ഖത്തര്‍ പ്രധാനമന്ത്രി റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി? ജയശങ്കറിന്റെ നാലാം സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ത്
ദോഹ: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ആര് എത്തും എന്ന ചോദ്യം സജീവമാകുന്നു. ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് ജനുവരി 26ന് ന്യൂഡല്‍ഹിയിലെത്തും എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. അതിനിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി എത്തുമെന്ന അഭ്യൂഹം. ഇതിന് കാരണമായത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഖത്തര്‍ സന്ദര്‍ശനമാണ്.
ജയശങ്കര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദോഹയിലുണ്ടാകും. നിര്‍ണായകമായ ചര്‍ച്ചകളില്‍ ഭാഗമാകുകയും ചെയ്യും. ഈ വര്‍ഷം നാലാംതവണയാണ് ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഒരു മാസത്തെ ഇടവേളയില്‍ രണ്ടാം തവണയും. ഒരു മാസത്തിനിടെ വീണ്ടും ഖത്തറിലേക്ക് പോകാന്‍ കാരണം റിപബ്ലിക് ദിനമാണ് എന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയാണ് ഖത്തറിന്റെ പ്രധാനമന്ത്രി. പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തില്‍ ഉള്‍പ്പെടെ മധ്യസ്ഥത വഹിക്കുന്നതിന് മുന്‍കൈ എടുക്കുന്നത് അദ്ദേഹമാണ്. പലസ്തീന്‍ വിഷയത്തില്‍ രമ്യമായ പരിഹാരത്തിന് ലോക സമൂഹത്തിന്റെ പിന്തുണയും അദ്ദേഹം തേടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും എസ് ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുമായി സുശക്തമായ വ്യാപാര ബന്ധമുള്ള ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. 2023-24 സാമ്പത്തിക വര്‍ഷം 1408 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. ഖത്തറുമായി പുതിയ പ്രകൃതി വാതക കരാര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുമുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇരു രാജ്യങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.
ഖത്തറില്‍ ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ മോചിപ്പിച്ചത് ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇതില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തി എന്നതാണ് എട്ട് പേര്‍ക്കെതിരായ കുറ്റമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ട്
റിപബ്ലിക് ദിനത്തിലെ ഇന്ത്യയുടെ മുഖ്യാതിഥി ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബയ്‌ന്തോ ആകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യ ക്ഷണിച്ചുവെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു വാര്‍ത്ത. ഇന്ത്യയുടെ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ഇന്തോനേഷ്യയിലേക്ക് പോകാന്‍ തീരുമാനിച്ചതും ഇതോടൊപ്പം ചര്‍ച്ചയായിരുന്നു.
ഇന്തോനേഷ്യയിലെ സബാങ് തുറമുഖത്ത് ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ഇടയ്ക്കിടെ നങ്കൂരമിടാറുണ്ട്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് തന്ത്രപ്രധാനമായ ഈ തുറമുഖം. കംബോഡിയയിലെ റിയാം നാവിക സേനാ ആസ്ഥാനത്ത് ചൈന സാന്നിധ്യം ശക്തമാക്കവെ ഇന്തോനേഷ്യയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാക്കുമെന്നായിരുന്നു വാര്‍ത്ത.












Click it and Unblock the Notifications