Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ദയ്യറിലേക്ക് കടലിലൂടെ തുരങ്കപാത ഒരുക്കുന്നു; ലോകത്തെ ഏറ്റവും വലുത്!! സൗദി അറേബ്യയ്ക്കും നേട്ടമാകും

ദോഹ: പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ തുരങ്കപാത നിര്‍മിക്കാനുള്ള നീക്കം ഖത്തര്‍ സജീവമാക്കുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച വേളയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇതുസംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ മധ്യധരണ്യാഴിയിലേക്കുള്ള വഴി എളുപ്പമാക്കുന്നതാകും പുതിയ പാത.

ഇറാന്റെ മുന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ ഭരണകാലത്താണ് ഖത്തറിനെയും ഇറാനെയും ബന്ധിപ്പിച്ചുള്ള തുരങ്ക പാതയുടെ ചര്‍ച്ച സജീവമായത്. 2022 ഫെബ്രുവരിയില്‍ ഖത്തറിലെത്തിയ റെയ്‌സി നടപടികള്‍ വേഗത്തിലാക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്ത സംഘം വിഷയം പഠിച്ച് ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖത്തര്‍ അമീറിന്റെ ഇടപെടല്‍.

qatar-iran-tunnel route

പാത സംബന്ധിച്ച് പഠിക്കുന്നതിനുള്ള പുതിയ കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുമായി നടത്തിയ ചര്‍ച്ചയിലാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം പറഞ്ഞതത്രെ. തുരങ്കപാതയുടെ കാര്യത്തില്‍ ഖത്തര്‍ അമീര്‍ നല്‍കുന്ന പ്രധാന്യമാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാത പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാതയാകുമിത്. ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് ആരംഭിച്ച് ഇറാന്‍ തീരത്തെ ദയ്യറിലാണ് തുരങ്കപാത എത്തുക. 190 കിലോമീറ്ററിലാണ് പാത. ലോകത്തെ നിലവിലുള്ള തുരങ്കപാതകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് ചൈനയിലെ ചെങ്ദു മെട്രോയാണ്. 68 കിലോമീറ്ററാണ് ദൂരം. ഇതിന്റെ മൂന്നിരട്ടി വരും ഖത്തര്‍-ഇറാന്‍ പാതയ്ക്ക്.

എത്ര ചെലവ് വരും

കടലിന് അടിയിലൂടെ നിലവിലുള്ള ഏറ്റവും വലിയ തുരങ്കപാത ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള 38 കിലോമീറ്ററാണ്. 1988 മുതല്‍ 1994 വരെയുള്ള കാലയളവിലാണ് 2100 കോടി ഡോളര്‍ ചെലവിട്ട് ഇത് നിര്‍മിച്ചത്. ഇതിനേക്കാള്‍ വലുതാണ് ഖത്തറും ഇറാനുമിടയില്‍ വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചെലവ് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ല. സമ്പന്ന രാജ്യമായ ഖത്തറിന് തന്നെയാകും ഭാരിച്ച ചെലവ്. ഇക്കാര്യത്തില്‍ ധാരണയായ ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കൂ.

ചുറ്റും ജലാതിര്‍ത്തിയുള്ള ഖത്തറിന് സൗദി അറേബ്യയുമായി മാത്രമാണ് നിലവില്‍ കരാതിര്‍ത്തി. ഇറാനിലൂടെയുള്ള തുരങ്ക പാത യാഥാര്‍ഥ്യമായാല്‍ യൂറേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിപണി ഖത്തറിന് മുമ്പില്‍ തുറക്കപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കൈവശമുള്ളത് ഖത്തറിനും റഷ്യയ്ക്കുമാണ്. റഷ്യയുടെ എണ്ണ കമ്പനിയായ റൂസ്‌നെഫ്റ്റില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം ഖത്തറിനുണ്ട്. കൂടാതെ റഷ്യയില്‍ മറ്റു നിക്ഷേപങ്ങളും ഖത്തറിനുണ്ട്.

പുതിയ തുരങ്കപാത വരുന്നതോടെ വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ ഖത്തറിന് മുന്നില്‍ തുറക്കപ്പെടും. ഖത്തറിന് പുറമെ സൗദി അറേബ്യയ്ക്കും പുതിയ പാത നേട്ടമാകും. ആഫ്രിക്ക, മെഡിറ്ററേനിയന്‍, യൂറോപ്യന്‍ വിപണികളിലേക്കുള്ള വഴിയാണ് എളുപ്പമാകുക. മധ്യേഷ്യ, റഷ്യ, ചൈന എന്നീ വിപണികളും അടുത്താകും. ഇറാനെ സംബന്ധിച്ചിടത്തോളം സൂയസ് കനാലിലേക്കുള്ള വ്യാപാര പാത ലഭിക്കുന്നതും നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+