ക്രൂഡ് ഓയില്‍ അല്ല, കുവൈത്ത് മിന്നുന്നത് സള്‍ഫര്‍ ഫ്യുവല്‍ ഓയിലില്‍, കയറ്റുമതി റെക്കോഡിലെത്തി
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ വരുമാനം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഖത്തര്‍ അറിയപ്പെടുന്നത് വാതക കയറ്റുമതിയിലാണ്. എന്നല്‍ കുവൈത്ത് അല്‍പ്പം ചുവട് മാറ്റുന്നു എന്നാണ് പുതിയ വിവരം. സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ കയറ്റുമതിയില്‍ അവര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
കുവൈത്തിന്റെ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ കയറ്റുമതി ജനുവരിയില്‍ റെക്കോര്‍ഡ് നിരക്കിലെത്തി. അല്‍ സൗര്‍ എണ്ണ ശുദ്ധീകരണ ശാല പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് കുവൈത്ത് ഇന്ധന കയറ്റുമതിയില്‍ മുന്നേറാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് അല്‍ സൗര്‍. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനിയുടെ ഉടമസ്ഥതയിലാണ് അല്‍ സൗര്‍.

ഒരു ദിവസം 6.15 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരണ ശേഷിയുണ്ട് അല്‍ സൗര്‍ റിഫൈനറിക്ക്. 2022ലാണ് ഈ റിഫൈനറി പ്രവര്‍ത്തനം തുടങ്ങിയത്. 2023ല്‍ പ്രവര്‍ത്തന ശേഷി സമ്പൂര്‍ണ തോതിലെത്തി. എന്നാല്‍ ഇടയ്ക്ക് സാങ്കേതിക തടസവും തീപിടിത്തവും ഉല്‍പ്പാദനം മന്ദഗതിയിലാക്കി. എല്ലാ പ്രതിസന്ധിയും പരിഹരിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്ന് ഇന്ധന ഓയില്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.
എന്താണ് സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍, ഉപയോഗം എന്ത്?
ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന കട്ടിയുള്ളതും സാന്ദ്രത കൂടിയതുമായ ഇന്ധനമാണ് സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍. പെട്രോള്‍, ഡീസല്‍ എന്നിവ വേര്‍തിരിച്ചെടുത്ത ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങളില്‍ നിന്നാണ് ഇത് നിര്‍മിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ അളവ് അനുസരിച്ച് ഹൈ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ എന്നും ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ എന്നും തരംതിരിക്കുന്നു.
3.5 ശതമാനം സള്‍ഫര്‍ അടങ്ങിയതാണ് ഹൈ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍. 0.5 ശതമാനം സള്‍ഫര്‍ അടങ്ങിയതാണ് ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇപ്പോള്‍ ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ ആണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ പ്രധാനമായും വലിയ യന്ത്രങ്ങളിലും വ്യവസായങ്ങളിലുമാണ് ഉപയോഗിക്കുന്നത്. ചരക്ക് കപ്പലുകളിലും ടാങ്കറുകളിലും പ്രധാന ഇന്ധനമായി ഇത് ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിലെ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. സ്റ്റീല്‍ പ്ലാന്റുകള്‍, സിമന്റ് ഫാക്ടറികള്‍, പേപ്പര്‍ മില്ലുകള്‍ എന്നിവിടങ്ങളിലെ വലിയ ബോയിലറുകളും ഫര്‍ണസുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഇത് ആവശ്യമാണ്.
തണുപ്പ് കൂടിയ രാജ്യങ്ങളില്‍ വലിയ കെട്ടിടങ്ങളും ഫാക്ടറികളും ചൂടാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ കത്തുമ്പോള്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നു. ഇത് വായു മലിനീകരണത്തിനും അമ്ലമഴയ്ക്കും കാരണമാകുന്നതിനാല്‍ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ കപ്പലുകളില്‍ സള്‍ഫര്‍ കുറഞ്ഞ ഇന്ധനം ഉപയോഗിക്കണമെന്ന് കര്‍ശന നിയമം കൊണ്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications