ലാറ്റിനമായി കണക്കാക്കപ്പെടുന്നതിനാൽ, ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ, വികസ്വര രാജ്യങ്ങളുമായുള്ള നികുതി രഹിത കരാറുകൾ എന്നിവ വഴി നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ സാധിക്കുന്നു. ഇത് 97% വരെ സ്വർണം അടങ്ങിയ ലോഹക്കൂട്ടിനും ബാധകമാണ്. അതിനാല്‍ തന്നെ ഇത് നിയമപരമായി നികുതി വെട്ടിപ്പുമല്ല.
യുഎഇയിൽ നിന്ന് പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതി ചെയ്യാൻ 5% നികുതി നൽകണമെങ്കിലും, തായ്‌ലൻഡ്, ഇന്തോനേഷ്യ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് നികുതിയില്ലാതെ ഇറക്കാം. 2024 ജൂലൈ വരെ ടാൻസാനിയയിൽ നിന്നും ഇന്ത്യയിലേക്ക് യാതൊരു വിധ ഇറക്കുമതികളും ഉണ്ടായിരുന്നു. എന്നാൽ ആഗസ്റ്റിൽ ഇത് 267 കിലോയായി വർധിച്ചു. ഇത്തരം തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങിയത്.
തീരുവ കുറച്ചത്
2024 ജൂലൈയിൽ, സ്വർണ-വെള്ളി ഇറക്കുമതി നികുതി 15%-ൽ നിന്ന് 6%-ലേക്ക് കുറച്ചിരുന്നു. എന്നാൽ സമഗ്ര സാമ്പത്തിക കരാർ പ്രകാരം യു എ ഇയില്‍ നിന്നും 5 ശതമാനം നികുതിയിലാണ് ഇറക്കുമതി നടക്കുന്നത്. ഇന്ത്യൻ ജ്വല്ലറി വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക, കള്ളക്കടത്ത് തടയുക, ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപ്പിലാക്കിയത്.












Click it and Unblock the Notifications