പള്ളികള്‍ വിപണന കേന്ദ്രമല്ല; പുതിയ ഫത്‌വയുമായി കുവൈത്ത്, നിരോധിച്ചത് ഇക്കാര്യങ്ങള്‍
കുവൈത്ത് സിറ്റി: പള്ളികളുമായി ബന്ധപ്പെട്ട് പുതിയ ഫത്‌വ ഇറക്കി കുവൈത്ത് ഔക്കാഫ് മന്ത്രാലയം. മസ്ജിദുകള്‍ വിപണന കേന്ദ്രമാക്കുന്നതിന് എതിരേയാണ് ഫത്‌വ. കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇനി നിരോധിക്കും. ബാങ്കുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി സൗജന്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ നടപടികളും തടയും.
വാണിജ്യ പരസ്യങ്ങള്‍, വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നു പള്ളികളെ ഒഴിവാക്കണമെന്നാണ് ഔക്കാഫിന്റെ നിര്‍ദേശം. പള്ളികള്‍ പ്രാര്‍ഥനയ്ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രമുള്ളതാണ്. മറ്റു ബിസിനസ് ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അതേസമയം, കുവൈത്തിലെ പല പള്ളികളിലും നിലവില്‍ സൗജന്യ സേവനങ്ങളും വെള്ളവും ഭക്ഷണവുമെല്ലാം നല്‍കുന്നുണ്ട്. പുതിയ ഉത്തരവ് ഇവയെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

ഭക്ഷണവും വെള്ളവും മുതല്‍ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നത് വരെ നിരോധനത്തിന്റെ പരിധിയില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികളുടെയും ബാങ്കുകളുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരസ്യത്തിന്റെ ഭാഗമായി വരുന്നതിനാലാണിത്. 1700ഓളം പള്ളികള്‍ കുവൈത്തിലുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1000ത്തിലധികം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുന്നുണ്ട്.
റമദാന്‍ മാസങ്ങളില്‍ കുവൈത്തിലെ മിക്ക പള്ളികളിലും പല കമ്പനികളും വ്യക്തികളും സ്‌പോണ്‍സര്‍ ചെയ്യുന്ന ഭക്ഷണവും വെള്ളവുമുണ്ടാകാറുണ്ട്. അവ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സൗജന്യ ഭക്ഷണവും വെള്ളവുമെല്ലാം നിര്‍ത്തിവയ്ക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. 33 ലക്ഷത്തിലധികം വിദേശികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്.
വീട്ടുജോലിക്കാരുടെ നിയമനം; കുവൈത്ത്-എത്യോപ്യ കരാറായി
വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തും എത്യോപ്യയും തമ്മില്‍ ധാരണ പത്രം ഒപ്പുവച്ചു. എത്യോപ്യന്‍ തലസ്ഥാനമായ അദിസ് അബാബയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ എത്തിക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍ എന്ന് എത്യോപ്യയിലെ കുവൈത്ത് അംബാസഡര്‍ നായിഫ് അല്‍ ഉതൈബി പറഞ്ഞു.
ആഫ്രിക്കയിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാണ് എത്യോപ്യ. ഈ രാജ്യവുമായി സഹകരണം ശക്തമാക്കാന്‍ കുവൈത്ത് ആഗ്രഹിക്കുന്നുണ്ട്. കുവൈത്തിലെ നിയമങ്ങളും ജോലി സാധ്യതകളും സംബന്ധിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കാന്‍ എത്യോപ്യ തീരുമാനിച്ചു. കുവൈത്തില്‍ വീട്ടുജോലിക്കാരുടെ നിരവധി ഒഴിവുകളാണുള്ളത്. ഫിലിപ്പിനോകള്‍ക്ക് വിസ അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചതോടെയാണ് വീട്ടുജോലിക്കാരുടെ ഒഴിവുകള്‍ വര്‍ധിച്ചത്.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഫീസ് അടക്കേണ്ടതുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 750 കുവൈത്ത് ദിനാറും ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് 575 ദിനാറുമാണ് പരമാവധി ഫീസ്. ഫിലിപ്പിനോകള്‍ക്ക് നിരോധനമുണ്ടെങ്കിലും കുവൈത്തിലെ വീട്ടുജോലിക്കാരുടെ എണ്ണം 811000 ആണ്. കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുവൈത്തിലെ വീട്ടുജോലിക്കാര്‍.












Click it and Unblock the Notifications