'ഇങ്ങനെ പോയാല്‍ എണ്ണവില 50ല്‍ എത്തും'.. സൗദി അറേബ്യ ഭയപ്പെട്ടത് സംഭവിച്ചില്ല; കളിച്ചത് 3 രാജ്യങ്ങള്‍
ദുബായ്: കോടികളുടെ പ്രൊജക്ടുകളാണ് ജിസിസി രാജ്യങ്ങളില്‍ പുരോഗമിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സുപ്രധാന പദ്ധതികള്‍ പ്രവാസികള്‍ക്കും നേട്ടമുള്ളതാണ്. ഈ രാജ്യങ്ങളെല്ലാം അസംസ്‌കൃത എണ്ണ വിലയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവരാണ്. ഇവരുടെ പ്രധാന വരുമാനം എണ്ണയില്‍ നിന്നാണ്.
എണ്ണവില താഴോട്ട് വരുന്നതായിരുന്നു കഴിഞ്ഞാഴ്ച വരെയുള്ള ട്രെന്‍ഡ്. ആവശ്യത്തിലധികം എണ്ണ വിപണിയില്‍ എത്തിയതായിരുന്നു ഇതിനുള്ള ഒരു കാരണം. മാത്രമല്ല, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കുറയുകയും ചെയ്തു. ഈ രണ്ട് മാറ്റങ്ങള്‍ എണ്ണ വില ബാരലിന് 70 ഡോളറിന് താഴെ എത്തിച്ചു. ഈ വേളയില്‍ സൗദി അറേബ്യയുടെ ഊര്‍ജ വകുപ്പ് മന്ത്രി ഒപെക് യോഗത്തില്‍ പൊട്ടിത്തെറിച്ചു എന്നായിരുന്നു വാര്‍ത്ത.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. റഷ്യ, കസാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒപെകില്‍ അംഗമല്ല. എങ്കിലും ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവരും ഐക്യത്തോടെ നീങ്ങുന്നതിനാലാണ് എണ്ണ വിപണിയില്‍ സന്തുലിതത്വം നിലനില്‍ക്കുന്നത്. അടുത്തിടെ ഇതില്‍ മാറ്റം വന്നു. ഇതാണ് സൗദി മന്ത്രിയെ ചൊടിപ്പിച്ചത്.
ഓരോ അംഗരാജ്യങ്ങള്‍ക്കും എത്രത്തോളം ഉല്‍പ്പാദിപ്പിക്കാം എന്ന കാര്യത്തില്‍ കൃത്യമായ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഈ നിര്‍ദേശം ലംഘിച്ച് ചില രാജ്യങ്ങള്‍ അമിതമായി ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു എന്നാണ് സൗദി മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഒപെക് യോഗത്തില്‍ പറഞ്ഞത്. തോന്നിയ പോലെ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തിയാല്‍ ക്രൂഡ് വില 50 ഡോളറിലെത്തുമെന്നും എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുമെന്നും മന്ത്രി താക്കീത് നല്‍കി എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.
ഇറാഖ്, കസാക്കിസ്താന്‍ എന്നീ രാജ്യങ്ങളെ ഉന്നമിട്ടാണ് സൗദി മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റഷ്യയും ഉല്‍പ്പാദനം കൂട്ടി ലാഭം കൊയ്യുന്നുണ്ട്. ഒപെക് കൂട്ടായ്മയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ക്വാട്ട ലംഘിച്ച് ഉല്‍പ്പാദിപ്പിച്ചാല്‍ വിപണിയിലെത്തുന്ന എണ്ണയില്‍ സന്തുലിതത്വമുണ്ടാകില്ല. വില ഇടിഞ്ഞാല്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നതാണ് സൗദി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ നടത്തുന്ന നീക്കങ്ങള്‍ ഇപ്പോള്‍ എണ്ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയതും തിരിച്ചടിക്ക് ഇസ്രായേല്‍ ഒരുങ്ങുന്നുവെന്ന വിവരങ്ങളും മേഖലയില്‍ അശാന്തി പരത്തിയിരിക്കുകയാണ്. പലസ്തീന്‍, ലബനാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. എണ്ണ ചരക്കുകടത്ത് പ്രതിസന്ധിയിലാകുമെന്ന സൂചനയുണ്ട്. ഇതാണ് വില 78 ഡോളറിലേക്ക് കുതിക്കാന്‍ കാരണം. ഒരു തരത്തില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ഈ വില വര്‍ധന ആശ്വാസമാണ്. പക്ഷേ, മറുഭാഗത്ത് യുദ്ധം തുടരുന്നത് മനുഷ്യരാശിക്ക് ആശങ്ക സമ്മാനിക്കുന്നു.
എണ്ണവില ബാരലിന് 96.20 ഡോളര്‍ വരെ ഉയര്‍ന്നാല്‍ സൗദി അറേബ്യയ്ക്ക് നേട്ടമാകുമെന്ന് ഐഎംഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷന്‍ 2030 എന്ന പ്രൊജക്ട് സൗദിയില്‍ പുരോഗമിക്കുകയാണ്. ഒട്ടേറെ നിര്‍മാണ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. വില കുറയാതിരിക്കാന്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനും സൗദി മുന്നിലുണ്ടായിരുന്നു. അതിനിടെയാണ് ചില രാജ്യങ്ങള്‍ ക്വാട്ട ലംഘിച്ചത്.












Click it and Unblock the Notifications