സൗദി അരാംകോ പ്രതിസന്ധിയില്‍; ഇന്ത്യയുടെ മോഹം പാതി നടന്നപ്പോള്‍ പെട്ടത് സൗദി, ലാഭം ഇടിഞ്ഞു
റിയാദ്: ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ഇവരുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ. സൗദിയുടെ ബജറ്റിന്റെ താളം പോലും തീരുമാനിക്കുക അരാംകോയുടെ ലാഭവും മികച്ച പ്രകടനവുമാണ്. എന്നാല്‍ അരാംകോ വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് പുതിയ വിവരം. കമ്പനിയുടെ ലാഭവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു.
2024ല്‍ അരാംകോയുടെ ലാഭത്തില്‍ വലിയ ഇടിവുണ്ടായി എന്നാണ് പുതിയ വിവരം. ഇതിന്റെ ഫലമായി നടപ്പ് വര്‍ഷം ഓഹരികളുടെ ലാഭവിഹിതത്തിലും ഇടിവുണ്ടാകുമെന്ന് കമ്പനി സൂചിപ്പിച്ചു. അരാംകോയുടെ ലാഭവിഹിതം ഇടിയുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. കാരണം ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ലാഭകരമല്ല എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

2022ല്‍ അരാംകോ പുറത്തുവിട്ട ലാഭവിഹിതം 97.78 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2023ല്‍ 121.3 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. എന്നാല്‍ 2024ല്‍ 106.2 ബില്യണ്‍ ആയി ഇടിയുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ നടപ്പ് വര്‍ഷം നല്‍കുന്ന ലാഭവിഹിതത്തില്‍ വലിയ കുറവ് നേരിടുമെന്ന് കമ്പനിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്താണ് ലാഭം കുറയാനുള്ള കാരണം എന്നറിയാമോ...
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് അരാംകോയുടെ ലാഭം ഇടിയാന്‍ ഒരു കാരണം. ക്രൂഡ് ഓയിലിനുള്ള ആവശ്യവും കുറഞ്ഞിട്ടുണ്ട് എന്നത് രണ്ടാമത്തെ കാര്യം. 2024ല്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളര്‍ ആയിരുന്നു ശരാരശി വില. 2023ല്‍ 82 ഡോളര്‍ ആയിരുന്നു. ക്രൂഡ് വില ബാരലിന് 96 ഡോളര്‍ എങ്കിലും എത്തണം എന്നാണ് സൗദി അറേബ്യയുടെ നിലപാട്.
എന്നാല്‍ ഈ വിലയിലേക്ക് എത്തിയില്ല എന്ന് മാത്രമല്ല, ഇടയ്ക്ക് ബാരലിന് 70 ഡോളറിലേക്ക് ഇടിയുകയും ചെയ്തു. എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും സൗദി അറേബ്യയ്ക്ക് ഉണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതാകുന്നു എന്നതാണ് പുതിയ മാറ്റം. ഇറാഖ് വിപണിയില്‍ സജീവമായതോടെ കൂടുതല്‍ എണ്ണ എത്തുന്നുണ്ട്. മാത്രമല്ല, സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ റഷ്യ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതും സൗദിക്ക് തിരിച്ചടിയായി.
കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കണം എന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കന്‍ കമ്പനികളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വെനസ്വേലയുടെയും ഇറാന്റെയും എണ്ണ കൂടി പൂര്‍ണമായ തോതില്‍ വിപണിയില്‍ എത്തിയാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും കുറയും. എന്നാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം നില്‍ക്കുന്നതാണ് വ്യാപാരത്തിന് തടസം.
ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും ഇന്ത്യയും. ചൈനയില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ കൂടുതലായി ഇറങ്ങുന്നതിനാല്‍ എണ്ണയ്ക്കുള്ള ആവശ്യം കുറഞ്ഞിട്ടുണ്ടത്രെ. ഇന്ത്യയാകട്ടെ, റഷ്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിങ്ങനെ പോകുന്നു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍. ക്രൂഡ് ബാരലിന് 70 ഡോളറില്‍ താഴെ നില്‍ക്കണം എന്നാണ് ഇന്ത്യയുടെ താല്‍പ്പര്യം.
സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടുകയും വില കുറയ്ക്കുകയും ചെയ്യണം എന്നാണ് ഇന്ത്യയുടെ നിലപാട്. വില കുറയുന്നത് ഇന്ത്യയുടെ താല്‍പ്പര്യത്തിന് അനുകൂലമാണ്. എന്നാല്‍ സൗദിക്ക് തിരിച്ചടിയുമാണ്. കുര്‍ദിസ്താന്‍ മേഖലയില്‍ നിന്ന് എണ്ണ ഉല്‍പ്പാദനം കൂട്ടാനും എണ്ണക്കുഴല്‍ വഴി തുര്‍ക്കിയിലൂടെ വിദേശത്ത് എത്തിക്കാനും ഇറാഖ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ക്രൂഡ് വില ഇനിയും കുറഞ്ഞേക്കും. ഇത് സൗദിക്ക് കൂടുതല്‍ തിരിച്ചടിയാകും.












Click it and Unblock the Notifications