സൗദി അറേബ്യ ഇന്ത്യക്കും പണി തരുമോ? ക്രൂഡ് ഓയിലിലെ തീരുമാനം ഉടന്‍; ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നത്
ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില വീണ്ടും ഉയർത്താന്‍ സൗദി അറേബ്യ. അമേരിക്കന്‍ ഉപരോധം ശക്തമാക്കിയതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെടുമെന്ന ആശങ്കകള്‍ ശക്തമാകുന്നതിന് ഇടയിലാണ് നിരക്ക് ഉയർത്താനുള്ള സൗദിയുടെ നീക്കം. റഷ്യയില്‍ നിന്നുള്ള വരവ് കുറഞ്ഞാല്‍ സൗദി അറേബ്യയും ഇറാഖും അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഇന്ത്യക്കുള്‍പ്പെടെ ക്രൂഡ് ഓയിലിനായി കൂടുതല്‍ ആശ്രയിക്കേണ്ടി വരും.
ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ മാർച്ചിൽ തങ്ങളുടെ മുൻനിര അറബ് ലൈറ്റ് ഗ്രേഡിന്റെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില്‍പ്പന വില ബാരലിന് 2.50 ഡോളർ വരെ അധികമായി ഉയർത്തുമെന്നാണ് അന്തരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അരാംകോ എല്ലാ ഗ്രേഡുകൾക്കുമുള്ള വില്‍പ്പന വില ബാരലിന് 3 ഡോളർ വർദ്ധിപ്പിക്കുമെന്ന മറ്റൊരു റിപ്പോർട്ടും ഇതിനിടെ തന്നെ പുറത്ത് വന്നിട്ടുണ്ട്.

അടുത്ത ആഴ്ച സൗദി അറേബ്യ പ്രതീക്ഷിച്ചതുപോലെ എണ്ണ വില വർധിക്കുകയാണെങ്കിൽ, അറബ് ലൈറ്റിന്റെ വില ഒമാൻ/ദുബായ് ശരാശരിയേക്കാൾ ബാരലിന് കുറഞ്ഞത് 3.50 ഡോളറായി ഉയർന്നേക്കാം. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്ന ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കാൻ ഈ വിലയാണ് സൗദി അറേബ്യ അടിസ്ഥാനമാക്കാറുള്ളത്.
ഈ മാസം ആദ്യവും സൗദി അറേബ്യ ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ നിരക്ക് ഉയർത്തിയിരുന്നു. പുതിയ വർധനവോടെ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലായിരിക്കും സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ എത്തുക. സൗദി അറേബ്യ സാധാരണയായി ഓരോ മാസവും അഞ്ചാം തീയതിയോടെയാണ് അടുത്ത മാസത്തേക്കുള്ള ക്രൂഡ് ഓയിൽ വില പ്രഖ്യാപിക്കുക.
വില്‍പ്പന വില വർധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയില്‍ സൗദിയില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റിഫൈനറികള്‍. ഇതിന് ഇടയിലാണ് വില്‍പ്പന വില വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
അതേസമയം, ഡിസംബർ മാസത്തില്‍ ഈ വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഇറക്കുമതിയായിരുന്നു റഷ്യയില്‍ നിന്നും ഉണ്ടായത്. ഡിസംബറിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.44 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. നവംബറില്‍ ഇത് 1.78 ദശലക്ഷം ബി പി ഡിയായിരുന്നു. ഇക്കാലയളവില്‍ ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക് 1.23 ദശലക്ഷം ബി പി ഡിയും സൗദി അറേബ്യയില്‍ നിന്നും 582000 ബി പി ഡി ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്തു.
ഡിസംബറിൽ ഇന്ത്യ ആകെ 4.8 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. 4.7 ബി പി ഡിയായിരുന്നു നവംബറിലെ ഇറക്കുമതി. കഴിഞ്ഞ മാസം യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വിവിഹിതത്തിലും വർധനവുണ്ടായി.












Click it and Unblock the Notifications