ബ്രട്ടനില്‍ പൊന്ന് വിളയിക്കാന്‍ ഖത്തര്‍; വീശുന്നത് 130 കോടി ഡോളര്‍, സ്റ്റാര്‍മര്‍ ദോഹ നോട്ടമിട്ടത് വെറുതെയല്ല
ലണ്ടന്‍: ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിളിപ്പേരുണ്ടായിരുന്നു ബ്രിട്ടന്. സര്‍വ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്ന ബ്രിട്ടീഷുകാരുടെ വാഴ്ചയ്ക്ക് അറുതി വരുത്തിയത് രണ്ടാംലോക യുദ്ധവും അമേരിക്കയുടെ വളര്‍ച്ചയുമാണ്. സാമ്പത്തികമായി അത്ര ഭദ്രമല്ല ഇന്ന് ബ്രിട്ടന്‍. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപം നേടാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട് പുതിയ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍.
ഖത്തര്‍ ഭരണകൂടത്തിലുള്ള പ്രതീക്ഷ അധികാരമേറ്റ വേളയില്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ നിക്ഷേപം ബ്രിട്ടന് കരുത്താകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് ലണ്ടനില്‍ ലഭിച്ച സ്വീകരണം ആ കൊച്ചു ജിസിസി രാജ്യത്തിന് ബ്രിട്ടന്‍ നല്‍കുന്ന പ്രധാന്യം വിളിച്ചോതുന്നതായിരുന്നു.

അമീറിനൊപ്പം പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ത്താനിയും ബ്രിട്ടനിലെത്തിയിരുന്നു. രാജകീയ സ്വീകരണമാണ് ഇരുവര്‍ക്കും ലഭിച്ചത്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഖത്തര്‍ അമീര്‍ ലണ്ടനില്‍ എത്തിയത്. ചാള്‍സ് രാജാവിന് പുറമെ പ്രധാനമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സൈനിക ഓഫീസര്‍മാര്‍ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തി.
ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജാവും പത്‌നിയും പ്രത്യേക വിരുന്ന് അമീറിനും കുടുംബത്തിനുമായി ഒരുക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ശൈഖ് തമീമിന്റെ മടക്കം. അമീര്‍ വന്നതിന്റെ ഗുണം ബ്രിട്ടന് ലഭിച്ചു എന്ന് പറയാം. ബ്രിട്ടനില്‍ 130 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. കാലാവസ്ഥാ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ഒരു ഭാഗം റോള്‍സ് റോയിസ് കമ്പനിക്ക് ലഭിക്കും.
ബ്രിട്ടന്റെ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും അമീറിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രതീക്ഷ പങ്കുവച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കാന്‍ ഖത്തറിന്റെ നിക്ഷേപം സഹായിക്കും. ബ്രിട്ടനിലും ഖത്തറിലും കാലാവസ്ഥാ സാങ്കേതിക വിദ്യയുടെ കേന്ദ്രം തുടങ്ങാനും ആലോചനയുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യ ഇരുരാജ്യങ്ങളും കൂടുതലായി ഉപയോഗിക്കും.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാലാവസ്ഥാന വ്യതിയാനം. വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് കോട്ടം വരുത്താത്ത സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിന് സഹായിക്കുന്ന പദ്ധതിയാണ് ഖത്തറും ബ്രിട്ടനും ചേര്‍ന്ന് ഒരുക്കുന്നത്.
നേരത്തെ ബ്രിട്ടനില്‍ വന്‍കിട നിക്ഷേപം നടത്തിയ രാജ്യമാണ് ഖത്തര്‍. ഖത്തര്‍ അതോറിറ്റി വഴിയാണ് വിദേശരാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപം നടത്താറുള്ളത്. ലണ്ടനിലെ കാനറി വാര്‍ഫ് ബിസിനസ് ഡിസ്ട്രിക്റ്റിന്റെ ഉടമ ഖത്തറാണ്. മാത്രമല്ല, ഷാര്‍ഡ് അംബരചുംബിയുടെ മുതലാളിയും ഖത്തര്‍ തന്നെ. ഹീത്രു വിമാനത്താവളത്തിന്റെ വലിയൊരു ഭാഗം ഓഹരിയും ഖത്തറിനാണ്. അതുകൊണ്ടുതന്നെയാണ് കിയര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റ ഉടനെ ഖത്തറിനെ പോലുള്ള രാജ്യങ്ങളുടെ നിക്ഷേപമാണ് പ്രതീക്ഷ എന്ന് പറഞ്ഞത്.












Click it and Unblock the Notifications