ഖത്തറിലേക്ക് നെതന്യാഹുവിന്റെ ഫോണ്‍; ദോഹ ആക്രമിച്ചതില്‍ മാപ്പ്, വിളിച്ചത് വൈറ്റ് ഹൗസില്‍ നിന്ന്
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞു എന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ പിന്നാലെ ആയിരുന്നു ഫോണ്‍ വിളി. ഖത്തറില്‍ ആക്രമണം നടത്തിയതില്‍ നെതന്യാഹു മാപ്പ് ചോദിച്ചു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ഹമാസ് പ്രവര്‍ത്തകരും ഒരു ഖത്തരി പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. സമാധാന ചര്‍ച്ചകള്‍ക്ക് ഒത്തുകൂടിയവര്‍ക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇതോടെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിനെതിരെ കടുത്ത പ്രതിഷേധം തുടരവെയാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചിരിക്കുന്നത്...

ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് മാപ്പ് പറഞ്ഞത്. ഖത്തറിന്റെ ഓഫീസര്‍ കൊല്ലപ്പെട്ടതില്‍ നെതന്യാഹു ഖേദം അറിയിക്കുകയും ചെയ്തു. ബന്ദികളുടെ മോചനത്തിന് ഖത്തര്‍ മുന്നോട്ട് വച്ച ഉപാധി അംഗീകരിക്കുമെന്ന സൂചനയും നെതന്യാഹു നല്‍കി എന്നാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഇസ്രായേലോ ഖത്തറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്രായേലും ഖത്തറും അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളാണ്. അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇവിടെ ആക്രമിച്ചത് അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനെതിരെ പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും രംഗത്തുവന്നു. മാത്രമല്ല, ഗള്‍ഫ് രാഷ്ട്രീയത്തില്‍ ചില പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ഖത്തറിനെ ആക്രമിച്ചത് ബുദ്ധിശൂന്യമായ നടപടി ആയിപ്പോയി എന്ന് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു പറഞ്ഞു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അവസരം ഇല്ലാതായതും ഉറ്റ രാജ്യത്തെ ആക്രമിച്ചതുമാണ് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായത്. മാത്രമല്ല, പാകിസ്താനും സൗദി അറേബ്യയും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് ഈ സംഭവത്തിന് ശേഷമാണ്.
ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ ഖത്തര്‍ പ്രതികരിച്ചിരുന്നു. പിന്നീട് ലോക വേദികളിലെല്ലാം ഇസ്രായേലിനെതിരെ ഖത്തര്‍ നിലപാട് സ്വീകരിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ് ആക്രമണം എന്നും ഖത്തര്‍ പറഞ്ഞു. ദോഹയില്‍ അറബ്-മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേര്‍ത്ത് ഐക്യ കാഹളം മുഴക്കിയതും അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി.
ഇതെല്ലാമാണ് അമേരിക്ക ഇസ്രായേലിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കാന്‍ കാരണം. അതിന്റെ ഫലമാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചതെന്നും പറയപ്പെടുന്നു. അതേസമയം, ദോഹയിലെ ആക്രമണത്തിന് ഇസ്രായേലും അമേരിക്കയും ഒരുപോലെ ഉത്തരവാദികളാണ് എന്നായിരുന്നു ഹമാസിന്റെ നിലപാട്. നേതാക്കളെ ഇല്ലാതാക്കിയാലും നിലപാടില്‍ മാറ്റമില്ലെന്നും ഹമാസ് വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications