ഗാബര്‍ മലകളില്‍ എണ്ണ കിനിയുന്നു; ബാങ്ക് വഴി 72 ടണ്‍ സ്വര്‍ണം നിറച്ച് തുര്‍ക്കി... റെക്കോര്‍ഡ് നേട്ടം
ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് സമാനമായ നീക്കം നടത്തുന്ന രാജ്യമാണ് തുര്‍ക്കി. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ രണ്ടാമത്തെ രാജ്യമാണിത്. ഇന്ത്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഇപ്പോഴിതാ ആഭ്യന്തരമായ ക്രൂഡ് ഓയില്‍ നിര്‍മാണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ പേരുകള്‍ക്കൊപ്പം എണ്ണരാജ്യമായി തുര്‍ക്കിയും വൈകാതെ എത്തിയേക്കും.
ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് തുര്‍ക്കി പ്രധാനമായും ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ്. ഇറാഖുമായി കോടികളുടെ കരാര്‍ ഒപ്പുവച്ച ഈ യൂറേഷ്യന്‍ രാജ്യം ആഫ്രിക്കയിലെ എണ്ണ ഖനന മേഖല ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. വാതകത്തിന് വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള അടുപ്പത്തിന്റെ തെളിവാണ് തുര്‍ക്കി സൈന്യത്തിന് ക്യാമ്പ് ചെയ്യാന്‍ ദോഹയില്‍ ലഭിച്ച അവസരം.

നവംബറിലെ കണക്കുകള്‍ പ്രകാരം 34 ലക്ഷം ബാരല്‍ എണ്ണയാണ് തുര്‍ക്കി ഉല്‍പ്പാദിപ്പിച്ചത്. ഇതില്‍ പകുതിയും സിര്‍നാക് പ്രവിശ്യയിലെ ഗാബര്‍ മലനിരകളില്‍ നിന്നാണ്. കുര്‍ദ് വിഭാഗത്തിന് സ്വാധീനമുള്ള ഈ മേഖലയില്‍ തുര്‍ക്കി ഭരണകൂടം കുര്‍ദുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നു എന്ന ആക്ഷേപമുണ്ട്. കുര്‍ദുകളുടെ പികെകെ എന്ന സംഘടനയെ തീവ്രവാദ ഗ്രൂപ്പ് ആയിട്ടാണ് തുര്‍ക്കി കരുതുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗാബര്‍ മലകളില്‍ എണ്ണയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ വരെ പ്രതിദിനം 10000 ബാരല്‍ എണ്ണയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ ഓരോ ദിവസവും 61000 ബാരല്‍ ഉല്‍പ്പാദിപ്പിച്ചുവെന്ന് തുര്‍ക്കി ഊര്‍ജ മന്ത്രി അല്‍പര്‍സ്ലാന്‍ ബയ്‌റക്തര്‍ പറഞ്ഞു. പ്രതിദിനം ഒരു ലക്ഷം ബാരല്‍ എണ്ണയാണ് തുര്‍ക്കി സ്വപ്‌നം കാണുന്നത്.
രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും തുര്‍ക്കി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പണം വിദേശത്തേക്ക് ഒഴുകുന്നത് തടയുക. കരുതല്‍ ധനം കൂട്ടുക. വിദേശത്തേക്ക് പണം പോകുന്ന പ്രധാന കാരണം എണ്ണ ഇറക്കുമതിയാണ്. ആഭ്യന്തരമായി എണ്ണ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ ഇത് തടയാന്‍ സാധിക്കൂ എന്ന് തുര്‍ക്കി മനസിലാക്കുന്നു. തുടര്‍ന്നാണ് ഗാബര്‍ മലനിരകളില്‍ ഖനനം വിപുലീകരിച്ചത്. അതിന്റെ നേട്ടം തുര്‍ക്കി ഇപ്പോള്‍ കൊയ്യുകയാണ്.
അതേസമയം, കരുതല്‍ ധനമായി എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങുന്നത്. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ മൂന്ന് രാജ്യങ്ങള്‍ ഇന്ത്യയും തുര്‍ക്കിയും പോളണ്ടുമാണ്. ഈ വര്‍ഷം ഇന്ത്യ 77 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. ഒക്ടോബറില്‍ മാത്രം 27 ടണ്‍. അതേസമയം, തുര്‍ക്കി ഈ വര്‍ഷം വാങ്ങിയത് 72 ടണ്ണും പോളണ്ട് 69 ടണ്ണുമാണ്.
എണ്ണയിലും സ്വര്‍ണത്തിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മുന്നോട്ട് പോകുന്ന തുര്‍ക്കിയുടെ നീക്കം യൂറോപ്പിലെ മറ്റു രാജ്യങ്ങളും അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. നാറ്റോ അംഗ രാജ്യമാണ് തുര്‍ക്കി. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോ സൈനിക സഖ്യത്തില്‍ കൂടുതല്‍ പട്ടാളക്കാരുള്ള രണ്ടാമത്തെ രാജ്യവും തുര്‍ക്കിയാണ്. അമേരിക്കയുടെ ആണവായുധങ്ങള്‍ പലതും സൂക്ഷിച്ചിരിക്കുന്നതും തുര്‍ക്കിയിലാണ്. യൂറോപ്യന്‍ മേഖലയില്‍ അതിവേഗം പുരോഗതി പ്രാപിക്കുന്ന രാജ്യങ്ങളിലൊന്ന് തുര്‍ക്കിയാണ്. അതുകൊണ്ടുതന്നെ തുര്‍ക്കിയുടെ പുതിയ നേട്ടം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്.












Click it and Unblock the Notifications