അബ്‌ദുൾ റഹീമിന്റെ മോചനത്തിന് നടപടി തുടങ്ങി; കേസ് ഫയൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്, പ്രതീക്ഷ
റിയാദ്: മോചനം കാത്ത് സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്ടുകാരൻ അബ്‌ദുൾ റഹീമിന് ആശ്വാസവാർത്ത. റഹീമിന്റെ കേസ് ഫയൽ തുടർ നടപടികളുടെ ഭാഗമായി റിയാദ് ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയെന്ന വിവരം ലഭിച്ചതോടെയാണ് ഇത്. റഹീമിന് കോടതി വിധിച്ച ശിക്ഷാകാലാവധി തീരാൻ ആറുമാസം മാത്രം ശേഷിക്കെയാണ് മോചനത്തിനുള്ള ആദ്യപടിയായി നടപടികൾ ആരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഫയൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്‌ദുൾ റഹീം നിയമ സഹായ സമിതി ചെയർമാൻ സിപി മുസ്‌തഫ, ജനറൽ കൺവീനർ അബ്‌ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.

19 വർഷത്തിലധികം തടവുകാലം പിന്നിട്ട അബ്‌ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്മേൽ ഇളവ് നൽകി മോചനം ലഭ്യമാക്കാനുള്ള ശ്രമമാണ് റഹീമിന്റെ അഭിഭാഷകരും, ഇന്ത്യൻ എംബസിയും അബ്‌ദുൾ റഹീം നിയമ സഹായസമിതിയും ഉൾപ്പെടെ കഴിഞ്ഞ കുറേ കാലമായി നടത്തി വരുന്നതെങ്കിലും അതിൽ ഇതുവരെയും പുരോഗതി ഉണ്ടായിരുന്നില്ല.
ദിയാധനം നൽകുകയും ദീർഘകാലത്തെ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അബ്‌ദുൾ റഹീമിന് ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, ഉസാമ അമ്പർ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മെയ് 20-നാണ് പൂർത്തിയാവുക.
.
ഈ അപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. ഇതോടെ വൈകാതെ തന്നെ റഹീമിന്റെ മോചനത്തിൽ അനുകൂല തീരുമാനം ഭരണകൂടത്തിൽ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിയമസഹായ സമിതിയും റഹീമിന്റെ കുടുംബവും.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് മച്ചിലകത്ത് അബ്‌ദുൾ റഹീം. 2006 നവംബറിലാണ് സൗദി ബാലൻ അനസ്അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്‌റ്റിലാവുന്നത്. തുടർന്ന് വിചാരണ നടക്കുന്നത് വരെ റഹീം നാല് വർഷത്തോളം ജയിലിൽ കഴിയുകയായിരുന്നു. പിന്നീട് 2012ലാണ് കോടതി കേസിൽ റഹീമിന് വിധിച്ചത്. എന്നാൽ ദിയാധനം നൽകി കുടുംബത്തിൽ നിന്ന് മാപ്പ് വാങ്ങിയതോടെയാണ് വധശിക്ഷ ഒഴിവായത്.
34 കോടി രൂപയോളം ആയിരുന്നു ഇതിനായി സ്വരൂപിക്കേണ്ടി വന്നത്. പിന്നാലെ റഹീമിന്റെ മോചനത്തിനായി കേരളത്തിൽ വലിയ തോതിൽ ഫണ്ട് ശേഖരണം ഉൾപ്പെടെ നടന്നിരുന്നു. വധശിക്ഷ പൊതുനിയമപ്രകാരം ഇരുപത് വർഷത്തെ തടവ് ശിക്ഷയായി കോടതി കുറച്ചിരുന്നു. എന്നാൽ നേരത്തെയുള്ള മോചനത്തിന് നടത്തിയ ഇടപെടലുകൾ ഒന്നും ഫലം കണ്ടിരുന്നില്ല. ഇപ്പോൾ വന്ന വാർത്തകൾ പക്ഷേ പ്രതീക്ഷ നൽകുന്നതാണ്.












Click it and Unblock the Notifications