ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം
ദോഹ/ദുബായ്: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ ഇന്ത്യയുടെ അതിവേഗ നീക്കം. ഖത്തറിലേക്കും യുഎഇയിലേക്കും മന്ത്രിമാരെ അയക്കാന്‍ തീരുമാനം. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഖത്തറും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയും സന്ദര്‍ശിക്കും. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, വ്യാപാരം, സുരക്ഷ എന്നീ കാര്യങ്ങളിലാകും ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്റെ തിരിച്ചടി നേരിട്ട രാജ്യങ്ങളില്‍ ഖത്തറും യുഎഇയും ഉണ്ടായിരുന്നു. ഖത്തറിലെ ഏറ്റവും വലിയ വാതക സംസ്‌കരണ കേന്ദ്രമാണ് റാസ് ലാഫന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി. ആക്രമണത്തെ തുടര്‍ന്ന് ഇത് അടച്ചിട്ടത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക ഇരട്ടിയാക്കിയിരുന്നു. ഇപ്പോള്‍ ഉല്‍പ്പാദനം വീണ്ടും തുടങ്ങിയിരിക്കുകയാണ് ഖത്തര്‍.

പ്രകൃതി വാതക ഉള്‍പ്പാദനം വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ച പിന്നാലെയാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ദോഹയിലെത്തുന്നത്. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. ഇന്നും നാളെയുമാണ് മന്ത്രി ഖത്തറിലെത്തി സുപ്രധാന ചര്‍ച്ചകള്‍ നടത്തുക. ഊര്‍ജ മേഖല തന്നെയായിരിക്കും വിഷയം എന്നാണ് കരുതുന്നത്. ഉല്‍പ്പാദനം തുടങ്ങിയാല്‍ ആദ്യ ലോഡ് തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചയും നടന്നേക്കും.
ദോഹ നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കാണ് റാസ് ലാഫിന്‍ വ്യവസായ സിറ്റി. ഇവിടെ ഉല്‍പ്പാദനം തുടങ്ങാന്‍ വേണ്ട നടപടികള്‍ ഖത്തര്‍ എനര്‍ജി ആരംഭിച്ചു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ ഊര്‍ജ മേഖലയിലെ ഉല്‍പ്പാദനം പുനരാരംഭിക്കുന്നതും ഇന്ത്യ വലിയ പ്രതീക്ഷയിലാണ് കാണുന്നത്. ഹോര്‍മുസ് വഴിയാണ് ഖത്തറില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലേക്ക് വരുന്നത്.
ആശങ്ക ബാക്കിയാക്കുന്ന സംഭവം
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഇസ്രായേല്‍ ലബ്‌നാനില്‍ ആക്രമണം തുടര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഇതോടെ ജിസിസി രാജ്യങ്ങളില്‍ലേക്ക് ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ എത്തി. യുദ്ധം വീണ്ടും ശക്തമാകുമോ എന്ന ആശങ്ക ഇപ്പോഴും ബാക്കിയാണ്. എങ്കിലും വെള്ളിയാഴ്ച ഇറാനും അമേരിക്കയും പാകിസ്താനില്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും.
അതിനിടെ ഏപ്രില്‍ 11, 12 ദിവസങ്ങളില്‍ എസ് ജയശങ്കര്‍ യുഎഇ സന്ദര്‍ശിക്കും. ഊര്‍ജ സുരക്ഷ തന്നെയാണ് പ്രധാന ചര്‍ച്ച എന്നാണ് വിവരം. ഇറാന്റെ തിരിച്ചടിയില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട രാജ്യം കൂടിയാണ് യുഎഇ. ഇന്ത്യയുമായി വലിയ അടുപ്പം നിലനിര്‍ത്തുന്ന യുഎഇ ഭരണകൂടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിരുന്നു.
ഹോര്‍മുസ് പാത അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണയും വാതകവും വരുന്നത് കുറഞ്ഞിരുന്നു. ഇറാന്‍ ഇന്ത്യയ്ക്ക് ചില ഇളവുകള്‍ നല്‍കി എങ്കിലും ആശങ്ക ബാക്കിയാണ്. എല്‍പിജി വിഷയത്തില്‍ അനാവശ്യ പരിഭ്രാന്തി വേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. യുദ്ധം തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകും എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ യാത്ര പ്രാധാന്യം അര്‍ഹിക്കുന്നത്.












Click it and Unblock the Notifications