ഉംറ തീർത്ഥാടകർ ശ്രദ്ധിക്കുക! ഏപ്രിൽ 29-നകം രാജ്യം വിടണം; മുന്നറിയിപ്പുമായി സൗദി അറേബ്യ
സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ഔദ്യോഗികമായി ആരംഭിച്ചതിന്റെ ഭാഗമായി വിദേശത്തുനിന്ന് എത്തുന്ന ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശങ്ങളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും വരാനിരിക്കുന്ന വലിയ തിരക്ക് നിയന്ത്രിക്കുന്നതിനും ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് മന്ത്രാലയം പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, വിദേശത്തുനിന്ന് ഉംറ നിർവഹിക്കാൻ എത്തിയ തീർത്ഥാടകർ ദുൽ ഖഅദ മാസം ഒന്നാം തീയതിക്ക് (ഏപ്രിൽ 29) മുൻപായി സൗദി അറേബ്യയിൽ നിന്ന് തിരിച്ചുപോകേണ്ടതാണ്. ഹജ്ജ് സീസണിന് മുന്നോടിയായി വിദേശ പൗരന്മാരുടെ മടക്കം ഉറപ്പാക്കുന്നതിലൂടെ തീർത്ഥാടന കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഇതിന് പുറമെ, ഉംറ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ 15 (ഏപ്രിൽ 13) ആയി നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഈ തീയതിക്ക് ശേഷം പുതിയ ഉംറ വിസകൾ അനുവദിക്കുകയോ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയോ ചെയ്യില്ല.

വിസ നിയമങ്ങൾ ലംഘിച്ച് നിശ്ചിത തീയതിക്ക് ശേഷവും രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകർക്ക് ഒരു ലക്ഷം സൗദി റിയാൽ വരെ പിഴ ചുമത്താനും തുടർന്ന് നാടുകടത്താനും സാധ്യതയുണ്ട്. കൂടാതെ, ഭാവിയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. തീർത്ഥാടകർ വിസ കാലാവധിക്കുള്ളിൽ തന്നെ മടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ട്രാവൽ ഏജൻസികൾക്കും സർവീസ് പ്രൊവൈഡർമാർക്കും മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനത്തിന്റെ സുരക്ഷിതത്വവും ക്രമീകരണങ്ങളും മുൻനിർത്തി ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസിറ്റ് വിസകൾ നൽകുന്നത് സൗദി ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിസിറ്റ് വിസയിലോ ഉംറ വിസയിലോ എത്തുന്നവർ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ശ്രമിക്കുന്നത് തടയാനും കൃത്യമായ ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രം സൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നത്.












Click it and Unblock the Notifications