ഇന്ത്യയുടെ കോടികളാണ് ഇറാനില്‍; എല്ലാം തരിപ്പണം ആകുമോ? ജനമിളകിയതില്‍ ആശങ്ക
ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രതിഷേധം അലയടിക്കുന്നുണ്ട്. സാമ്പത്തിക വെല്ലുവിളികളില്‍ പൊറുതിമുട്ടിയാണ് ജനം തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. അവസരം മുതലെടുത്ത് സമരക്കാര്‍ക്ക് അമേരിക്കയും ഇസ്രായേലും പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെ വിദേശങ്ങളിലെ ഇറാന്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം നടക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതോടെ ഇറാനിലെ എല്ലാ ഭാഗങ്ങളിലെയും വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും നിരവധി സമരക്കാരും പോലീസുകാരും കൊല്ലപ്പെട്ടു എന്ന വിവരം വന്നിട്ടുണ്ട്. ഖത്തര്‍, യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളും വിമാന സര്‍വീസ് റദ്ദാക്കി. പൗരന്മാര്‍ക്ക് ജാഗ്രത നില്‍ദേശം നല്‍കിയിരിക്കുകയാണ് കുവൈത്ത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനിലെ പുതിയ സംഭവങ്ങള്‍ വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ വലിയ പ്രതിസന്ധിയാണ് ഇറാന്‍ നേരിടുന്നത്. അമേരിക്കയും ഇസ്രായേലും ആക്രമിച്ചത് കഴിഞ്ഞ ജൂണിലാണ്. വിദേശ ശക്തികള്‍ ആക്രമിച്ച വേളയില്‍ ഇറാന്‍ ഒറ്റക്കെട്ടായി ചെറുത്തു. എന്നാല്‍ ഇപ്പോള്‍ സ്വന്തം ജനത തന്നെ ഇറാന്‍ ഭരണകൂടത്തിനെതരെ രംഗത്തുവന്നിരിക്കുന്നു. ഇതില്‍ ശരിക്കും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ഭരണകൂടം.
ഇന്ത്യയുടെ കോടികളുടെ നിക്ഷേപമാണ് ഇറാനിലുള്ളത്. പാകിസ്താന്‍ തൊടാതെ മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും റഷ്യയിലേക്കും എത്തുന്നതിന് ഇന്ത്യ ആശ്രയിച്ചത് ഇറാന്‍വഴിയായിരുന്നു. ഇറാന്‍ തീരത്തെ ചബഹാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിച്ചത്. അഫ്ഗാനിസ്താന്‍, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് ഈ തുറമുഖം നിര്‍ണായക സാന്നിധ്യമാണ്.
ഐഎന്‍എസ്ടിസി സുപ്രധാന പാത
ഇന്ത്യയുടെ സുപ്രധാന വ്യാപാര പാതയാണ് നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐഎന്‍എസ്ടിസി). റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയുടെ ചരക്കുകള്‍ എത്തിക്കാനുള്ള വഴിയാണിത്. ഇറാനിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. കടല്‍ വഴി ചരക്ക് എത്തിക്കുന്നതിനേക്കാള്‍ എത്രയോ ലാഭമാണ് ഈ പാത.
ഇറാനില്‍ അസ്ഥിരത വരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ് എന്ന് മുന്‍ നയതന്ത്ര പ്രതിനിധി അനില്‍ ത്രിഗുണായത് പ്രതികരിച്ചു. ഷിയാ മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇറാന്‍. ഇന്ത്യയിലും ഒട്ടേറെ ഷിയാ മുസ്ലിങ്ങളുണ്ട്. ചബഹാര്‍, ഐഎന്‍എസ്ടിസി എന്നീ പദ്ധതികളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചബഹാറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത് അടുത്തിടെയാണ്. മാത്രമല്ല, ചബഹാറിനെയും സഹിദാനെയും ബന്ധിപ്പിക്കുന്ന 700 കിലോമീറ്റര്‍ റെയില്‍വെ ശൃംഖലയും ഇന്ത്യ നിര്‍മിക്കുന്നുണ്ട്.
ഈ വര്‍ഷം രണ്ട് പദ്ധതികളും പൂര്‍ത്തിയാകവെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം. ഇറാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 168 കോടി ഡോളറിന്റേതാണ്. അരി, തേയില, പഞ്ചസാര, മരുന്ന്, യന്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഈത്തപ്പഴം, രാസവളം ഉള്‍പ്പെടെയുള്ള ചരക്കുകള്‍ ഇറാന്‍ ഇന്ത്യയിലേക്കും അയക്കുന്നു. ഇറാനിലേക്കുള്ള 2000 കോടിയുടെ ബസ്മതി അരി ഇന്ത്യയിലെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.












Click it and Unblock the Notifications