സൗദി അറേബ്യ ക്രിക്കറ്റ് കളത്തില്‍; പുതിയ ടി20 വരുന്നു, എട്ട് ടീമുകളെ നിരത്തി ഐപിഎല്‍ മോഡല്‍
റിയാദ്: കായിക പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ ടി20 ക്രിക്കറ്റ് ലീഗ് വരുന്നു. സൗദി അറേബ്യയുടെ എസ്ആര്‍ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റാണ് ഇതിന് പിന്നില്‍. കായിക മേഖലയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്ന സൗദി അറേബ്യ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ക്രിക്കറ്റിലും കളം നിറയുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ നീല്‍ മാക്‌സ്‌വെല്‍ ആണ് പുതിയ കായിക മാമാങ്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. പദ്ധതികള്‍ തയ്യാറാക്കുന്നതും നടപ്പാക്കുന്നതും മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തിലാണ് എന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രാന്റ് സ്ലാം ടെന്നിസ് മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടംഗ ടീമിനെ വച്ച് പുതിയ ലീഗ് ആംഭിക്കുന്നത്.

സൗദി അറേബ്യയില്‍ മാത്രമായിരിക്കില്ല മല്‍സരങ്ങള്‍. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാകും. 50 കോടി ഡോളര്‍ സൗദി അറേബ്യ പുതിയ ലീഗിന് വേണ്ടി നിക്ഷേപിക്കുമെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. സൗദി അറേബ്യയാണ് സാമ്പത്തിക പിന്തുണ എന്നതിനാല്‍ കൂടുതല്‍ ടീമുകളും താരങ്ങളും ലീഗിലേക്ക് ആകര്‍ഷിച്ചേക്കാം. ഐസിസിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണത്രെ.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന്റെ കേന്ദ്രങ്ങളില്‍ നിന്ന് മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിനോദത്തെ എത്തിക്കുക. അതുവഴി വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഓസ്ട്രിലേയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ പിന്തുണയും പുതിയ ടി20ക്ക് ഉണ്ടെന്നാണ് വിവരം. അതിനെല്ലാം പുറമെ എടുത്തു പറയേണ്ടത് സൗദി അറേബ്യയുടെ പുതിയ സംരംഭങ്ങളാണ്.
2034ലെ ഫുട്‌ബോള്‍ ലോകകപ്പ്
കായിക മേഖലയിലെ ഓരോ രംഗത്തും സൗദി അറേബ്യ സാന്നിധ്യം അറിയിക്കുകയാണ്. ഗോള്‍ഫ്, കാര്‍ മല്‍സരയോട്ടം, റസ്ലിങ് എന്നിവയ്ക്ക് പുറമെ 2034ലെ ഫുട്‌ബോള്‍ ലോകകപ്പ് എന്നിവയില്‍ സാന്നിധ്യമറിയിക്കാന്‍ തീരുമാനിച്ച ശേഷമാണ് സൗദി അറേബ്യ ക്രിക്കറ്റ് കളത്തിലും ഇറങ്ങുന്നത്. മറ്റു മല്‍സരങ്ങളെ ബാധിക്കാത്ത വിധമുള്ള ക്രിക്കറ്റ് ഷെഡ്യൂള്‍ തയ്യാറാക്കുന്നതാണ് പുതിയ വെല്ലുവിളി.
ഐപിഎല്‍, ബിബിഎല്‍ എന്നീ മല്‍സരങ്ങളെ നേരിയ തോതില്‍ പുതിയ ടി20 ഷെഡ്യൂള്‍ ബാധിച്ചേക്കാം. പുരുഷ, വനിതാ താരങ്ങളുടെ മല്‍സരം ആലോചനയിലുണ്ട്. എല്ലാ മല്‍സരങ്ങളുടെയും ഫൈനല്‍ സൗദി അറേബ്യയില്‍ ആയിരിക്കും. ലോക ക്രിക്കറ്റ് പ്രേമികളെ സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഐസിസിയുടെ അനുമതി ലഭിക്കുക എന്നതാണ് അടുത്ത കടമ്പ.
ഐപിഎല്ലിന് പുറമെയുള്ള ടി20 മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നതിന് നിലവില്‍ ബിസിസിഐയുടെ വിലക്കുണ്ട്. പുതിയ ലീഗ് വരുന്നതോടെ ഇക്കാര്യത്തില്‍ മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്. സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമാണ്. മൂന്ന് രാജ്യങ്ങളും ക്രിക്കറ്റ് പ്രേമികളുടേതാണ്. അതുകൊണ്ടുതന്നെ ഫൈനല്‍ മല്‍സരങ്ങള്‍ സൗദിയില്‍ നടത്തുന്നതിലൂടെ വന്‍ വിജയമാക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കരുതല്‍.












Click it and Unblock the Notifications