ദുബായ് സ്വർണ വില ദേ കുത്തനെ താഴേക്ക്; ഇതിലും മികച്ച സമയമുണ്ടോ വാങ്ങാൻ, ആഭരണമോ സ്വർണക്കട്ടിയോ
സ്വർണത്തിന്റെ തിരക്കേറിയ വിപണിയാണ് ദുബായ്. വൈവിധ്യമാർന്ന ഡിസൈനുകളിൽ പരിശുദ്ധിയുള്ള തനി തങ്കം കൂടാതെ നികുതിയും കുറവ്, ഇത് തന്നെയാണ് യുഎഇയിലെ സ്വർണ വിപണിയിലേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാൽ ആഗോള വിപണിയിലെ ചലനങ്ങൾ ദുബായ് സ്വർണാഭാരണ മാർക്കറ്റിലും വലിയ ഇടിവാണ് ഉണ്ടാക്കിയത്. പവന് റെക്കോഡ് വില തൊട്ടതോടെ ആഭരണങ്ങൾ വാങ്ങാൻ മടിച്ച് നിൽക്കുകയായിരുന്നു പലരും. എന്നാൽ ഇനി അധികം കാത്ത് നിൽക്കേണ്ട, ഇന്ന് തന്നെ വിട്ടോളൂ ജ്വല്ലറികളിലേക്ക്. കാരണം രാജ്യത്ത് സ്വർണവില ഇടിഞ്ഞു. ഏപ്രിൽ 15 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടികളാണ് സ്വർണ വില പൊള്ളാൻ കാരണമായത്.മറ്റ് രാജ്യങ്ങൾക്കെതിരായ പകരച്ചുങ്കം മരവിപ്പിച്ചെങ്കിലും ചൈനയ്ക്കെതിരായ നടപടി ട്രംപ് കടുപ്പിച്ചു. 245 ശതമാനം വരെയാണ് നികുതി ഉയർത്തിയത്. ആഗോള വിപണിയെ തീരുമാനം പിടിച്ചുലച്ചു. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർക്കിടയിൽ സ്വർണത്തോടുള്ള സ്വീകാര്യത ഉയർത്തി. ഡിമാന്റ് ഉയർന്നതോടെ സ്വർണ വില കത്തികയറി.

എന്നാൽ കഴിഞ്ഞ ദിവസം ചൈനയ്ക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ട് പോകുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം ട്രംപ് നടത്തി. ഈ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി, സ്വർണത്തിന് വില താഴുകയും ചെയ്തു. ഇന്ന് ആഗോളതലത്തിൽ സ്വർണം ഔൺസിന് 3318 ഡോളർ ആണ് വില. കഴിഞ്ഞ ആഴ്ചയിൽ 3,500 ഡോളർ രേഖപ്പെടുത്തിയ വിലയാണ് ഇപ്പോൾ ഇത്രയും കുറഞ്ഞിരിക്കുന്നത്.
ആഗോള വിപണിയലെ ചലനങ്ങൾ ദുബായിലെ സ്വർണ വിലയിലും വലിയ കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇന്ന് രാജ്യത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 369 ദിർഹമാണ്. അതായത് കഴിഞ്ഞ ആഴ്ച വില 380 വരെ എത്തിയ ഇടത്ത് നിന്നാണ് ഈ വീഴ്ച എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അക്ഷയ തൃതീയ അടുത്തതോടെ വില കുറഞ്ഞത് വലിയ പ്രതീക്ഷയാണ് സ്വർണ പ്രേമികളിൽ ഉണ്ടാക്കിയിരിക്കുന്നത്.
എന്ത് തന്നെയായാലും ഇന്ന് സ്വർണം വാങ്ങാനൊരുങ്ങുകയാണെന്നാണ് ചില യുഎഇ നിവാസികൾ പറയുന്നത്. ഏപ്രിൽ 30 ന് അക്ഷയ തൃതീയ ദിനത്തിൽ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ഇത്രയും വില കുറഞ്ഞത് സമീപകാലത്ത് 'ബിഗ് ബ്രേക്ക്' ആണെന്നാണ് ഉപഭോക്താവിന്‌റെ പ്രതികരണം. അതേസമയം സ്വർണ വില ഇനിയും കുറയുമെന്നാണ് പ്രവചനമാണ് ചില അനലിസ്റ്റുകൾ നടത്തുന്നത്. ഔൺസിന് 3280 ഡോളർ വരെ എത്താനുള്ള സാധ്യതകളാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.
ആഭരണങ്ങൾ വാങ്ങണോ അതോ സ്വർണബാറുകളോ?
സ്വർണ വില ഉയരാൻ തുടങ്ങിയതോടെ യുഎഇയിലെ ഉപഭോക്താക്കളിൽ പലരും സ്വർണബാറുകളും നാണയുകളും വാങ്ങുന്നത് ട്രെന്റാകുന്നുണ്ടെന്നാണ് നേരത്തേ വ്യാപാരികൾ പറഞ്ഞത്. എന്നാൽ വില കുറഞ്ഞതോടെ വാങ്ങൽ രീതിയിൽ മാറ്റം വരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭരണമായാലും സ്വർണക്കട്ടി ആയാലും അക്ഷയ തൃതീയക്ക് കൂടുതൽ പേർ എത്തണമെന്ന് മാത്രമാണ് തങ്ങളുടെ ആഗ്രഹം എന്നാണ് വ്യാപാരികളുടെ വാക്കുകൾ. അക്ഷയ തൃതീയക്ക് നൽകുന്ന ഓഫറുകൾ കൂടിയാകുമ്പോൾ വളരെ അധികം ലാഭത്തിൽ ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാൻ കഴിയും. ഇനി അക്ഷയ തൃതീയ ദിനത്തിൽ വീണ്ടും സ്വർണ വില കുറയുകയാണെങ്കിൽ കച്ചവടം പൊടിപൊടിച്ചേക്കും. അതേസമയം ഈ വിലക്കിഴിവ് കണ്ട് സ്വർണം ഇനി ഔൺസിന് വീണ്ടും 3500 ഡോളർ തൊടില്ലന്ന് പറയാനാകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ സംഭവിച്ചത് പോലൊരു കുതിച്ച് ചാട്ടം ഉണ്ടാകില്ലെന്നാണ് ഇവർ പറയുന്നത്.












Click it and Unblock the Notifications