ഡൊണാള്‍ഡ് ട്രംപ് വരുംമുമ്പ് ഇറാന്റെ നിര്‍ണായക നീക്കം; ആദ്യം സൗദി അറേബ്യ, ശേഷം ഖത്തര്‍
റിയാദ്: അറബ് മേഖലയിലെ നാമങ്ങളില്‍ ചില മാറ്റം വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ച പിന്നാലെ ഇറാന്‍ മന്ത്രി സൗദി അറേബ്യയിലേക്ക്. ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയാണ് ഇന്ന് സൗദിയിലെത്തുന്നത്. ഇന്ത്യ-പാകിസ്താന്‍ വിഷയം ഇറാന്‍-സൗദി നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പാകിസ്താനുമായും ഇന്ത്യയുമായും അടുപ്പം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ജിസിയിയിലുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഇതിന്റെ ഭാഗമായിട്ടാണ് വിദേശകാര്യ സഹമന്ത്രിയെ കഴിഞ്ഞദിവസം സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചതും ചര്‍ച്ച നടത്തിയതും. തൊട്ടുപിന്നാലെയാണ് ജിസിസിയിലെ തുടര്‍ ചര്‍ച്ചകള്‍...

ട്രംപ് ഗള്‍ഫിലേക്ക് വരുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഈ മാസം 13 മുതല്‍ 16 വരെ ജിസിസി പര്യടനം നടത്താനിരിക്കുകയാണ്. ഇതിനിടെ അമേരിക്കയും ഇറാനും തമ്മില്‍ ആണവ കരാറില്‍ ചര്‍ച്ച തുടരുകയുമാണ്. ട്രംപ് ജിസിസിയില്‍ എത്തിയാല്‍ കോടികളുടെ ആയുധ-വ്യാപാര കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഇറാന്‍ നടത്തുന്ന നീക്കം ട്രംപിന്റെ സന്ദര്‍ശന വേളയില്‍ സൗദിയും ഖത്തറും സ്വീകരിക്കുന്ന നിലപാടിനെ സ്വാധീനിക്കും.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ നയതന്ത്ര പര്യടനമാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും അമേരിക്കയില്‍ നിന്ന് യുദ്ധ വിമാനങ്ങളും ആയുധങ്ങളും ഓര്‍ഡര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ മന്ത്രി ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തല്‍സ്ഥിതി സൗദി അറേബ്യയെ അറിയിക്കും.
പേര്‍ഷ്യന്‍ ഗള്‍ഫിന്റെ പേര് മാറ്റാന്‍ ട്രംപ്
അതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ പേര് അമേരിക്ക മാറ്റുമെന്നാണ് മറ്റൊരു വിവരം. ട്രംപ് ഇക്കാര്യം പറഞ്ഞതിനെതിരെ ഇറാന്‍ കടുത്ത ഭാഷയില്‍ രംഗത്തുവന്നിട്ടുണ്ട്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ ഗള്‍ഫ് എന്ന് അമേരിക്ക പേര് മാറ്റുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ആണവ കരാറിന്റെ ഇപ്പോഴത്തെ അവസ്ഥ
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാര്‍ ഒപ്പുവച്ചത്. ട്രംപ് അധികാരത്തിലെത്തിയ ആദ്യ വേളയില്‍ തന്നെ കരാര്‍ റദ്ദാക്കുകയും ഇറാനെതിരെ ഉപരോധം ശക്തമാക്കുകയുമായിരുന്നു. പിന്നീട് പ്രസിഡന്റായ ജോ ബൈഡന്‍ കരാര്‍ തൊട്ടില്ല. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ വേളയില്‍ ആണവ കരാറുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ നടക്കുകയാണ്. നാലാംവട്ട ചര്‍ച്ച ഞായറാഴ്ച ഒമാനില്‍ നടക്കും.
ഹൂത്തി അമേരിക്ക കരാര്‍
ഹൂത്തികളുമായി അമേരിക്ക കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടുണ്ട്. ട്രംപിന്റെ ജിസിസി സന്ദര്‍ശനം കൂടി മുന്‍കൂട്ടി കണ്ടാണ് അമേരിക്ക കളംമാറ്റിയിരിക്കുന്നത്. അമേരിക്കക്കും ഹൂത്തികള്‍ക്കും കനത്ത നഷ്ടം നേരിട്ടിരുന്നു. അമേരിക്ക ആക്രമണം നിര്‍ത്തുമെന്നും പകരം ചെങ്കടലിലൂടെ അമേരിക്കന്‍ കപ്പലുകള്‍ക്ക് യാത്ര സുഗമമാക്കണമെന്നുമാണ് കരാര്‍. അമേരിക്ക ഹൂത്തികളോട് നിലപാട് മയപ്പെടുത്തിയതില്‍ ഇസ്രായേലിന് അമര്‍ഷമുണ്ട്.
സൗദി അറേബ്യയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇറാന്‍ മന്ത്രി അബ്ബാസ് അറഗ്ചി ഖത്തറിലേക്ക് തിരിക്കും. അറബ്-ഇറാന്‍ ചര്‍ച്ച ഖത്തറില്‍ നേരത്തെ തീരുമാനിച്ചതാണ്. ആണവ കരാറും ചര്‍ച്ചയാകും. ഇറാനും പശ്ചിമേഷ്യയ്ക്കും ദോഷകരമായി ബാധിക്കുന്ന ഒരു കരാറും അമേരിക്കയുമായി ഉണ്ടാക്കില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇറാന്‍ വീണ്ടും കളംനിറയുന്നു എന്നാണ് വ്യക്തമാകുന്നത്. സിറിയയിലും ലബ്‌നാനിലും ഷിയാ സംഘങ്ങള്‍ തകര്‍ന്നത് ഇറാന്റെ പ്രോക്‌സി വാറിന് തിരിച്ചടിയേറ്റിരുന്നു. ഇതിന് ശേഷം അമേരിക്കയുമായും ഇസ്രായേലുമായും കൊമ്പുകോര്‍ക്കുന്നത് ഇറാന്‍ കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആണവ കരാറില്‍ വീണ്ടും ചര്‍ച്ച തുടങ്ങിയതും സമവായ സാധ്യതകള്‍ ഇറാന്‍ തേടുന്നതും. ഇന്ത്യയിലും ജിസിസിയിലും ഇറാന്‍ വിദേശകാര്യ മന്ത്രി എത്തുമ്പോള്‍ പല രീതിയിലാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നത്.












Click it and Unblock the Notifications