പാതി നിധി കുംഭം സൗദി അറേബ്യയ്ക്ക്; പാകിസ്താന്റെ സ്വര്‍ണക്കൂമ്പാരം പണമാകും, ഇന്ത്യയ്ക്ക് അരികില്‍...
റിയാദ്/ഇസ്ലാമാബാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ധാതു വിഭവങ്ങള്‍ അടങ്ങിക്കിടക്കുന്ന മണ്ണുകളിലൊന്ന് പാകിസ്താന്‍-അഫ്ഗാനിസ്താന്‍ മേഖലയിലാണ്. കോടികളുടെ സ്വര്‍ണവും ചെമ്പും ലിഥിയവുമെല്ലാം അടങ്ങിയ ഖനികള്‍ ഇവിടെയുണ്ട്. ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ തിളങ്ങാന്‍ ഈ മേഖലയ്ക്ക് സാധിക്കുമെങ്കിലും നിധി കുംഭത്തിന് മുകളിലുള്ള ജനങ്ങള്‍ ജീവിക്കുന്നത് പട്ടിണി കോലങ്ങളായിട്ടാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്‍ ഒടുവില്‍ സുപ്രധാനമായ തീരുമാനം എടുത്തു. തങ്ങളുടെ പ്രധാന സ്വര്‍ണഖനി സൗദി അറേബ്യയ്ക്ക് വിട്ടുകൊടുക്കാമെന്ന്. ചില കടമ്പകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ബാക്കിയെന്ന് പെട്രോളിയം മന്ത്രി മുസദ്ദിഖ് മാലിക് പറയുന്നു. എന്നാല്‍ വിലങ്ങുതടിയായി കനേഡിയന്‍ കമ്പനിയും മേഖലയിലുണ്ട്. കോടികളുടെ ആസ്തി മറഞ്ഞുകിടക്കുന്ന ഈ മേഖലയില്‍ ഉടന്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു...

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള റെക്കോ ദിഖ് ഖനിയിലാണ് ചെമ്പും സ്വര്‍ണവും. 590 കോടി ടണ്‍ ചെമ്പ് ഇവിടെയുണ്ട് എന്നാണ് കണക്ക്. 41.5 ദശലക്ഷം ഔണ്‍സ് സ്വര്‍ണവും. 40 വര്‍ഷം കുഴിച്ചെടുക്കാനുള്ള ചെമ്പും സ്വര്‍ണവും ഖനിയിലുണ്ട് എന്നാണ് വിദഗ്ധര്‍ കരുതുന്നത്. നിധി കാക്കുന്ന ഭൂതത്തെ പോലെ ഇരിക്കാനേ പാകിസ്താന് സാധിക്കുന്നുള്ളൂ.
സാമ്പത്തികമായി കടുത്ത വെല്ലുവിളി നേരിടുന്ന പാകിസ്താന് ഖനനത്തിന് വേണ്ടി വരുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ സാധിക്കില്ല. വിദേശ ശക്തികളുടെ സഹായം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. നിശ്ചിത ശതമാനം ഓഹരി മറ്റു രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തി, അവരുടെ കൂടെ സഹായത്തോടെ ഖനനം ആരംഭിക്കാമെന്നാണ് പാകിസ്താന്‍ പദ്ധതി. ഇതിന് അവര്‍ കണ്ടെത്തിയത് ഉറ്റരാജ്യമായ സൗദി അറേബ്യയെ ആണ്.
കനേഡിയന്‍ കമ്പനിയായ ബാരിക് ഗോള്‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനിയുടെ 50 ശതമാനം ഓഹരി. 25 ശതമാനം വീതം പാകിസ്താന്‍ ഫെഡറല്‍ സര്‍ക്കാരിനും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിനുമുണ്ട്. പാകിസ്താന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 15 ശതമാനം ഓഹരി സൗദി അറേബ്യയ്ക്ക് വില്‍ക്കാനാണ് ആലോചന.
ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും വില സംബന്ധിച്ച് ധാരണയായാല്‍ സൗദി അറേബ്യയുടെ സഹായത്തോടെ സ്വര്‍ണം കുഴിച്ചെടുക്കുമെന്നും പാക് അധികൃതര്‍ പറയുന്നു. സൗദി അറേബ്യയ്ക്ക് ഖനിയുടെ 15 ശതമാനം ഓഹരി വിറ്റുവെന്ന് കഴിഞ്ഞ ദിവസം ചില പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യം പെട്രോളിയം മന്ത്രി മുസദിഖ് മാലിക് നിഷേധിച്ചു.
54 കോടി ഡോളറിന് സൗദി അറേബ്യയ്ക്ക് 15 ശതമാനം ഓഹരി വില്‍ക്കാനാണ് സാധ്യത. മാത്രമല്ല, മേഖലയിലെ ധാതു ഖനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി സൗദി 15 കോടി ഡോളര്‍ കൂടി നല്‍കുമെന്നും പറയപ്പെടുന്നു.
2028ല്‍ ഖനനം ആരംഭിക്കുമെന്ന് ബാരിക് ഗോള്‍ഡ് അറിയിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 90 ദശലക്ഷം ടണ്‍ ഖനനം ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ചെമ്പിന്റെ വില പൗണ്ടിന് 2 ഡോളറില്‍ നിന്ന് 4 ഡോളറായി ഉയര്‍ന്നതോടെ കമ്പനി വലിയ പ്രതീക്ഷയിലാണ്.
ബാരിക് ഗോള്‍ഡും അന്റോഫഗസ്ത മിനറല്‍സും ചേര്‍ന്ന് സംയുക്ത സംരംഭമായി ടിസിസി എന്ന കമ്പനി രൂപീകരിച്ച് ഖനനം ആരംഭിക്കാന്‍ 2011ല്‍ തീരുമാനിച്ചെങ്കിലും പാകിസ്താന്‍ സര്‍ക്കാര്‍ ഉടക്കുവച്ചു. കമ്പനി അന്തര്‍ദേശീയ തര്‍ക്കപരിഹാര കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. പാകിസ്താന്‍ സര്‍ക്കാരിന് പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ പിഴത്തുക നല്‍കാന്‍ തയ്യാറാകാത്ത പാകിസ്താന്‍ സര്‍ക്കാര്‍ 2022ല്‍ ഖനിയുടെ ഓഹരി മൂന്നായി പകുത്ത് അന്തിമ തീരുമാനം എടുക്കുകയായിരുന്നു.












Click it and Unblock the Notifications