സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും
റിയാദ്: ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ സാധിക്കാതെ പ്രയാസത്തിലാണ് സൗദി അറേബ്യയും യുഎഇയും ഇറാഖും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. യുദ്ധ സാധ്യത കണ്ട് ക്രൂഡ് ഓയിലിന് കൂടുതല്‍ ആവശ്യം വരുമെന്ന് സൗദി കരുതിയിരുന്നു. അവര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെയാണ് സൗദി കുടുങ്ങിയത്. അമിതമായി ഉല്‍പ്പാദിപ്പിച്ച ക്രൂഡ് ഓയിലും മറ്റും കെട്ടിക്കിടക്കുകയാണ്. ശനിയാഴ്ച ഹോര്‍മുസ് വഴി വെറും മൂന്ന് കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഇതില്‍ ഒന്ന് മാത്രമാണ് എണ്ണ കപ്പല്‍. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ എങ്ങനെ വില്‍ക്കുമെന്ന് തലപുകയ്ക്കുകയാണ് സൗദി അറേബ്യ. ഏക വരുമാന മാര്‍ഗമാണ് അടയുന്നത്...

സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം ക്രൂഡ് ഓയിലില്‍ നിന്നാണ്. ഇവ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതോടെ സൗദി അറേബ്യ സാമ്പത്തിക ഞെരുക്കത്തിലാകും. മാത്രമല്ല, ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇടയ്ക്ക് സൗദിയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വരുന്നുമുണ്ട്. ശൈബ എണ്ണപ്പാടത്തിന് നേരെ വന്ന ഡ്രോണുകള്‍ വെടിവച്ചിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില്‍പ്പന ഏത് രീതിയിലും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം. രണ്ട് പദ്ധതികളാണ് സൗദി അറേബ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ് സൗദി. അപൂര്‍വമായി മാത്രമേ സൗദി ഇത്തരം വില്‍പ്പന നടത്താറുള്ളൂ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൂഡ് ഓയിലിന്റെ സ്‌പോട്ട് വില്‍പ്പന എന്നാല്‍ എന്താണ്
സ്‌പോട്ട് വില്‍പ്പന നടത്തിയാല്‍ വേഗത്തില്‍ എണ്ണ കൈമാറേണ്ടി വരും. അമിതമായി ഉല്‍പ്പാദിപ്പിച്ചതിനാല്‍ സൗദിക്ക് അത് സാധിക്കും. നിലവിലുള്ള വിപണി വില അടിസ്ഥാനമാക്കിയാണ് ഈ വില്‍പ്പന നടക്കുക. ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റിലാണ് സാധാരണ വില്‍പ്പന നടന്നിരുന്നത്. ഭാവിയിലെ ഒരു തിയ്യതി വച്ച് ധാരണയായ വില അടിസ്ഥാനമാക്കിയാകും ഇവിടെ വില്‍പ്പന. അതിന് വിപരീതമായിട്ടാണ് സ്‌പോട്ട് മാര്‍ക്കറ്റിലെ കാര്യങ്ങള്‍.
സൗദി അറേബ്യയുടെ മറ്റൊരു പദ്ധതി യാമ്പുവിലെത്തിച്ച് ക്രൂഡ് ഓയില്‍ ചെങ്കടല്‍ വഴി കയറ്റുമതി ചെയ്യുക എന്നതാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ക്രൂഡ് ഓയില്‍ കേന്ദ്രങ്ങളില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി യാമ്പുവിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. സാധാരണ കയറ്റുമതി ചെയ്യുന്ന അത്രയും എണ്ണ പൈപ്പ് ലൈന്‍ വഴി എത്തിക്കാന്‍ സാധിക്കില്ല. എങ്കിലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കാം എന്നുമാത്രം. ഇത് കൂടാതെ രണ്ട് എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി അരാംകോ തീരുമാനിച്ചു.
ക്രൂഡ് ഓയില്‍ വില്‍പ്പന അസാധ്യമായതോടെ വിപണിയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 115 ഡോളര്‍ വരെ ഉയര്‍ന്നു. മറ്റു ക്രൂഡുകള്‍ക്കും വില കൂടിയിട്ടുണ്ട്. ഇറാന്‍ ഹോര്‍മുസ് പാത ഉടന്‍ തുറക്കുമെന്ന് ഉറപ്പില്ല. മാത്രമല്ല, ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ കൂട്ടമായി ആക്രമിക്കുകയും ചെയ്തു. ഇതോടെയാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്.












Click it and Unblock the Notifications