ഖത്തര്‍ കൈവരിച്ചത് അതുല്യ നേട്ടം; ഒഴുകിയെത്തി 270 കോടി, 9000 ജോലി, വീണ്ടും കായിക മാമാങ്കം
ദോഹ: സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച് ഖത്തറിന്റെ കുതിപ്പ്. 270 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം മാത്രം ഖത്തറിന് ലഭിച്ചത്. ഒട്ടേറെ ജോലി അവസരങ്ങള്‍ സൃഷ്ടിക്കാനും ഖത്തറിന് സാധിച്ചു. രാജ്യം കൂടുതല്‍ പുരോഗതി കൈവരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ ലക്ഷണമാണിത്.
കഴിഞ്ഞ വര്‍ഷം 241 പ്രൊജക്ടുകളാണ് തയ്യാറായത്. 2023നെ അപേക്ഷിച്ച് 110 ശതമാനം വര്‍ധനവാണ്. വളരെ ചെറിയ രാജ്യമായ ഖത്തറില്‍ ഇത്രയും പ്രൊജക്ടുകള്‍ നടപ്പാക്കാന്‍ സാധിക്കുന്നത് നിസാരമായ കാര്യമല്ല. അതോടൊപ്പം തന്നെ 9000ത്തില്‍ അധികം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. 2023നെ അപേക്ഷിച്ച് 123 ശതമാനം വര്‍ധനവാണിത്.

വിദേശ കമ്പനികളും വ്യവസായികളും ഖത്തറിനെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി കണക്കാക്കുന്നു എന്നതാണ് നേട്ടം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഇതിന് കാരണം. പ്രകൃതി വാതകവും ക്രൂഡ് ഓയിലും കയറ്റുമതി ചെയ്യുന്നതിലൂടെ സുസ്ഥിരമായ സാമ്പത്തിക രംഗം കെട്ടിപ്പടുക്കാന്‍ ഖത്തറിന് സാധിച്ചതാണ് നിക്ഷേപകരെ കൂടുതല്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
വൈദ്യുതി ഉല്‍പ്പാദനം, ഡാറ്റ പ്രൊസസ്സിങ്, ചില്ലറ-മൊത്ത വ്യാപാരം, ശാസ്ത്ര ഗവേഷണവും വികസനവും, ജല ലഭ്യത ഉറപ്പാക്കലും ശുചിത്വവും എന്നീ രംഗങ്ങളിലേക്കാണ് ഖത്തറില്‍ കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത്. ഖത്തറില്‍ നിന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിമാന യാത്രാ സൗകര്യമുള്ളതും വ്യവസായികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. കൂടാതെ ടൂറിസം, കായിക രംഗങ്ങളിലും ഖത്തര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
ലോകകപ്പ് യോഗ്യത മല്‍സരം
ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യയ്‌ക്കൊപ്പം ഖത്തറും വേദിയാകുന്നുണ്ട്. ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നാലാം റൗണ്ട് മല്‍സരങ്ങളാണ് ഖത്തറില്‍ നടക്കുക. ഇറാഖ്, ഒമാന്‍, ഇന്തോനേഷ്യ, യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നീ ടീമുകളാണ് നാലാം റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.
ജൂലൈ 17നാണ് നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ്. ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മല്‍സരിക്കുക. ഏഷ്യയില്‍ നിന്ന് നേരത്തെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇറാന്‍, ഉസ്‌ബെക്കിസ്താന്‍, ദക്ഷിണ കൊറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ യോഗ്യത നേടിയിരുന്നു. ഇതിനൊപ്പം നാലാം ഗ്രൂപ്പ് മല്‍സരങ്ങളില്‍ നിന്ന് വിജയിക്കുന്ന രണ്ട് ടീമുകള്‍ കൂടി ചേരും. ഒക്ടോബര്‍ 8, 11, 14 ദിവസങ്ങളിലാണ് മല്‍സരങ്ങള്‍.
നാലം ഗ്രൂപ്പില്‍ നിന്ന് രണ്ടാംസ്ഥാനത്തെത്തുന്നവര്‍ നവംബറില്‍ ഏറ്റുമുട്ടും. ഖത്തറും സൗദി അറേബ്യയും ഈ മല്‍സരങ്ങള്‍ക്ക് വേദിയാകുന്നതോടെ കായിക രംഗം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ലോകകപ്പിന് വേദിയായ ഖത്തറും 2034ല്‍ വേദിയാകാനിരിക്കുന്ന സൗദി അറേബ്യയും കായിക രംഗത്ത് കോടികളാണ് നിക്ഷേപിക്കുന്നത്.












Click it and Unblock the Notifications