തുര്‍ക്കിയും സൗദി അറേബ്യയും റെഡി; ഹിജാസ് റെയില്‍വെ വീണ്ടും വരുന്നു, സിറിയ, ജോര്‍ദാന്‍ വഴി
റിയാദ്: സൗദി അറേബ്യയ്ക്കും തുര്‍ക്കിക്കുമിടയില്‍ റെയില്‍പാത വരുന്നു. ഒന്നാംലോക യുദ്ധകാലത്ത് നിര്‍മിച്ചിരുന്ന ഹിജാസ് റെയില്‍വെ പുനസൃഷ്ടിക്കുകയാണ് ഇരുരാജ്യങ്ങളും. സിറിയ, ജോര്‍ദാന്‍ വഴിയാണ് റെയില്‍പാത യാഥാര്‍ഥ്യമാകുക. ഇതോടൊപ്പം പാത കടന്നുപോകുന്ന മേഖലയുടെ വലിയ വികസനവും ഇവര്‍ സ്വപ്‌നം കാണുന്നുണ്ട്.
തുര്‍ക്കിയില്‍ നിന്ന് സൗദിയിലേക്ക് അതിവേഗ റെയില്‍പാത നിര്‍മിച്ചാല്‍ മേഖലയുടെ മുഖച്ഛായ മാറും. ഇസ്താംബൂളിനെ മക്കയും മദീനയുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഹിജാസ് റെയില്‍വെ. അതിന്റെ പുനരാവിഷ്‌കരണമാണ് സംഭവിക്കാന്‍ പോകുന്നത്. ഈ വര്‍ഷം റെയില്‍പാതയുടെ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു എന്ന് സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.

സൗദി അറേബ്യയുടെ ദേശീയ റെയില്‍പാത നിലവില്‍ ഹാദിത ക്രോസിങ് വഴി ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് എത്തിയിട്ടുണ്ട്. സൗദിയിലെ തുറമുഖങ്ങളും വ്യാപാര ഇടനാഴിയും ബന്ധിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതോടൊപ്പം റെയില്‍പാത യാഥാര്‍ഥ്യാമായാല്‍ വലിയ നേട്ടമാകും. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ സൗദിയിലെ തുറമുഖം വഴി വിവിധ നഗരങ്ങളിലേക്ക് എത്തിക്കാനും അതുവഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനും പാതയിലൂടെ സാധിക്കും.
ഹിജാസ് റെയില്‍വെ സംബന്ധിച്ച് അറിയാം
1900നും 1908നുമിടയില്‍ തുര്‍ക്കിയില്‍ നിന്ന് മദീനയിലേക്ക് നിര്‍മാണം തുടങ്ങിയ റെയില്‍ പാതയാണ് ഹിജാസ് റെയില്‍വെ. 1322 കിലോമീറ്റര്‍ ദൂരത്തില്‍ പാത നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് സിറിയയിലെ ദമസ്‌കസിലേക്കും ശേഷം ജോര്‍ദാനിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതുമാണ് പാത.
ദമസ്‌കസ് അക്കാലത്ത് പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ ദമസ്‌കസിനെ ബന്ധിപ്പിച്ചായിരുന്നു പാത ലക്ഷ്യമിട്ടിരുന്നത്. വടക്കുഭാഗത്ത് അലപ്പോയും തുര്‍ക്കിയും പടിഞ്ഞാറ് ഭാഗത്ത് ലബ്‌നാന്‍ ഇതിന്റെ ഭാഗമാക്കാനും ആലോചിച്ചു. എന്നാല്‍ ഒന്നാംലോക യുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനിടെ പാത തകര്‍ത്തു.
കഴിഞ്ഞ സെപ്തംബറില്‍ തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഹിജാസ് റെയില്‍വെ പുനര്‍നിര്‍മാണത്തിന് ധാരണയുണ്ടാക്കി. തെക്കന്‍ യൂറോപ്പില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കു ചരക്കുകള്‍ എത്തിക്കുകയും ലക്ഷ്യമായിരുന്നു. തുര്‍ക്കി-സിറിയ-ജോര്‍ദാന്‍ പാത തയ്യാറായാല്‍ സൗദിയിലെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് ആലോചന.
തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറലോഗ്ലു, സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ശയ്ബാനി എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കിയില്‍ നിന്ന് കരമാര്‍ഗം സൗദിയിലേക്ക് എത്താന്‍ സാധിച്ചാല്‍ മേഖലയിലെ വാണിജ്യ-ഗതാഗത രംഗത്ത് വന്‍ കുതിച്ചു ചാട്ടമായിരിക്കും. അതോടൊപ്പം അറബ് ഗ്യാസ് പൈപ്പ്‌ലൈന്‍, വൈദ്യുതീകരണം എന്നിവയും ആലോചനയിലുണ്ട്.















Click it and Unblock the Notifications