സൗദി അറേബ്യ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കും; പക്ഷേ, ഒരു നിബന്ധന, പ്രതികരിച്ച് വിദേശകാര്യ മന്ത്രി
റിയാദ്: ഗള്‍ഫ് മേഖലയില്‍ നിന്ന് രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. യുഎഇയും ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണം. നിലവില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തമാണ്. എന്നാല്‍ അടുത്തിടെ സംഘര്‍ഷ സാഹചര്യമുണ്ടായപ്പോള്‍ ഇസ്രായേലിനെ യുഎഇ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
1948ല്‍ നടന്ന ഇസ്രായേല്‍ രൂപീകരണം പലസ്തീന്‍കാര്‍ക്ക് അവരുടെ ഭൂമി നഷ്ടമാകാന്‍ കാരണമായിരുന്നു. അവരെ കുടിയിറക്കിയായരുന്നു ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത്. ഇത് അറബ് ലോകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ പല തവണ യുദ്ധമുണ്ടാകുകയും ചെയ്തു. എന്നാല്‍ ചില അറബ് രാജ്യങ്ങള്‍ പിന്നീട് നയം മാറ്റി. ഈജിപ്തും ജോര്‍ദാനുമായിരുന്നു ആദ്യം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.

മൊറോക്കോ, സുഡാന്‍ എന്നീ മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരുകാലത്ത് ഇറാനുമായി ഇസ്രായേലിന് ബന്ധമുണ്ടായിരുന്നു എങ്കിലും 1979ലെ ഇസ്ലാമിക വിപ്ലവത്തോടെ അവസാനിച്ചു. സൗദി അറേബ്യയുമായി ബന്ധം സ്ഥാപിച്ചാല്‍ മാത്രമാണ് ഇസ്രായേലിന് കൂടുതല്‍ നേട്ടമുണ്ടാകുക. അറേബ്യയിലെ പ്രധാന സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് അബ്രഹാം കരാര്‍ ട്രംപ് തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവച്ചവരാണ് യുഎഇയും ബഹ്‌റൈനും സുഡാനും മൊറോക്കോയും. സൗദി അറേബ്യ കൂടി കരാറിന്റെ ഭാഗമാകണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇതുവരെ സൗദി നിലപാട് മയപ്പെടുത്തിയിട്ടില്ല.
എന്നാല്‍, കഴിഞ്ഞ ദിവസം സൗദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിഷയത്തില്‍ പ്രതികരിച്ചു. പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സെപ്തംബറില്‍ പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞ പിന്നാലെയാണ് സൗദി മന്ത്രിയുടെ പ്രതികരണം.
യുഎഇയുമായി ബന്ധം സ്ഥാപിച്ച പിന്നാലെ സൗദിയുമായും ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. സൗദിയുടെ വ്യോമപാത തുറന്നുകിട്ടിയാല്‍ ഇസ്രായേിന് വലിയ നേട്ടമാകും. മാത്രമല്ല, സാമ്പത്തിക-വ്യാപാര സഹകരണം കൂടി ലഭിച്ചാല്‍ ഗുണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയ വേളയിലാണ് 2023ല്‍ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതും.
ഇതോടെ അറബ് മേഖലയിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റംവന്നു. ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെട്ടു. സൗദി അറേബ്യ അതുവരെ നടത്തിവന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റിനൊപ്പം യുഎന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൗദി മന്ത്രി ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യം എന്ന് ആവര്‍ത്തിച്ചത്. പലസ്തീന്‍ രാജ്യമുണ്ടാക്കുന്നതിന് അനുവദിക്കില്ല എന്നാണ് ഇസ്രായേലിന്റെ ഇതുവരെയുള്ള നിലപാട്.












Click it and Unblock the Notifications