സ്വർണ വില വീണ്ടും ഇടിഞ്ഞു; ഇത് തന്നെ അവസരം, ദുബായിയിൽ പുതിയ ട്രെന്റ്..അക്ഷയ തൃതീയക്ക് വാങ്ങിക്കൂട്ടി
ദുബായ്: കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ സ്വർണ വില നിലംതൊടാതെ പറക്കുകയായിരുന്നു. ആഗോള വിപണിയിൽ ഔൺസിന് വില 3500 ഡോളർ വരെ തൊട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യാന്തര സ്വർണ വില താഴേക്ക് നീങ്ങുകയാണ്. യുഎസ്-ചൈന താരിഫ് തർക്കത്തിന് പരിഹാരമാകുന്നുവെന്ന സൂചനകളാണ് വിലയിടവിന് കാരണമായത്. മാത്രമല്ല ഡോളർ കരുത്താർജ്ജിച്ചതും യുഎസ് ഓഹരി വിപണിയിൽ ഉണർവ് പ്രകടമായതുമെല്ലാം വിലയെ വലിയ തോതിൽ സ്വാധീനിച്ചു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ദുബായിയിലും സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയത്. കഴിഞ്ഞ 15 ദിവസത്തിനിടയിലെ ഏറ്റവും വലിയ കിഴിവാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. കഴിഞ്ഞാഴ്ച യുഎഇയിൽ സ്വർണ വില 22 കാരറ്റ് ഒരു ഗ്രാമിന് 388 ദിർഹം കടന്നിരുന്നു. 24 കാരറ്റിന് 420 ദിർഹത്തിന് മുകളിലും. എന്നാൽ അക്ഷയ തൃതീയയോട് അടുത്ത് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 350 ദിർഹം വരെ എത്താനുള്ള സാധ്യത ഉണ്ടെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രവചനങ്ങൾ ഫലിക്കുമെന്ന സൂചന നൽകി കൊണ്ടാണ് സ്വർണ വില കൂപ്പുകുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 362.5 ദിർഹമാണ് വില.

ഇന്നലെ ഗ്രാമിന് 366- 369 ദിർഹത്തിലായിരുന്നു വ്യാപാരം. അതുകൊണ്ട് തന്നെ അക്ഷയ തൃതീയയ്ക്ക് ഈ വിലക്കിഴിവ് മുതലെടുക്കാനുള്ള അവസരം സ്വർണപ്രേമികൾക്ക് ഉണ്ടായിരുന്നില്ല. അതേസമയം ഈ വില നിലവാരത്തിലും വലിയ കച്ചവടാണ് ഇന്നലെ ദുബായിയെ ഗോൾഡ് സൂക്കിലും രാജ്യത്തെ മറ്റ് ജ്വല്ലറികളിലും നടന്നത്.
ഉച്ചയ്ക്ക് 12 മുതൽ ഉപഭോക്താക്കൾ ജ്വല്ലറികളിലേക്ക് ഒഴുകുകയായിരുന്നു. പവന് എത്ര വിലയായാലും അക്ഷയ തൃതീയ ദിനത്തിൽ വാങ്ങുന്ന പാരമ്പര്യം ഒഴിവാക്കാൻ സ്വർണ പ്രേമികൾ തയ്യാറാകാതിരുന്നതോടെ കച്ചവടം പൊടിപൊടിച്ചെന്ന് വ്യാപാരികൾ പറയുന്നു. ' സ്വർണ നാണയവും കട്ടിയും ആഭരണങ്ങളുമെല്ലാം ആളുകൾ വാങ്ങിക്കൂട്ടി. ഒരു പക്ഷെ 2025 ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കച്ചവടം നടന്ന ദിവസം കൂടിയായിരിക്കും ഇത്', മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെപി അബ്ദുൾ സലാം പറഞ്ഞു.
രാവിലെ 369 ദിർഹം ഉണ്ടായിരുന്ന വില ഉച്ചയോട് 366 എന്ന നിലയിലേക്ക് എത്തിയിരുന്നു. അതുകൊണ്ട് തന്നെ സ്വർണ പ്രേമികളെ സംബന്ധിച്ച് നേരിയ ആശ്വാസമായി. ഇനി വില 385 ദിർഹം ആയിരുന്നെങ്കിലും ആളുകൾ വാങ്ങാൻ മടി കാണിക്കുമായിരുന്നില്ലെന്നും ഇന്നലത്തെ തിരക്ക് ചൂണ്ടിക്കാട്ടി വ്യാപാരികൾ പറയുന്നു.
വില ഉയർന്നാലെന്താ, സ്വർണം വേണം; പോംവഴി കണ്ട് സ്വർണ പ്രേമികൾ
സ്വർണ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വാങ്ങൽ തന്ത്രം മാറ്റിയിരിക്കുകയാണ് ഉപഭോക്താക്കൾ. മാസ അടവിലൂടെ ഒരു പവൻ സ്വന്തമാക്കാനാണ് പലരും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ഓഫറുകൾ ജ്വല്ലറികൾ നൽകുന്നുണ്ട്. അക്ഷയ തൃതീയ ദിനത്തിൽ ഇത്തരത്തിൽ ഇൻസ്റ്റാൾമെന്റിലൂടെ സ്വർണം വാങ്ങാൻ തുടക്കമിട്ടവരുമുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. 1000 ദിർഹം മുതൽ 4000 ദിർഹം വരെ മാസം അടവ് നൽകി ഇത്തരത്തിൽ വാങ്ങാനുള്ള അവസരമുണ്ട്. യുവാക്കളാണ് ഇത്തരത്തിൽ കൂടുതലായി വാങ്ങാനൊരുങ്ങുന്നതെന്നാണ് ജ്വല്ലറിക്കാർ പറയുന്നത്. അടുത്ത അക്ഷയ തൃതീയക്ക് വലിയ തട്ടുകേടില്ലാതെ ഒരു പവൻ കൈയ്യിലാകുമല്ലോയെന്നാണ് ഇവരുടെ ആശ്വാസമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications