സൗദി അറേബ്യയിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും: ട്രംപ് വരുന്നത് വന്‍ പ്രഖ്യാപനത്തിനായി
അമേരിക്ക സൗദി അറേബ്യയുമായി വമ്പന്‍ ആയുധ കരാറിനായി ഒരുങ്ങുന്നതായി റിപ്പോർട്ട്. മെയ് മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കാനായി എത്തുന്നുണ്ട്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സൗദി അറേബ്യന്‍ സന്ദർശനമാണിത്. ഈ സന്ദർശന വേളയില്‍ ഡൊണാൾഡ് ട്രംപ് സൗദിയുമായുള്ള 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ കരാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്ക്ഹീഡ് മാർട്ടിൻ, ആർടിഎക്സ് കോർപ്പ്, ബോയിങ്, നോർത്ത്റോപ്പ് ഗ്രുമ്മാൻ, ജനറൽ അറ്റോമിക്സ് തുടങ്ങിയ പ്രമുഖ യുഎസ് പ്രതിരോഷ കമ്പനികൾ ഈ കരാറിൽ പങ്കാളികളാകുമെന്നും അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സി-130 വിമാനങ്ങൾ, മിസൈലുകൾ, റഡാർ സംവിധാനങ്ങൾ, 20 ബില്യൺ ഡോളർ വിലമതിക്കുന്ന ജനറൽ അറ്റോമിക്സിന്റെ MQ-9B സീഗാർഡിയൻ ഡ്രോണുകൾ എന്നിവ കരാറിന്റെ ഭാഗമായി അമേരിക്ക സൗദി അറേബ്യക്ക് കൈമാറും.

നേരത്തെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം സൗദിയുമായി ഒരു പ്രതിരോധ ഉടമ്പടി രൂപീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്തിമ കരാർ ഒപ്പിടുന്നതിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. സൗദിക്ക് അമേരിക്ക അധിക ആയുധങ്ങൾ നൽകുന്നതിന് പകരമായി ചൈനയില്‍ നിന്നുള്ള ആയുധ വാങ്ങലുകൾ നിർത്താനും ബീജിംഗിന്റെ നിക്ഷേപം പരിമിതപ്പെടുത്തണമെന്നുള്ള നിർദേശവും മുന്നോട്ട് വെച്ചതാണ് ബൈഡന്റെ കാലത്ത് കരാർ ലക്ഷ്യത്തില്‍ എത്താതെ പോയതിന് പിന്നിലുള്ള പ്രധാന കാരണം.
ട്രംപിന്റെ കരാറിൽ ചൈനയുമായുള്ള ഇടപാട് കുറക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. 2017-ലെ തന്റെ ആദ്യ അധികാര കാലയളവില്‍ ട്രംപ് 110 ബില്യൺ ഡോളറിന്റെ സൗദിക്ക് ആയുധ വിൽപ്പന നിർദ്ദേശിച്ചിരുന്നെങ്കിലും 2018-ൽ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് അമേരിക്കന്‍ കോൺഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു.
2021-ൽ ബൈഡൻ ഭരണകൂടം യെമൻ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടി സൗദിക്ക് ആക്രമണ ആയുധങ്ങള്‍ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. പിന്നീട് 2024 ലാണ് ഈ നിരോധനം നീക്കുന്നത്. ഇതോടൊപ്പം തന്നെയാണ് ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിൽ സൗദിയെ പങ്കാളിയാക്കുകയും ചെയ്യുന്നത്.
ലോക്ക്ഹീഡിന്റെ എഫ്-35 യുദ്ധവിമാനങ്ങൾ സൗദി അമേരിക്കയില്‍ നിന്നും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ സന്ദർശന വേളയിൽ ഇത് സംബന്ധിച്ച കരാറിലേക്ക് എത്താന്‍ സാധ്യതയില്ല. അതേസമയം യുഎസ് നിയമപ്രകാരം, പ്രധാന ആയുധ കരാറുകൾ കോൺഗ്രസിന്റെ അവലോകനത്തിന് വിധേയമാണ്. സൗദിയുമായുള്ള കരാറിനും കോണ്‍ഗ്രസിന്റെ നിലപാട് നിർണ്ണായകമായിരിക്കും.
കരാർ നിലവില്‍ വരുന്നത് യുഎസ്-സൗദി പ്രതിരോധ സഹകരണത്തെ ശക്തിപ്പെടുത്തുമെന്നാണ് ഒരു യുഎസ് പ്രതിരോഷ വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. അതേസമയം, 100 മില്യൺ ഡോളർ വിലമതിക്കുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങള്‍ സൗദി അറേബ്യയ്ക്ക് കൈമാറാന്‍ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയതായി പെന്റഗണ്‍ മാർച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.
വായുവിലും കരയിലും ജലത്തിലുമുള്ള ലക്ഷ്യങ്ങള്‍ തകർക്കാന്‍ സാധിക്കുന്ന ലേസർ-ഗൈഡഡ് റോക്കറ്റാണ് അമേരിക്ക സൗദി അറേബ്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം. 'ഈ വിൽപ്പന സൗദി അറേബ്യയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും മറ്റ് ഗൈഡഡ് മിസൈൽ സംവിധാനങ്ങളെ അപേക്ഷിച്ച് കൊളാറ്ററൽ നാശനഷ്ടങ്ങൾ വളരെ കുറവും ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവുമുള്ളതാണ്' എന്നാണ് പെന്റഗണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.












Click it and Unblock the Notifications