ഖത്തര്‍ അമേരിക്കയെ തള്ളി; ആ പറഞ്ഞത് ശരിയല്ലെന്ന് അന്‍സാരി, ചൈനീസ് പക്ഷത്തേക്ക് മാറുമോ?
ദോഹ: അമേരിക്കയുമായി വളരെ അടുപ്പമുള്ള രാജ്യങ്ങളാണ് ഖത്തറും ഇസ്രായേലും. പ്രതിരോധ രംഗത്ത് അമേരിക്ക സഹായിക്കുന്നവരാണ് ഇരുവരും. സുരക്ഷയ്ക്ക് എന്ന പേരില്‍ നിരവധി ആയുധങ്ങളാണ് അമേരിക്ക രണ്ട് രാജ്യങ്ങള്‍ക്കും നല്‍കുന്നത്. എന്നാല്‍ ഈ രാജ്യങ്ങള്‍ തന്നെ പരസ്പരം കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. അപ്രതീക്ഷിതമായിട്ടാണ് ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയത്.
പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരുടെ ഏറ്റവും വലിയ താവളം ഖത്തറിലെ അല്‍ ഉദൈദിലാണ്. ഇവിടെയുള്ള ഓഫീസര്‍മാര്‍ക്ക് ഇസ്രായേലിന്റെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലത്രെ. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഇസ്രായേലിന്റെ നീക്കം അറിഞ്ഞിരുന്നു. ഖത്തറിന് വിവരം കൈമാറിയിരുന്നു എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഈ വാദം ഖത്തര്‍ തള്ളി...

ദോഹയിലെ ജനവാസ മേഖലയിലാണ് ഇസ്രായേല്‍ സൈന്യം 12 ബോംബുകള്‍ വര്‍ഷിച്ചത് എന്ന് ഖത്തര്‍ പറയുന്നു. ഒരു ഖത്തര്‍ സൈനികനും അഞ്ച് ഹമാസ് പ്രവര്‍ത്തകരും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്തുവന്നു. റഡാറുകളുടെ കണ്ണില്‍പ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന യുഎസ് നിര്‍മിത എഫ്-351 യുദ്ധവിമാനമാണ് ഇസ്രായേല്‍ ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് വാര്‍ത്തകള്‍.
ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയത് സന്തോഷം നല്‍കുന്ന കാര്യമല്ല എന്നാണ് ട്രംപ് പ്രതികരിച്ചത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ വിട്ടുകിട്ടുന്നതിനാണ് പ്രഥമ പരിഗണന എന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേലിന്റെ നീക്കം സംബന്ധിച്ച് ഖത്തറിനെ അറിയിച്ചിരുന്നു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിയറ്റ് അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിച്ചു.
ഖത്തര്‍ പറയുന്നത് മറിച്ചാണ്
''ഇസ്രായേലിന്റെ നീക്കം സംബന്ധിച്ച് അമേരിക്കക്ക് വിവരം ലഭിച്ചു. ഉടനെ ഖത്തറിനെ അറിയിക്കാന്‍ പ്രത്യേക പ്രതിനിധി വിറ്റ്‌കോഫിനെ പ്രസിഡന്റ് ട്രംപ് ചുമതലപ്പെടുത്തി. അദ്ദേഹം അതു ചെയ്തു. ആക്രമണം നടന്ന ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ട്രംപ് സംസാരിച്ചു. ഖത്തര്‍ അമീര്‍, പ്രധാനമന്ത്രി എന്നിവരുമായും സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയെന്നും'' ലിവിയറ്റ് പറഞ്ഞു.
അതേസമയം, ഇസ്രായേലിന്റെ നീക്കം സംബന്ധിച്ച് അറിയിച്ചിരുന്നു എന്ന അമേരിക്കയുടെ വാദം തെറ്റാണെന്നും അടിസ്ഥാന രഹിതമാമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം നടത്തിയ ശേഷമാണ് അമേരിക്ക വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിവരം നല്‍കിയിട്ടില്ലെന്നും അന്‍സാരി വിശദീകരിച്ചു.
അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് ഖത്തര്‍. അഫ്ഗാനില്‍ നിന്ന് മടങ്ങുന്നതിന് അമേരിക്കക്ക് എല്ലാ സഹായവും ഖത്തര്‍ ചെയ്തിരുന്നു. മാത്രമല്ല, താലിബാന്റെ പിടിയിലായ അമേരിക്കന്‍ സൈനികരെ വിട്ടയച്ചതും ഖത്തറിന്റെ ഇടപെടല്‍ ഫലമാണ്. പുതിയ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ ഏത് രാജ്യവും ആക്രമിക്കപ്പെട്ടേക്കാം എന്ന അവസ്ഥയാണ് എന്ന് ഖത്തര്‍ പറയുന്നു. അതുകൊണ്ടുതന്നെ ചൈനീസ് പക്ഷത്തേക്ക് ഖത്തര്‍ മാറാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നു. ഇസ്രായേലിനെതിരായ തിരിച്ചടിക്ക് ഇറാനെ സഹായിച്ചത് ചൈനയായിരുന്നു.












Click it and Unblock the Notifications